കോവിഡ് രോഗമുക്തി നേടി 8 മാസങ്ങള്‍ക്കു ശേഷവും പത്തില്‍ ഒരാള്‍ക്ക് എങ്കിലും ദീര്‍ഘകാല രോഗലക്ഷണങ്ങള്‍ തുടരുന്നതായി പഠനം. മണവും രുചിയും നഷ്ടമാകുന്നത് ഉള്‍പ്പെടെ തീവ്രമല്ലാത്തതും തീവ്രമായതുമായ നിരവധി ലക്ഷണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതെന്ന് സ്വീഡനിലെ ഡണ്‍ഡേര്‍ഡ് ആശുപത്രിയും കരോലിന്‍സ്‌ക ഇന്‍സ്റ്റിറ്റ്യൂട്ടും ചേര്‍ന്ന് നടത്തിയ പഠനത്തില്‍ കണ്ടെത്തി.
അത്ര തീവ്രമല്ലാത്ത രീതിയില്‍ കോവിഡ് വന്നു രോഗമുക്തി നേടിയ യുവാക്കളിലാണ് പഠനം നടത്തിയത്. രുചിയും മണവും നഷ്ടമാകുന്നതിന് പുറമേ ക്ഷീണവും ശ്വസന പ്രശ്നങ്ങളും ചിലരില്‍ കോവിഡിന്റെ ഭാഗമായി ദീര്‍ഘകാലത്തേക്ക് കാണപ്പെട്ടു.
2149 പേരുടെ രക്തസാംപിളുകള്‍ നാലു മാസത്തെ ഇടവേളയിലാണ് പഠനത്തിനായി ശേഖരിച്ചത്. ഇവരില്‍ 19 ശതമാനത്തില്‍ ആന്റിബോഡികള്‍ ഉണ്ടായിരുന്നു. ജീവിതനിലവാരത്തെ കുറിച്ചുള്ള ചോദ്യങ്ങളും ഇവരോട് ചോദിക്കപ്പെട്ടു. പത്തിലൊരാള്‍ക്ക് സാധാരണ ജീവിതത്തെ ബാധിക്കുന്ന തരത്തിലുള്ള ലക്ഷണങ്ങള്‍ തുടരുന്നതായി പഠനറിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.
എന്നാല്‍ ഓര്‍മ ശക്തിയെയും ധാരണാശേഷിയെയും ബാധിക്കുന്നതോ ശ്രദ്ധക്കുറവ് ഉണ്ടാക്കുന്നതോ ആയ ലക്ഷണങ്ങള്‍ കണ്ടെത്തിയില്ലെന്ന് ഗവേഷകര്‍ പറയുന്നു. യുവാക്കളായതു കൊണ്ട് കോവിഡ് തങ്ങളെ ബാധിക്കില്ലെന്ന് കരുതി ജാഗ്രതക്കുറവ് കാണിക്കരുതെന്ന് കരോലിന്‍സ്‌ക ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷക വിദ്യാര്‍ത്ഥി സെബാസ്റ്റ്യന്‍ ഹാവെര്‍വല്‍ മുന്നറിയിപ്പ് നല്‍കുന്നു. ജെഎഎംഎ ജേണലിലാണ് പഠന ഫലം പ്രസിദ്ധീകരിച്ചത്.