- Advertisement -Newspaper WordPress Theme
WOMEN HEALTHമുലയൂട്ടല്‍ ബാല്യത്തിലെ അര്‍ബുദത്തെ തടയുമോ?

മുലയൂട്ടല്‍ ബാല്യത്തിലെ അര്‍ബുദത്തെ തടയുമോ?

ലോകത്തിലെ പൊതുജനാരോഗ്യത്തെ സംബന്ധിച്ച് ജനങ്ങള്‍ക്ക് വ്യത്യസ്ത കാഴ്ചപ്പാടുകളാണ്. പുകവലി അര്‍ബുദത്തിന് കാരണമാകും, പ്രതിരോധ കുത്തിവയ്പ്പുകള്‍ രോഗങ്ങളെ തടയും, പഞ്ചസാര ദോഷകരമാണ്, പച്ചക്കറികള്‍ ആരോഗ്യപ്രദമാണ് എന്നിങ്ങനെ. എന്നാല്‍ പലപ്പോഴും വിട്ടുപോകുന്ന ഒരു കാര്യമാണ് മുലയൂട്ടലിന്റെ പ്രാധാന്യം. ഇത് എത്ര മാത്രം പ്രധാനമാണെന്ന് എല്ലാവര്‍ക്കും അറിയാം. ഡോക്ടര്‍മാര്‍ ശുപാര്‍ശ ചെയ്യുന്നുമുണ്ട്. പക്ഷേ മുലയൂട്ടല്‍ ബാല്യത്തിലെ അര്‍ബുദത്തെ ഒരു പരിധിവരെ തടയും എന്നത് അധികം ആളുകള്‍ക്ക് അറിയില്ല.

2015 ലാണ് ഇതു സംബന്ധിച്ച് ശ്രദ്ധേയമായ ഒരു പഠനം പുറത്തു വന്നത്. ഈ പഠന റിപ്പോര്‍ട്ട് പ്രകാരം ആറ് മാസമോ അതില്‍ കൂടുതലോ മുലയൂട്ടിയ കുട്ടികള്‍ക്ക് ഒരിക്കലും മുലപ്പാല്‍ ലഭിക്കാത്തവരെ അപേക്ഷിച്ച് അര്‍ബുദം വരാനുള്ള സാധ്യത 19% കുറവാണത്രേ. പൂര്‍ണ്ണമായും അര്‍ബുദത്തെ തടയുവാന്‍ കഴിയില്ലെങ്കിലും മുലയൂട്ടല്‍ വഴി ഒരു പരിധിവരെ അര്‍ബുദം വരാതെ നോക്കാനാകുമെന്ന് പഠനം വ്യക്തമാക്കുന്നു.

മുലയൂട്ടല്‍ എന്തുകൊണ്ട് പ്രധാനമാണെന്ന് നമ്മള്‍ മനസിലാക്കുമ്പോള്‍ എങ്ങനെ രോഗങ്ങളെ ചെറുക്കും എന്നതല്ല പരിശോധിക്കേണ്ടത്. കുഞ്ഞുങ്ങളുടെ ശാരീരികവും മാനസികവുമായ വളര്‍ച്ചയില്‍ അത് എങ്ങനെ സ്വാധീനിക്കുന്നു എന്നതാണ് പ്രധാനം. കുട്ടി വളരുന്നതിനനുസരിച്ച് കുട്ടിയുടെ പ്രതിരോധ സംവിധാനങ്ങളും വളര്‍ന്നു വരും. കുഞ്ഞുങ്ങളുടെ വളര്‍ച്ചയുടെ ആദ്യഘട്ടത്തില്‍ നല്ലതും ചീത്തയും വേണ്ടതും വേണ്ടാത്തതും തിരിച്ചറിയുന്നതിനുള്ള പരിശീലന ഉപാധിയായി പ്രവൃത്തിക്കുന്നത് മുലപ്പാലാണ്. അതായത് അത് ഭക്ഷണമെന്നതിനുപരിയായ പരിശീലന ഉപാധിയായി മാറുന്നു. ആരോഗ്യകരമായ ഭാവിയെ വാര്‍ത്തെടുക്കുന്നതില്‍ ബാല്യത്തിലേ നേടുന്ന പോഷകങ്ങള്‍ക്കുള്ള സ്വാധീനവും ഏറെയാണ്.

റൂബി ഹാള്‍ ക്ലിനിക്കിലെ ഡോക്ടര്‍ അഫ്ഷാന്‍ മനിയര്‍ പറയുന്നു – ‘മുലപ്പാലില്‍ ഇമ്മ്യൂണോഗ്‌ളോബിനുകള്‍ അടങ്ങിയിരിക്കുന്നു.അവ കുഞ്ഞിന്റെ കുടലില്‍ പറ്റിപ്പിടിച്ചിരിക്കുന്ന രോഗകാരികളെ തിരിച്ചറിയാന്‍ സഹായിക്കും. അതോടൊപ്പം മുലപ്പാലിലുള്ള സൈറ്റോകൈന്‍സ് എന്ന പദാര്‍ത്ഥം രോഗപ്രതിരോധ കോശങ്ങളെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു. എപ്പോള്‍ രോഗാണുക്കളോട് പോരാടണമെന്നും എപ്പോള്‍ നിശബ്ദമാകണമെന്നുമൊക്കെ പ്രതിരോധ കോശങ്ങള്‍ക്ക് അറിയിപ്പ് നല്‍കുന്നത് ഇവരാണ്. മുലപ്പാലിലുള്ള ലാക്‌റ്റോഫെറിന്‍ ഇരുമ്പ് പോലുള്ള ധാതു ലവണങ്ങളെ നിയന്ത്രിച്ച് കുടലിലെ ബാക്ടീരിയ വളര്‍ച്ചയെ തടയുന്നു.

മുലപ്പാലിലുള്ള ലൈസോസൈം ദോഷകരമായ ബാക്ടീരിയകളെ നീക്കം ചെയ്ത് കുടലിനെ സംരക്ഷിക്കുകയും ചെയ്യുന്നു. മുലപ്പാലിലുള്ള ഒലിഗോ സാച്ചറൈഡ്‌സ് കുടലിലുള്ള ഉപകാരികളായ ഗട്ട് ബാക്റ്റീരിയയെ വളര്‍ത്തുന്നു.’ ജൈവികമായ സോഫ്റ്റ് വേര്‍ അപ്‌ഡേറ്റിന്റെ ഭാഗമാവുകയാണ് മുലയൂട്ടല്‍. ആരോഗ്യത്തിനു നേരെ ഉയരുന്ന ഭീഷണികളെ എങ്ങനെ ചെറുക്കണമെന്ന് കുട്ടിയുടെ രോഗ പ്രതിരോധ സംവിധാനത്തെ പരിശീലിപ്പിക്കുന്ന പ്രവൃത്തിയാണിത്. ശരീരത്തിന് ഹാനികരമാകുന്ന കോശങ്ങളെ തിരിച്ചറിയാന്‍ ഇത്തരം പരിശീലനങ്ങളിലൂടെ കുട്ടി പ്രാപ്തനാകുന്നു. അങ്ങനെ ശത്രു കോശങ്ങളേയും മിത്ര കോശങ്ങളേയും തിരിച്ചറിയാനാവാതെ വരുമ്പോഴാണ് അര്‍ബുദം ഉണ്ടാവുന്നത്. ഇത്തരം അര്‍ബുദ കോശങ്ങള്‍ ഒറ്റ നോട്ടത്തില്‍ പ്രതിരോധ കോശങ്ങള്‍ക്ക് തിരിച്ചറിയാന്‍ കഴിയില്ല.

അതോടൊപ്പം ‘മുലപ്പാല്‍ കുടിക്കാത്ത ശിശുക്കള്‍ക്ക് മരണത്തിന് കാരണമായേക്കാവുന്ന വയറിളക്കം, ന്യുമോണിയ തുടങ്ങിയ അണുബാധകള്‍ക്കും, പോഷകക്കുറവിനും, വളര്‍ച്ച മുരടിക്കുന്നതിനും സാധ്യതയൊരുങ്ങുന്നു. അഞ്ച് വയസില്‍ താഴെ പ്രായമുള്ള കുട്ടികളുടെ മരണത്തിലേറെയും സംഭവിക്കുന്നതിന് കാരണം ഇതാണ്. മുലയൂട്ടാതിരിക്കുന്നതിലൂടെ പ്രസവാനന്തര രക്തസ്രാവം, സ്തനാര്‍ബുദം എന്നിവയില്‍ നിന്ന് അമ്മക്കു കിട്ടേണ്ട സംരക്ഷണവും കുറയുന്നു. അതുകൊണ്ടുതന്നെ കൂടിയ ശിശുമരണ നിരക്ക് നേരിടുന്ന ഒരു രാജ്യത്ത് ആറ് മാസത്തെ മുലയൂട്ടലിലൂടെ പൊതുജനാരോഗ്യം നിലനിര്‍ത്തേണ്ടതുമാണെന്നും കാശിപൂരിലെ കെ വി ആര്‍ ആശുപത്രി നിയാനാറ്റോളജി, പീഡിയാട്രീക് മേധാവി കുശാല്‍ അഗര്‍വാളും പറയുന്നുണ്ട്.’

‘ശരീരത്തില്‍ ഒരു മുറിവോ പൊള്ളലോ ഉണ്ടായാല്‍ സ്വാഭാവികമായും ആ പ്രത്യേക ഭാഗത്ത് വീക്കം പ്രത്യക്ഷപ്പെടുന്നത് സ്വാഭാവികമാണ്. ശരീരത്തിലെ ദ്രുത കര്‍മ്മ വിഭാഗത്തിന്റെ ഡ്യൂട്ടിയാണ് ഇത്തരം പ്രതികരണങ്ങള്‍. ശരീരത്തിലുള്ള ശ്വേത രക്താണുക്കള്‍ ആണ് ഈ മുറിവുണ്ടായ ഭാഗത്തേക്ക് കുതിച്ചെത്തുന്നത്. അതേ സമയം കഠിനമായ പഴുപ്പുകള്‍ ഡി എന്‍എ ക്ക് കേടു വരുത്തി കോശങ്ങളുടെ അറ്റകുറ്റപ്പണി അസാധ്യമാക്കുന്നു. അര്‍ബുദ സാധ്യത വര്‍ധിപ്പിക്കുന്നു.

പഴുപ്പുകളെ തടയുന്ന ഗ്ലൂട്ടാത്തിയോണ്‍ എന്ന ഘടകം മുലപ്പാലില്‍ അടങ്ങിയിട്ടുണ്ട്. ഒമേഗ ത്രീ ഫാറ്റി ആസിഡുകളും വിറ്റാമിന്‍ ഇയും അതിലുണ്ട്. ഇവ ഓക്സിഡേറ്റീവ് സ്‌ട്രെസ്സ് തടഞ്ഞ് അനാവശ്യ കോശങ്ങള്‍ വളരുന്നതിനെ ചെറുക്കുന്നു.’ ഡോ. മനിയര്‍ വിശദീകരിച്ചു.

ശൈശവത്തിലെ ലൂക്കിമിയ തടയാന്‍ ഒരളവുവരെ മുലയൂട്ടല്‍ വഴി സാധിക്കുമെന്ന് ഗവേഷകര്‍ വ്യക്തമാക്കുന്നു. ശൈശവ അര്‍ബുദം അങ്ങേയറ്റം സങ്കീര്‍ണമാണ്. മുലപ്പാല്‍ എല്ലാ രോഗങ്ങള്‍ക്കുമുള്ള പ്രതിവിധിയുമല്ല. ജനിതക വൈകല്യങ്ങള്‍ കാരണവും കാലാവസ്ഥാ വ്യതിയാനങ്ങള്‍ കാരണവും കോശ വിഭജനത്തിലെ പ്രശ്നങ്ങള്‍ കാരണവും പാരമ്പര്യ ഘടകങ്ങള്‍ കാരണവുമൊക്കെ ശൈശവ കാന്‍സര്‍ വരാം. ലിഫ്രോമേനി സിന്‍ഡ്രോം, മറ്റു ജനിതക വൈകല്യങ്ങള്‍ എന്നിവയോടെ ജനിക്കുന്ന കുട്ടികള്‍ക്ക് അപകട സാധ്യത കൂടുതലാണ്. ഗര്‍ഭ കാലത്തെ പുകവലി, റേഡിയേഷന്‍, കീടനാശിനികളുടെ സാന്നിധ്യം എന്നിവയൊക്കെ ഇത്തരം അവസ്ഥയ്ക്ക് വഴിവെക്കാം. ശുദ്ധജലം, പോഷകസമൃദ്ധമായ ഭക്ഷണം, യഥാസമയമുള്ള ശിശു പരിചരണം എന്നിവ പ്രധാനമാണ്.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme