in , ,

ഓക്‌സിജന്‍ വിതരണം തടസ്സപ്പെടുത്തുന്നവരെ തൂക്കിലേറ്റും: ഡല്‍ഹി ഹൈക്കോടതി

Share this story

ന്യൂഡല്‍ഹി: ഓക്‌സിജന്‍ വിതരണം ആരെങ്കിലും തടസ്സപ്പെടുത്തിയാല്‍ അവരെ തൂക്കിലേറ്റുമെന്ന് ഡല്‍ഹി ഹൈക്കോടതി. ഗുരുതരമായ കോവിഡ് രോഗികള്‍ക്കുള്ള ഓക്‌സിജന്‍ ക്ഷാമത്തില്‍ കോടതിയെ സമീപിച്ച മഹാരാജ അഗ്രസെന്‍ ആശുപത്രിയുടെ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു പരാമര്‍ശം. കോവിഡ് കേസുകള്‍ കുതിച്ചുയരുന്നതിനെ ‘സുനാമി’ എന്നാണ് കോടതി വിശേഷിപ്പിച്ചത്.
480 മെട്രിക് ടണ്‍ ഓക്‌സിജന്‍ ലഭിച്ചില്ലെങ്കില്‍ സിസ്റ്റം തകരുമെന്ന് ഡല്‍ഹി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇത് ഞങ്ങള്‍ കണ്ടതാണ്. വലിയ ദുരന്തം നടക്കുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഇന്നലെ 295 മെട്രിക് ടണ്‍ ഓക്‌സിജനാണ് ലഭിച്ചതെന്നും അവര്‍ വ്യക്തമാക്കുന്നു. കൈവശമുളള ഓക്‌സിജന്റെയും വിതരണത്തിന്റെയും കൃത്യമായ വിവരം കേന്ദ്രത്തില്‍നിന്ന് തേടണമെന്നും ഡല്‍ഹി സര്‍ക്കാര്‍ കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കോവിഡ് രോഗികളുടെ എണ്ണം അനിയന്ത്രിതമായി തുടരുന്നതിനിടെ ഒട്ടേറെ ആശുപത്രികളാണ് ഓക്‌സിജന്‍ ഇല്ലാതെ ബുദ്ധിമുട്ടുന്നത്.
ഹര്‍ജി പരിഗണിക്കവേ ഓക്‌സിജന്‍ വിതരണം തടസ്സപ്പെടുത്തുന്നവരെ തൂക്കിലേറ്റുമെന്ന് കോടതി പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ആരെയും വെറുതെവിടില്ല. അത്തരക്കാരെക്കുറിച്ച് അറിയിക്കണമെന്നും അവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും ഡല്‍ഹി ഹൈക്കോടതി വ്യക്തമാക്കി. എന്നാണ് ഡല്‍ഹിക്ക് 480 മെട്രിക് ടണ്‍ ഓക്‌സിജന്‍ ലഭ്യമാക്കുന്നതെന്ന് അറിയിക്കണമെന്നും കോടതി കേന്ദ്രത്തിന് നിര്‍ദേശം നല്‍കി.
അതേസമയം, സംസ്ഥാനങ്ങളാണ് ഓക്‌സിജനു വേണ്ടിയുള്ള ടാങ്കറുകള്‍ അയയ്ക്കുന്നതെന്നും അവരെ സഹായിക്കുക മാത്രമാണ് തങ്ങള്‍ ചെയ്യുന്നതെന്നും കേന്ദ്രം കോടതിയില്‍ പറഞ്ഞു. എന്നാല്‍ ഡല്‍ഹിയില്‍ എല്ലാം ഞങ്ങള്‍ ചെയ്യണമെന്നാണ്. ഡല്‍ഹി ഉദ്യോഗസ്ഥര്‍ കൂടെ ജോലി ചെയ്യണമെന്നും കേന്ദ്രം നിലപാടറിയിച്ചു. എന്താണ് തന്റെ ജോലിയെന്ന് തനിക്കറിയാം. ഒരുപാട് കാര്യങ്ങളും അറിയാം. ഒന്നും പറയുന്നില്ല എന്നേ ഉള്ളൂ. കരയുന്ന കുഞ്ഞിനെപ്പോലെ ആകാതെ കാര്യങ്ങള്‍ നടപ്പാക്കാന്‍ ശ്രമിക്കൂവെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്ത ഡല്‍ഹി സര്‍ക്കാരിന്റെ അഭിഭാഷകന്‍ രാഹുല്‍ മെഹ്‌റയുടെ ചോദ്യത്തിനു മറുപടിയായി പറഞ്ഞു.

സംസ്ഥാനത്ത് മദ്യവില്‍പന ശാലകളും തുറക്കില്ല; ശനി, ഞായര്‍ ദിവസങ്ങളില്‍ അടച്ചിടണമെന്ന് ഉത്തരവ്

കേരളത്തില്‍ 26,685 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു