ശരീരത്തിന് അത്യന്താപേക്ഷിതമായ ഒന്നാണ് വെള്ളം. ശരീരത്തില്‍ ജലാംശം കുറയുന്നത് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകാറുണ്ട്. ദിവസവും കുറഞ്ഞത് എട്ട് ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണമെന്നാണ് പറയുന്നത്.
വെള്ളം നന്നായി കുടിച്ചാല്‍ രോഗങ്ങളെ അകറ്റി നിര്‍ത്താമെന്ന് വൈദ്യശാസ്ത്രം വിധിക്കുന്നു .നിര്‍ജ്ജലീകരണം മൂലം ശരീരത്തിന് സ്വാഭാവിക ആരോഗ്യം തന്നെ നഷ്ടപ്പെട്ടേക്കാം. ചിലപ്പോഴിത് മരണത്തിലേക്ക് വരെ നയിച്ചേക്കാം.
ശരീരത്തിന് ലഭിക്കുന്നതിനെക്കാള്‍ കൂടുതല്‍ ജലം, ശരീരത്തില്‍ നിന്ന് നഷ്ടമാകുന്ന അവസ്ഥയാണ് നിര്‍ജ്ജലീകരണം എന്നു പറയുന്നത്. ജലാംശവും മറ്റ് ദ്രാവകങ്ങളും വേണ്ടവിധത്തില്‍ ശരീരത്തിന് ലഭിച്ചില്ലെങ്കില്‍ സാധാരണഗതിയിലുള്ള പ്രവര്‍ത്തനം തകരാറിലാകും.
ഇതിനുള്ള ശാശ്വത പരിഹാരം, ദിവസവും കഴിയുന്നത്ര വെള്ളം കുടിക്കാന്‍ ശ്രമിക്കുക എന്നതാണ്. ചര്‍മ്മം നോക്കിയാല്‍, നിര്‍ജ്ജലീകരണം ബാധിച്ചിട്ടുണ്ടോ എന്നറിയാം. വരണ്ടതും പൊട്ടുന്നതും മങ്ങിയതുമാണ് ചര്‍മ്മം എങ്കില്‍ നിങ്ങള്‍ക്ക് നിര്‍ജ്ജലീകരണം പിടിപെട്ടിട്ടുണ്ടെന്ന് മനസിലാക്കാം.
മനുഷ്യന്റെ വിസര്‍ജ്യത്തില്‍ ജലാംശത്തിന്റെ അളവ് കൂടുതലായിരിക്കും. വിസര്‍ജ്യം വന്‍കുടലില്‍ ബാക്കിയാകുമ്പോള്‍ ജലാംശം തിരികെ വന്‍കുടലിലേക്ക് ആഗിരണം ചെയ്യപ്പെടുന്നു. നിര്‍ജ്ജലീകരണം സംഭവിക്കുമ്പോള്‍ ആഗിരണം കൂടിയ അളവില്‍ സംഭവിക്കുന്നു. മലബന്ധമുണ്ടാകാന്‍ ഇത് കാരണമാകും.
ഈ അവസ്ഥ തിരിച്ചറിയാത്ത പക്ഷം, ബാക്ടീരിയയുടെ സാന്നിധ്യം വന്‍കുടലില്‍ വന്‍തോതില്‍ കാണപ്പെടാം. ഈ അണുക്കളാണ് പിന്നീട് ശരീരത്തില്‍ പ്രശ്നങ്ങളുണ്ടാക്കുന്നത്.