- Advertisement -Newspaper WordPress Theme
FOODആഴ്ചയില്‍ 300 ഗ്രാമില്‍ കൂടുതല്‍ കോഴിയിറച്ചി കഴിക്കാറുണ്ടോ? ഇക്കാര്യങ്ങള്‍ അറിയണം

ആഴ്ചയില്‍ 300 ഗ്രാമില്‍ കൂടുതല്‍ കോഴിയിറച്ചി കഴിക്കാറുണ്ടോ? ഇക്കാര്യങ്ങള്‍ അറിയണം

കോഴിയിറച്ചി പ്രേമിയാണോ, എങ്കില്‍ സൂക്ഷിച്ചോളൂ. കോഴിയിറച്ചി പതിവായി കഴിക്കുന്നത് ഉദര അര്‍ബുദം (gastrointestinal) അല്ലെങ്കില്‍ ദഹനവ്യവസ്ഥയെ (digestive system) ബാധിക്കുന്ന അര്‍ബുദം മൂലം അകാല മരണത്തിന് കാരണമാകാമെന്നാണ് പുതിയ പഠനം പറയുന്നത്. ഇറ്റലിയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഗ്യാസ്‌ട്രോഎന്‍ട്രോളജിയിലെ ഗവേഷകരാണ് ഇതു സംബന്ധിച്ച് പഠനം നടത്തിയത്.

20 വര്‍ഷത്തിലേറെയായി രാജ്യത്ത് താമസിക്കുന്ന 4,869 പ്രായപൂര്‍ത്തിയായവരുടെ ആരോഗ്യ ഡാറ്റ വിശകലനം ചെയ്താണ് പഠനം നടത്തിയിരിക്കുന്നത്. അന്നനാളം, ആമാശയം, വന്‍കുടല്‍, പാന്‍ക്രിയാസ്, കരള്‍ എന്നിവയുള്‍പ്പെടെയുള്ള ദഹനവ്യവസ്ഥയിലെ അര്‍ബുദം വരാനുള്ള സാധ്യത സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിലാണ് കൂടുതലെന്നും പഠനം ചൂണ്ടിക്കാട്ടുന്നു

ഹൃദയ സംബന്ധമായ അസുഖങ്ങളും ചില ഉദര അര്‍ബുധങ്ങള്‍ക്കുമുള്ള സാധ്യത കുറയ്ക്കുമെന്നതിനാല്‍ കോഴിയിറച്ചി ഒരു പ്രോട്ടീന്‍ സ്രോതസാണെന്നാണ് മുന്‍ ഗവേഷണങ്ങള്‍ പറഞ്ഞിരുന്നത്. എന്നാല്‍ ന്യൂട്രിയന്റ്സ് എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച പുതിയ പഠനം പ്രകാരം, ആഴ്ചയില്‍ 300 ഗ്രാമില്‍ കൂടുതല്‍ കോഴിയിറച്ചി കഴിക്കുന്നവരില്‍ ഗ്യാസ്‌ട്രോഇന്റസ്‌റ്റൈനല്‍ ക്യാന്‍സര്‍ ഉണ്ടാകാനുള്ള സാധ്യത കൂട്ടുകയും ഇതുവഴി അകാല മരണത്തിനും കാരണമാവുമെന്നാണ് പറയുന്നത്.

മാത്രമല്ല, ഒരാഴ്ചയില്‍ 100 ഗ്രാം അല്ലെങ്കില്‍ അതില്‍ കുറഞ്ഞ അളവില്‍ കോഴിയിറച്ചി കഴിക്കുന്നവരുമായി താരതമ്യം ചെയ്യുമ്പോള്‍, 300 ഗ്രാമില്‍ കൂടുതല്‍ കോഴിയിറച്ചി കഴിക്കുന്നവരില്‍ മരണ സാധ്യത 27 ശതമാനം കൂടുതലാണെന്ന് കണ്ടെത്തിയെന്നാണ് പഠനം അവകാശപ്പെടുന്നത്.

ലോകത്ത് വന്‍തോതില്‍ ഉപയോഗിക്കപ്പെടുന്ന ഈ ഭക്ഷണത്തിന്റെ ദീര്‍ഘകാല ഫലങ്ങളെക്കുറിച്ച് കൂടുതല്‍ മനസിലാക്കേണ്ടത് പ്രധാനമാണെന്ന് തങ്ങള്‍ കരുതുന്നതായി ഗവേഷകര്‍ പറഞ്ഞു. ‘ഇത് തികച്ചും ആരോഗ്യകരമാണെന്ന് ജനങ്ങള്‍ തെറ്റായി വിശ്വസിക്കാനിടയുണ്ട്.

കോഴിയിറച്ചിയുടെ ഉപഭോഗം മിതമാക്കുന്നതും മത്സ്യം പോലുള്ള തുല്യ മൂല്യവത്തായ മറ്റ് പ്രോട്ടീന്‍ സ്രോതസുകളുമായി മാറിമാറി ഉപയോഗിക്കുന്നതും ഗുണം ചെയ്യുമെന്നാണ് ഞങ്ങള്‍ കരുതുന്നത്. ഉയര്‍ന്ന താപനിലയും നീണ്ട പാചക സമയവും ഒഴിവാക്കിക്കൊണ്ട് പാചക രീതികളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് അത്യാവശ്യവുമാണ്’- അവര്‍ കൂട്ടിച്ചേര്‍ത്തു.

എന്നിരുന്നാലും, ഈ കണ്ടെത്തലുകള്‍ സ്ഥിരീകരിക്കാനും പ്രോസസ്സ് ചെയ്ത കോഴിയിറച്ചിയുടെ ഫലങ്ങളെക്കുറിച്ച് കൂടുതല്‍ അറിയാനും കൂടുതല്‍ പഠനങ്ങള്‍ നടത്തേണ്ടതുണ്ടെന്നും ഗവേഷണ സംഘം വ്യക്തമാക്കി.

മുലയൂട്ടല്‍ ബാല്യത്തിലെ അര്‍ബുദത്തെ തടയുമോ?

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme