in , , , ,

പച്ചയ്ക്ക് വിഷം തിന്നുന്നവരാണ് നമ്മള്‍; അടുക്കളത്തോട്ടത്തിന് ഇനിയും വൈകരുത്

Share this story

നിന്നു തിരിയാന്‍ സമയമില്ലാത്തപ്പഴാ കൃഷി…!!- ഈ മനോഭാവം നമ്മെ വിഷംതീറ്റിച്ചു തുടങ്ങിയിട്ട് കാലങ്ങളായി. കാന്‍സര്‍ അടക്കമുള്ള മാരകരോഗങ്ങള്‍ പിടികൂടിയിട്ടും നമ്മള്‍ വിഷപ്പച്ചക്കറികള്‍ തിന്നുജീവിക്കുന്നു. കുഞ്ഞുങ്ങള്‍ക്കടക്കം നാമത് വിളമ്പുകയും ചെയ്യുന്നു. എന്നാല്‍ ഒരു ചെറിയ അടുക്കളത്തോട്ടം നിര്‍മ്മിച്ചാല്‍ നമ്മുക്കാവശ്യമുള്ള ചെറുപച്ചക്കറികള്‍ സ്വന്തമായിത്തന്നെ കൃഷിചെയ്‌തെടുക്കാമെങ്കിലും ഭൂരിപക്ഷം പേരും മെനക്കെടാറില്ല. സമയം എന്നത് കണ്ടെത്താനാകും. താല്‍പര്യമാണ് പ്രധാനം. അതുണ്ടാകണമെങ്കില്‍ നമ്മള്‍ വരവ് പച്ചക്കറികളിലൂടെ അകത്താക്കുന്ന വിഷങ്ങളെക്കുറിച്ച് ചെറിയ ധാരണയെങ്കിലും വേണം.

ലാഭം ലക്ഷ്യമിട്ട് അമിതവളര്‍ച്ചയ്ക്കും കീടബാധ ഒഴിവാക്കാനും പ്രയോഗിക്കുന്ന വിഷമാണ് സൈപ്പര്‍മെത്രിന്‍, ഹെപ്റ്റാക്‌ളോര്‍ എന്നിവ. പഴങ്ങളിലും പച്ചക്കറികളിലുമാണ് കൂടുതലായും ഉപയോഗിക്കുന്നത്. മലയാളികളുടെ അടുക്കളയില്‍ ധാരാളമായി ഉപയോഗിക്കുന്ന കാബേജും ക്വാളിഫ്‌ളവറുമൊക്കെ കീടനാശിനി കലക്കിയ വെള്ളത്തില്‍ മുക്കിയാണ് വിപണിയില്‍ എത്തുന്നത് എന്നുകൂടി അറിയുമ്പോഴേ ആ ഭീകരാവസ്ഥ ബോധ്യമാകൂ. ഇനി ഏറ്റവും കൂടുതല്‍ വിഷസാന്നിധ്യമുള്ള മറ്റു വിളകളാണ് വഴുതനയും പാവയ്ക്കയും.

പഴങ്ങളിലും പച്ചക്കറികളിലും വെളുത്ത നിറത്തിലുള്ള ഒരു പൊടി പറ്റിയിരിക്കുന്നതായി നമ്മള്‍ ശ്രദ്ധിച്ചിട്ടുണ്ടാകും. മുന്തിരി വാങ്ങുമ്പോള്‍ ശ്രദ്ധിച്ചാല്‍ ഇതു വ്യക്തമായും അറിയാനാകും. അതാണ് ഹെപ്റ്റക്ലൊര്‍ എ. ഈ കീടനാശിനിക്ക് നമ്മുടെ നാഢീവ്യൂഹത്തിന്റെ പ്രവര്‍ത്തനത്തെവരെ തകരാറിലാക്കാനാകും.

ക്വിനാല്‍ഫോസ്, ആള്‍ഡ്രിന്‍, ക്‌ളോറോ ഡെയ്ന്‍, ഡൈക്‌ളോര്‍വാസ് തുടങ്ങി നിരവധി കീടനാശിനികളും കേടുകൂടാതെ ഇരിക്കാനുള്ള രാസവസ്തുക്കളുമെല്ലാമാണ് പഴങ്ങളിലൂടെയും പച്ചക്കറികളിലൂടെയും നാം അകത്താക്കുന്നത്. ഇതെല്ലാം പരിശോധിക്കാനും നിയന്ത്രിക്കാനും നിയമങ്ങളും സര്‍ക്കാര്‍ വകുപ്പുകളും നമ്മുടെ നാട്ടിലുണ്ടെങ്കിലും ‘ഫലം’ എന്താണെന്ന് നമ്മുക്കറിയാമല്ലോ. അനുവദനീയമായ അളവിന്റെ ആയിരംമടങ്ങ് വിഷമാണ് ഏത്തപ്പഴത്തിലും പച്ചക്കറിയിലും തളിക്കുന്നത്. അതുകൊണ്ട് സ്വന്തം തടി കേടാകാതെ സൂക്ഷിക്കാന്‍ നമ്മള്‍ തന്നെ ശ്രമിക്കണമെന്ന് ഓര്‍ക്കുക.

വൃക്ക, കരള്‍, ഹോര്‍മോണ്‍ തകരാറുകള്‍, ദഹനപ്രക്രിയയെ തകര്‍ക്കല്‍ തുടങ്ങി മാനസിക പ്രശ്‌നങ്ങള്‍ വരെ ഈ വിഷസാന്നിധ്യം ശരീരത്തില്‍ നിറയ്ക്കും. പലതരം അലര്‍ജികള്‍ക്ക് കാരണമാകുന്നതിനും ഇവയ്ക്കു കഴിയും.

ഇനി ചിന്തിച്ചുനോക്കൂ. അല്‍പം മെനക്കെട്ടാലും വീട്ടുമുറ്റത്തോ, ടെറസിലോ ഒക്കെ പച്ചക്കറികളും ചീരയുമൊക്കെ കൃഷി ചെയ്തു ശീലിക്കുന്നതല്ലേ നല്ലത്. കൃഷി ഭവനുകളുമായി ഒന്നു ബന്ധപ്പെട്ടാല്‍ കാര്‍ഷികകര്‍മ്മസേനയുമായി ചേര്‍ന്ന് ഗ്രോബാഗില്‍ നടേണ്ട പച്ചക്കറിത്തൈകളും മണ്ണുനിറച്ച ഗ്രോ ബാഗുകളും വീട്ടിലെത്തിക്കുന്ന പദ്ധതി വരെ നമ്മുടെ നാട്ടിലുണ്ടെന്നും ഓര്‍ക്കണം. ഒന്നുശ്രമിച്ചാല്‍ കപ്പ വരെ ടെറസില്‍ വിളയിക്കാമെന്നു തെളിയിച്ച നിരവധി വീട്ടമ്മമാരുടെ നാടുകൂടിയാണ് കേരളം. എന്നാല്‍ തുടങ്ങുവല്ലേ..?

ബി.പി. അഥവാ രക്തസമ്മര്‍ദ്ദത്തെ സൂക്ഷിക്കണം; പ്രത്യേകിച്ചും മധ്യവയസില്‍

ഏറ്റവും മികച്ച പാനീയം അടുക്കളയിലുണ്ട്; വെറുതെ കളയരുത്