നമുക്കെല്ലാവര്‍ക്കും ഏറെ പ്രിയപ്പെട്ട പാനീയങ്ങളിലൊന്നാണ് മോര്. വേനല്‍ കാലത്ത് ശരീരത്തെ തണുപ്പിക്കാന്‍ ഏറെ അനുയോജ്യമായ ഒന്നാണിത്. വേനലില്‍ നിന്ന് ആശ്വാസം നല്‍കുന്നതിനപ്പുറം ഊര്‍ജവും ആരോഗ്യവും തരുന്നതിനാല്‍ മോര് ഇഷ്ടപ്പെടാത്തവര്‍ വിരളമായിരിക്കും.
മോര് ശരീരത്തെ തണുപ്പിക്കുക മാത്രമല്ല ദഹനത്തെ സഹായിക്കുകയും പ്രതിരോധശേഷി വര്‍ധിപ്പിക്കുകയും ചെയ്യുന്ന പാനീയമാണ്. വേനല്‍ക്കാലത്ത് മോര് കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. മോരിലെ പ്രോബയോട്ടിക്സും കാത്സ്യവും ദഹനം മെച്ചപ്പെടുത്തുകയും അസ്ഥികളുടെ ബലം വര്‍ധിപ്പിക്കുകയും ചെയ്യുന്നു.
ദഹനത്തെ ത്വരിതപ്പെടുത്തുക, എല്ലുകളെയും പല്ലുകളെയും ബലപ്പെടുത്തുക, കൊളസ്ട്രോള്‍, രക്തസമ്മര്‍ദ്ദം എന്നിവയുടെ അളവ് നിയന്ത്രിക്കുക, ചര്‍മ്മത്തിന്റെ തിളക്കം മെച്ചപ്പെടുത്തുക തുടങ്ങിയവയാണ് മോരിന്റെ ഗുണങ്ങള്‍. ശരീര താപനില കുറയ്ക്കുന്നതിനും വേഗത്തില്‍ ഊര്‍ജ്ജം നല്‍കുന്നതിനും മോര് ഒരു മികച്ച പാനീയമാണ്.
മോര് കുടിക്കുന്നതിന്റെ ഗുണങ്ങള്‍ എന്തൊക്കെ?: മോരിനെ നമുക്ക് ഒരു സമ്പൂര്‍ണാഹാരം എന്ന് വിളിക്കാനാകും. ശരീരത്തിനാവശ്യമായ എല്ലാ പോഷകങ്ങളും മോരില്‍ ഉണ്ട്. പ്രോട്ടീന്‍, കാര്‍ബോഹൈഡ്രേറ്റ്, ജീവകങ്ങള്‍, ലിപ്പിഡുകള്‍, എന്‍സൈമുകള്‍ എല്ലാം ഇതിലുണ്ട്.
മോരില്‍ 90 ശതമാനത്തോളം വെള്ളമാണ്. അതുകൊണ്ടുതന്നെ ശരീരത്തില്‍ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കും. മറ്റേതൊരു പാനീയത്തെക്കാളും വെറും വെള്ളത്തെക്കാളും മികച്ചത് മോര് കുടിക്കുന്നത് തന്നെയാണ്.
പാലില്‍ കൊഴുപ്പ് ഉണ്ട്. എന്നാല്‍ മോരില്‍ അത് ഒട്ടും ഇല്ല. മാത്രമല്ല കാത്സ്യം പാലില്‍ ഉള്ളതുപോലെ തന്നെ മോരിലുമുണ്ട്. അതുകൊണ്ടുതന്നെ പശുവിന്റെ പാല്‍ അലര്‍ജി ഉള്ളവര്‍ക്കും മോര് ഉപയോഗിക്കാം. പ്രതിദിനം ഒന്ന് മുതല്‍ രണ്ട് ഗ്ലാസ് വരെ മോര് കുടിക്കുന്നത് നല്ലതാണെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. ഇത് ശരീരത്തെ തണുപ്പിക്കുകയും ദഹനത്തിന് സഹായിക്കുകയും ചെയ്യുന്നു.
തൈരില്‍ നിന്നാണ് മോര് ഉണ്ടാക്കുന്നത്. ദഹനം, പ്രതിരോധശേഷി, കുടലിന്റെ ആരോഗ്യം എന്നിവ നിലനിര്‍ത്താന്‍ തൈര് സഹായിക്കുന്നു. തൈരില്‍ ധാരാളം പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇതില്‍ ആമാശയത്തിന് ഗുണം ചെയ്യുന്ന നല്ല ബാക്ടീരിയകള്‍ അടങ്ങിയിട്ടുണ്ട്.
പേശികളെയും അസ്ഥികളെയും ശക്തിപ്പെടുത്താന്‍ തൈര് സഹായിക്കും. ‘ജേണല്‍ ഓഫ് ന്യൂട്രീഷന്‍’ പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ട് അനുസരിച്ച്, ദിവസത്തില്‍ രണ്ട് തവണ 200 ഗ്രാം തൈര് കഴിക്കുന്ന ആളുകള്‍ക്ക് മലബന്ധ പ്രശ്നങ്ങള്‍ കുറവായിരിക്കുമെന്ന് പറയുന്നുണ്ട്. തൈര് കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്തുമെന്ന് ഡോ. ഡാന്‍ ബ്രാന്‍ഡ് പറയുന്നു.
മോരില്‍ പ്രോട്ടീന്‍ ധാരാളം ഉള്ളതിനാല്‍ പേശികളുടെ ആരോഗ്യം മെച്ചപ്പെടുത്തും. മസില്‍ ഉണ്ടാകാന്‍ സഹായിക്കുമെന്നതിനാല്‍ ബോഡിബില്‍ഡര്‍മാരുടെ മികച്ച ചോയ്സാണ് മോര്. കാലറി കൂട്ടാതെ തന്നെ ശരീരത്തിനാവശ്യമായ ജീവകങ്ങള്‍ ഇത് പ്രദാനം ചെയ്യുന്നു.
ശരീരം തണുപ്പിക്കാന്‍ മോര് വളരെ നല്ലതാണ്, പ്രത്യേകിച്ച് വേനല്‍ക്കാലത്ത്. കൂടുതല്‍ ഗുണങ്ങള്‍ക്കായി മോരില്‍ കറിവേപ്പില ചേര്‍ക്കുന്നത് ശരീരത്തിനും ചര്‍മ്മത്തിനും ഗുണം ചെയ്യും. ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തില്‍ കറിവേപ്പില മോരില്‍ ചേര്‍ത്ത് അരച്ച് കുടിക്കുന്നതും ചര്‍മ്മത്തിന് വളരെ നല്ലതാണ്.
മോര് അമിതമായി കുടിക്കുന്നത് ആരോഗ്യത്തിന് ഹാനികരം: അമിതമായി മോര് കഴിക്കുന്നത് ശരീരത്തിന് ദോഷകരമാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. അമിതമായി മോര് കുടിക്കുന്നത് ദഹനപ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്ന് പറയപ്പെടുന്നു. ചില ആളുകള്‍ക്ക് ഗ്യാസ്, ദഹനക്കേട്, അല്ലെങ്കില്‍ വയറ്റിലെ പ്രശ്നങ്ങള്‍ എന്നിവ അനുഭവപ്പെടാം. അമിതമായി മോര് കുടിക്കുന്നത് ഒഴിവാക്കുക, കാരണം ഇത് ശരീരഭാരം വര്‍ധിപ്പിക്കുമെന്നും പഠനങ്ങള്‍ പറയുന്നു.
മറ്റ് പാല്‍ ഉത്പന്നങ്ങളില്‍ നിന്ന് വ്യത്യസ്തമായി, മോരില്‍ വളരെയധികം സോഡിയം അടങ്ങിയിട്ടുണ്ട്. ഇത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഉള്ളലവരിലും വൃക്ക സംബന്ധമായ രോഗങ്ങളുള്ളവരിലും വലിയ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കിയേക്കാം.
ദീര്‍ഘകാല അടിസ്ഥാനത്തിലുള്ള സോഡിയത്തിന്റെ ഉപയോഗം വൃക്കയുടെ പ്രവര്‍ത്തനത്തെ തന്നെ ബാധിച്ചേക്കാം. ഈ പ്രശ്നങ്ങളെ വഷളാക്കാനുമുള്ള കഴിവ് സോഡിയത്തിനുണ്ട്. അതിനാല്‍ ഈ പറഞ്ഞ പ്രശ്നങ്ങളുള്ളവര്‍ മോര് കുടിക്കുന്നത് പൂര്‍ണമായും ഒഴിവാക്കുന്നതാണ് നല്ലത്.
ബട്ടര്‍ മില്‍ക്ക് ഉണ്ടാക്കുന്ന വിധം: ഒരു മിക്സര്‍ ജാറില്‍ തൈര്, കറിവേപ്പില, മല്ലിയില, അരിഞ്ഞ മുളക്, ഇഞ്ചി, ജീരകപ്പൊടി, ഉപ്പ് എന്നിവ ചേര്‍ക്കുക. ആവശ്യത്തിന് വെള്ളം ചേര്‍ത്ത് നന്നായി അരച്ചാല്‍ രുചികരമായ മോര് ഉണ്ടാക്കാം.
ബട്ടര്‍ മില്‍ക്കിന്റെ ഗുണങ്ങള്‍
ശരീരത്തിലെ ജലാംശം നിലനിര്‍ത്തും: ശരീരത്തിലെ ജലാംശം നിലനിര്‍ത്താന്‍ മോര് സഹായിക്കും. തൈരില്‍ നിന്നാണ് ബട്ടര്‍ മില്‍ക്ക് ഉണ്ടാക്കുന്നത് എന്നതിനാല്‍ അതില്‍ ധാരാളം ലാക്റ്റിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മ്മത്തിനും മുടിയ്ക്കും നല്ലതാണ്. ദഹനം സുഗമമാക്കാന്‍ മോര് സഹായിക്കും. സദ്യയ്ക്ക് മോര് വിളമ്പുന്നതും ഈ ഉദ്ദേശത്തോടെയാണ്.
മുടിയുടെ വളര്‍ച്ചയ്ക്ക് സഹായിക്കും: കറിവേപ്പിലയിലെ ബീറ്റാ കരോട്ടിന്‍, പ്രോട്ടീന്‍ ഗുണങ്ങള്‍ മുടി കൊഴിച്ചില്‍ കുറയ്ക്കുകയും മുടി വളര്‍ച്ച വര്‍ധിപ്പിക്കുകയും ചെയ്യുന്നു. കറിവേപ്പില മോരില്‍ ചേര്‍ത്ത് ദിവസവും കഴിക്കുന്നത് മുടിയുടെ വേരുകളെ ശക്തിപ്പെടുത്തുകയും മുടി വളര്‍ച്ചയെ സഹായിക്കുകയും ചെയ്യുന്നു.
ആന്റിഓക്സിഡന്റുകള്‍: കറിവേപ്പിലയും മല്ലിയിലയും ആന്റിഓക്സിഡന്റുകളാല്‍ സമ്പുഷ്ടമാണ്. ഇത് ചര്‍മ്മത്തിലെ അണുബാധ, തിണര്‍പ്പ്, മുഖക്കുരു തുടങ്ങിയ പ്രശ്നങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നു.
ചൊറിച്ചില്‍ തടയുന്നു: മോരില്‍ ഇഞ്ചി ചേര്‍ത്ത് കുടിക്കുന്നത് ശരീരത്തെയും ചര്‍മ്മത്തെയും വീക്കം, ചൊറിച്ചില്‍ എന്നിവയില്‍ നിന്ന് സംരക്ഷിക്കുന്നു. ഇത് ചര്‍മ്മത്തെ പുതുമയുള്ളതും തിളക്കമുള്ളതുമായി നിലനിര്‍ത്തുന്നു.
ചര്‍മ്മ സംരക്ഷണം: മോരില്‍ കറിവേപ്പില ചേര്‍ക്കുന്നത് ആയുസ് വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു. തൈര്, ഇഞ്ചി, ജീരകം എന്നിവയെല്ലാം ദഹനത്തെ നിയന്ത്രിക്കുന്നു. ഇത് കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തും. ശരീരത്തിലെ വിഷാംശങ്ങളെ നീക്കുന്നതിനാല്‍ ചര്‍മത്തിന്റെ ആരോഗ്യത്തിനും സഹായകം. വെയിലുകൊണ്ട് കരുവാളിച്ചെങ്കില്‍ അരക്കപ്പ് മോരില്‍ അതേ അളവ് തക്കാളി നീര് ചേര്‍ത്ത് പുരട്ടിയാല്‍ മതി.