അമിതവണ്ണം മൂലം പ്രമേഹമുണ്ടായവരിലും രോഗം ആരംഭദശയില്‍ ഉളളവരിലുമാണ് ടൈപ്പ് 2 പ്രമേഹത്തില്‍ നിന്നും മുക്തി നേടാന്‍ സാധ്യതയുളളത്. ഇന്‍സുലിന്റെ പ്രവര്‍ത്തനശേഷി കുറയുന്നതാണ് ടൈപ്പ് 2 പ്രമേഹത്തിന് കാരണമാകുന്നത്. ഭക്ഷണത്തിലൂടെ രക്തത്തിലെത്തുന്ന പഞ്ചസാരയെ ഇന്‍സുലിനാണ് കോശങ്ങളിലെത്തിക്കുന്നത്. അമിതഭക്ഷണം വഴി ഏറെ ഗ്ലൂക്കോസ് ഉളളില്‍ ചെന്നാല്‍ അത് കോശങ്ങള്‍ക്ക് ഉപയോഗിക്കാവുന്നതിലുമധികം ആകുന്നു. മിച്ചം വരുന്ന ഗ്ലൂക്കോസിനെ ഇന്‍സുലിന്‍ കൊഴുപ്പാക്കി മാറ്റുകയും അത് ശരീരത്തില്‍ അടിഞ്ഞുകൂടുകയും ചെയ്യുന്നു. അമിത കൊഴുപ്പ് ഇന്‍സുലിന്‍ പ്രവര്‍ത്തിക്കാത്ത അവസ്ഥ ഉണ്ടാക്കുന്നു. ആരംഭഘട്ടത്തില്‍ ടൈപ്പ് 2 പ്രമേഹരോഗികളില്‍ ഇന്‍സുലിന്‍ ആവശ്യത്തിന് ഉണ്ടായിരിക്കും. പക്ഷേ ഇത് ശരിയായി പ്രവര്‍ത്തിക്കാത്തതാണ് രോഗകാരണം. ഇവരുടെ ശരീരത്തില്‍ കൊഴുപ്പ് കുറയ്ക്കാന്‍ സാധിച്ചാല്‍ ഇന്‍സുലിന്‍ വീണ്ടും നന്നായി പ്രവര്‍ത്തിക്കാന്‍ തുടങ്ങും. അങ്ങനെ മരുന്നില്ലാതെ തന്നെ പ്രമേഹം നിയന്ത്രണത്തലാകുകയും ചെയ്യും. ശരീരഭാരം കുറയ്ക്കുക എന്നത് പ്രധാനമാണ്.
ശരീരത്തിലെ കൊഴുപ്പ് കുറയുന്തോറും ഡയബറ്റിസ് റിവേഴ്സല്‍ സാധ്യമാകുന്നുണ്ട്. അങ്ങനെ ആവശ്യമുളള ഊര്‍ജ്ജം മാത്രം കഴിച്ച് അധിക കൊഴുപ്പുണ്ടാകുന്നത് തടയുക, അമിതഭാരം കുറയ്ക്കുക. രക്തത്തിലെ ഗ്ലൂക്കോസ് കൂടാതിരിക്കാന്‍ കഴിക്കുന്ന ഭക്ഷണത്തിലെ പഞ്ചസാര കുറയ്ക്കുക. അതോടൊപ്പം വ്യായാമവും ആവശ്യമാണ്. അധിക ഊര്‍ജ്ജം ചെലവഴിക്കുന്നതിന് പുറമെ നിരവധി ഗുണങ്ങളും വ്യായാമത്തിനുണ്ട്. നല്ല ഭക്ഷണവും വ്യായാമവും പ്രമേഹം നിയന്ത്രിക്കാന്‍ സഹായിക്കുമെങ്കിലും ചികിത്സയിലുളളവര്‍ക്ക് മരുന്ന് ഒഴുവാക്കാനുളള ശേഷി ശരീരത്തിനുണ്ടോ എന്ന് നിര്‍ണ്ണയിക്കേണ്ടത് ഡോക്ടര്‍ തന്നെയാണ്.