തിരുവനന്തപുരം: ക്ഷയരോഗ നിര്‍മാര്‍ജന പദ്ധതിയില്‍ നിന്ന് നേടിയ അനുഭവങ്ങള്‍ കോവിഡ് 19 പോലെ വായുമാര്‍ഗം പടരുന്ന രോഗങ്ങളെ മറികടക്കാന്‍ പ്രയോജനപ്പെടുത്താമെന്ന് ആഗോള പൊതുജനാരോഗ്യ വിദഗ്ധയും ജനീവ ആസ്ഥാനമായുള്ള സ്റ്റോപ്പ് ടിബി പാര്‍ട്ണര്‍ഷിപ്പിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറുമായ ഡോ.ലൂസിക ഡിറ്റിയു പറഞ്ഞു. ആരോഗ്യരംഗത്തെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന്റെ സാധ്യതകള്‍ വിശകലനം ചെയ്യുന്നതിനായി സംസ്ഥാന ആരോഗ്യവകുപ്പ് സംഘടിപ്പിച്ച അന്താരാഷ്ട്ര വെബിനാറില്‍ ക്ഷയരോഗ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങളെക്കുറിച്ച് ചര്‍ച്ചചെയ്യുന്ന സെഷനില്‍ സംസാരിക്കുകയായിരുന്നു അവര്‍.
2025 ഓടെ ക്ഷയരോഗം ഇല്ലാതാക്കാനുള്ള കേരളത്തിന്റെയും ഇന്ത്യയുടെയും പരിശ്രമങ്ങളെ ഡോ.ലൂസിക ഡിറ്റിയു പ്രശംസിച്ചു. ഈ അനുഭവം മറ്റ് രാജ്യങ്ങള്‍ക്ക് ആരോഗ്യസുരക്ഷ കൈവരിക്കുന്നതിന് വളരെയധികം സഹായകമാകും. ക്ഷയരോഗം ഇല്ലാതാക്കുന്നതിനുള്ള വിജയകരമായ മാതൃക പങ്കിടാന്‍ കേരളവുമായും ഇന്ത്യയുമായും കൂടുതല്‍ സഹകരണം സംഘടിപ്പിക്കാന്‍ ശ്രമിക്കും. ടിബി നിര്‍മാര്‍ജ്ജന പരിപാടി വേഗത്തിലാക്കാന്‍ ദാതാക്കളെ തേടണമെന്നും അവര്‍ ഉപദേശിച്ചു.
കോവിഡ് 19 ന് സമാനമായി വായുവിലൂടെ പകരുന്ന രോഗങ്ങള്‍ ഭാവിയില്‍ ഉണ്ടാകാം. വായുമാര്‍ഗം കോവിഡ് പകരുന്നതിനെക്കുറിച്ചും ഇതിനെ എങ്ങനെ കൈകാര്യം ചെയ്യാമെന്നും ലോകം ഉറ്റുനോക്കുന്നു. ക്ഷയരോഗവും കോവിഡ് പോലുള്ള വായുവിലൂടെ പകരുന്ന മറ്റ് രോഗങ്ങളും തമ്മില്‍ സാമ്യമുണ്ടെന്നും ഡോ.ലൂസിക ഡിറ്റിയു കൂട്ടിച്ചേര്‍ത്തു.
കോവിഡ് 19 നെതിരായ ആഗോള പ്രതിരോധം ക്ഷയരോഗം പോലുള്ള ഗുരുതര പകര്‍ച്ച രോഗങ്ങള്‍ നിയന്ത്രിക്കുന്നതിനുള്ള പാഠങ്ങളാണെന്ന് സിഡ്നി ന്യൂസൗത്ത് വെയ്ല്‍സ് യൂണിവേഴ്സിറ്റി റെസ്പിറേറ്ററി മെഡിസിന് പ്രൊഫസര്‍ ഡോ. ഗൈ ബി മാര്‍ക്ക്സ് ചൂണ്ടിക്കാട്ടി. കോവിഡ് വ്യാപനം പ്രതിരോധിക്കാന്‍ ഉപയോഗിച്ച മാര്‍ഗം മറ്റു പകര്‍ച്ചവ്യാധികളുടെ നിയന്ത്രണത്തിലും പ്രയോജനപ്പെടുത്താമെന്നാണ് കൊറോണ വൈറസ് പഠിപ്പിച്ച പാഠം.
മഹാമാരിയോടുള്ള പ്രതിരോധം പൊതുജനാരോഗ്യ സംവിധാനത്തിന്റെ പ്രവര്‍ത്തനക്ഷമതയെയാണ് വ്യക്തമാക്കുന്നത്. രാഷ്ട്രീയ പ്രതിബദ്ധതയും സാമൂഹിക ഐക്യവുമാണ് പ്രധാനം. ഇവ രണ്ടും നിലനില്‍ക്കുന്ന സ്ഥലങ്ങളില്‍ പകര്‍ച്ചവ്യാധിയുടെ വ്യാപനം തടയാന്‍ കഴിഞ്ഞു. ചികിത്സ കൂടാതെ പോലും കോവിഡ് വ്യാപനം നിയന്ത്രിക്കാനായി. വാക്സിന് ഇതിന് സഹായകമാണ്. എന്നാല്‍ സുപ്രധാനമല്ലെന്നതാണ് വ്യക്തമാകുന്നത്.
ക്ഷയരോഗ നിവാരണ പ്രവര്‍ത്തനങ്ങളില്‍ രാജ്യങ്ങള്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. ഭൂരിഭാഗം ക്ഷയരോഗങ്ങളും ലക്ഷണങ്ങള്‍ പ്രകടമാക്കുന്നവയാണ്. എന്നിട്ടുപോലും ചികിത്സ തേടാത്തവരുണ്ട്. ചികിത്സ ആരംഭിച്ച് ഫലപ്രദമായി പൂര്ത്തീകരിക്കുന്നതിനെതിരെയുള്ള തടസ്സങ്ങള്‍ മാറ്റേണ്ടതുണ്ട്. സാമൂഹിക അകലം പാലിക്കല്‍, തിരക്ക് കുറയ്ക്കല്‍, മികച്ച വായുസഞ്ചാരം ഉറപ്പാക്കല്‍ എന്നിവ ഇതില്‍ നിര്‍ണായകമാണെന്നും പ്രൊഫ. ഡോ. ഗൈ ബി മാര്‍ക്ക്സ് കൂട്ടിച്ചേര്‍ത്തു.