in , , ,

കൊവിഡിന്റെ മൂന്നാം വരവ് അത്യന്തം അപകടകരമെന്ന് സിഎസ്‌ഐആര്‍

Share this story

തിരുവനന്തപുരം: കൊവിഡ്-19 പ്രതിസന്ധി അവസാനിച്ചുവെന്നോ ഇന്ത്യ സമൂഹ പ്രതിരോധം കൈവരിച്ചുവെന്നോ ഒരിക്കലും കരുതരുതെന്നും ജാഗ്രത കൈവിട്ടാല്‍ മൂന്നാം വരവ് അതിരൂക്ഷമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും ശാസ്ത്ര, വ്യവസായ, ഗവേഷണ കൗണ്‍സില്‍ (സിഎസ്‌ഐആര്‍) ഡയറക്ടര്‍ ജനറല്‍ ഡോ. ശേഖര്‍ സി മണ്ഡെ പറഞ്ഞു.
ഇപ്പോഴത്തെ സാഹചര്യങ്ങളെ അതിജീവിക്കാന്‍ ഈ മേഖലയിലെ സ്ഥാപനങ്ങള്‍ തുടര്‍ന്നും സഹകരിച്ചു പ്രവര്‍ത്തിക്കേണ്ടതുണ്ട്. മനുഷ്യരാശിയെ ഒന്നോടെ തൂത്തെറിയാന്‍ പോന്ന കാലാവസ്ഥാ മാറ്റം, പരമ്പരാഗത ഇന്ധനങ്ങളെ അമിതമായി ആശ്രയിക്കല്‍ തുടങ്ങിയ ഘടകങ്ങള്‍ സൃഷ്ടിക്കുന്ന കൊടുംവിപത്തുകളെ നേരിടാനും ഈ സഹകരണം അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
‘ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും പശ്ചാത്തലത്തില്‍ കൊവിഡ്-19 നോടുള്ള ഇന്ത്യയുടെ പ്രതികരണം’ എന്ന വിഷയത്തില്‍ രാജീവ് ഗാന്ധി ജൈവസാങ്കേതിക കേന്ദ്രം സംഘടിപ്പിച്ച ദേശീയ ശാസ്ത്ര പ്രഭാഷണ പരമ്പരയില്‍ ഓണ്‍ലൈനായി പങ്കെടുക്കുകയായിരുന്നു ഡോ. മണ്ഡെ.
രാജ്യത്ത് സമൂഹപ്രതിരോധം എന്ന ലക്ഷ്യത്തില്‍നിന്ന് നാം ഏറെ അകലെയാണ്. മാസ്‌ക്, സാമൂഹിക അകലം, കൈകഴുകല്‍ എന്നീ ശീലങ്ങളിലൂടെ നാം വൈറസിനെ തുടര്‍ന്നും പ്രതിരോധിക്കേണ്ടതുണ്ട്. ജനങ്ങളും പ്രത്യേകിച്ച് ശാസ്ത്രസമൂഹവും ഒരിക്കലും ഉദാസീനരാകരുത്. അത് ഇതുവരെ നേരിടാതിരുന്ന വെല്ലുവിളികളിലേയ്ക്കും അഭിമുഖീകരിക്കാത്ത അപകടകരമായ സാഹചര്യത്തിലേയ്ക്കുമായിരിക്കും രാജ്യത്തെ നയിക്കുകയെന്ന് അദ്ദേഹം മുന്നറിയിപ്പു നല്‍കി.
വാക്‌സിനുകള്‍ കൊവിഡിനെതിരെ ഫലപ്രദമാണ്. പക്ഷേ വകഭേദം വന്ന വൈറസുകളെ എല്ലാ ശക്തിയുമുപയോഗിച്ച് നേരിടാന്‍ വാക്‌സിനുകള്‍ക്ക് കഴിയില്ല എന്ന കാര്യത്തില്‍ തെളിവില്ല. വകഭേദം സംഭവിക്കുന്നത് വൈറസില്‍ എവിടെയെങ്കിലുമായിരിക്കും. വൈറസിനെ ആകമാനം നേരിടാന്‍ വാക്‌സിനുകള്‍ക്ക് ശേഷിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
സമൂഹപ്രതിരോധം കൈവരിച്ചതുകൊണ്ടല്ല രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണത്തില്‍ കുറവുണ്ടായത്. മാസ്‌ക് ധരിക്കുന്നതുള്‍പ്പെടെയുള്ള മുന്‍കരുതലുകള്‍ സ്വീകരിച്ചതുകൊണ്ടും ജനം ശൈത്യകാലത്ത് പുറംപ്രദേശങ്ങളില്‍ കഴിഞ്ഞതുകൊണ്ടുമാണ് വ്യാപനം കുറഞ്ഞത്. അടച്ചിട്ട സ്ഥലങ്ങളില്‍ വൈറസുകളുണ്ടായിരുന്നു.
തുറസായ സ്ഥലങ്ങളില്‍ വ്യാപനശേഷി കുറയുകയും ചെയ്തു. പാശ്ചാത്യരാജ്യങ്ങളില്‍ ശൈത്യകാലത്ത് ജനം അടച്ചിരുന്നതുകൊണ്ടായിരിക്കാം കൊവിഡ് വ്യാപനം വര്‍ധിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

വെയിലത്ത് പാര്‍ക്ക് ചെയ്യുന്ന കാറിലും മറ്റും കുട്ടികളെ ഇരുത്തിയിട്ട് പോകാതിരിക്കുക

ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് രാജ്യത്തിന്റെ അഭിമാനം: ഗവര്‍ണ്ണര്‍