in , ,

ആര്‍ജിസിബി ആക്കുളം ക്യാമ്പസ് അര്‍ബുദ പ്രതിരോധചികിത്സയ്ക്കുള്ള ഗവേഷണ കേന്ദ്രമാക്കും: ഡോ. ഹര്‍ഷ വര്‍ധന്‍

Share this story

തിരുവനന്തപുരം: രാജീവ് ഗാന്ധി ജൈവസാങ്കേതിക കേന്ദ്രത്തിന്‍റെ (ആര്‍ജിസിബി) നിര്‍ദ്ദിഷ്ട ആക്കുളം  ക്യാമ്പസ് അര്‍ബുദ പ്രതിരോധ ചികിത്സ പ്രായോഗികമാക്കുന്നതിനും  രോഗശമനം ലക്ഷ്യമാക്കി ശരീരത്തില്‍ പ്രതിരോധ വസ്തുക്കള്‍ സൃഷ്ടിക്കുന്നതിനുമുള്ള ഗവേഷണ കേന്ദ്രമാക്കി വികസിപ്പിക്കുമെന്ന് കേന്ദ്ര ആരോഗ്യ, ശാസ്ത്ര-സാങ്കേതിക വകുപ്പു മന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്‍ പ്രസ്താവിച്ചു. 
ആര്‍ജിസിബി-യുടെ പതിമൂന്നാമത് വാര്‍ഷിക പൊതുയോഗത്തെ ഓണ്‍ലൈനില്‍ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. രാജീവ് ഗാന്ധി സെന്‍റര്‍ കേരളത്തിലെ വിവിധ കാന്‍സര്‍ ആശുപത്രികളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നത് നല്ല മാതൃകയാണ്. കാന്‍സര്‍ ഭേദമാക്കുന്നതിന് ജീവ കോശങ്ങളെ അടിസ്ഥാനപ്പെടുത്തി നല്‍കുന്ന ചികിത്സ കുറഞ്ഞ ചെലവില്‍ രോഗികള്‍ക്ക് ലഭ്യമാക്കാന്‍ ഈ സഹകരണത്തിലൂടെ കഴിയുമെന്ന്  അദ്ദേഹം ചൂണ്ടിക്കാട്ടി. 
കൊവിഡ്-19 ഉയര്‍ത്തിയ വെല്ലുവിളികള്‍ നേരിടുന്നതിന് ആത്മനിര്‍ഭര്‍ ഭാരത്-ലൂടെ  ഇന്ത്യയെ സ്വയംപര്യാപ്തമാക്കാന്‍ നമ്മുടെ സ്ഥാപനങ്ങള്‍ക്കു കഴിഞ്ഞിട്ടുണ്ട്. ശാസ്ത്രത്തിന്‍റെയും സാങ്കേതികവിദ്യയിലെ ഗവേഷണത്തിന്‍റെയും പുത്തന്‍ ചക്രവാളങ്ങള്‍ തേടാന്‍ ഇന്ത്യയ്ക്കു കഴിയുമെന്ന് ഇതിലൂടെ ലോകത്തിനു കാണിച്ചുകൊടുത്തിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
ഇന്ത്യയുടെ ഏറ്റവും വലിയ വാക്സിനേഷന്‍ യജ്ഞം വിജയകരമായി പൂര്‍ത്തിയാക്കാന്‍ ഗവേഷണ-വികസന പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഗൗരവമേറിയ ശാസ്ത്ര ഗവേഷണം ഏറ്റെടുക്കാന്‍ രാജ്യത്തിന് ശേഷിയുണ്ടെന്ന് ഈ ഭഗീരഥ പ്രയത്നത്തിലൂടെ കഴിഞ്ഞിട്ടുണ്ട്. സമര്‍പ്പണ ബോധമുള്ള ശാസ്ത്രസമൂഹമാണ് ഇതിന് സഹായിച്ചതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. 
കൊവിഡ്-19 രോഗവ്യാപനം കുറയുന്നതിന്‍റെ പേരില്‍ ഇപ്പോള്‍ ഉദാസീനരാകാന്‍ പാടില്ല. വൈറസ് പുത്തന്‍ വകഭേദങ്ങളിലൂടെ കൂടുതല്‍ അപകടകാരിയായി മാറിയേക്കാം. അതുകൊണ്ടുതന്നെ രോഗം പകരാതിരിക്കാന്‍ മാസ്ക് ധരിക്കുകയും വൃത്തി കാത്തുസൂക്ഷിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു.  
രോഗവ്യാപന ശേഷിയുള്ള സജീവമായ വൈറസുകളെ ഉപയോഗിച്ചുകൊണ്ട് അങ്ങേയറ്റം നിയന്ത്രിതമായ സാഹചര്യങ്ങളില്‍ സുരക്ഷിതമായി ഗവേഷണം നടത്തി മരുന്നുല്പാദനം നടത്താനുള്ള ബിഎസ്എല്‍-3 (ബയോ സേഫ്റ്റി ലെവല്‍ 3) സൗകര്യം ആര്‍ജിസിബിയുടെ രണ്ടാമത്തെ കേന്ദ്രമായ  ആക്കുളം ക്യാമ്പസില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കേരളത്തില്‍ ആദ്യമായാണ് ഇത്തരമൊരു സൗകര്യം നിലവില്‍ വരുന്നത്. ഇതിലൂടെ സാംക്രമിക സൂക്ഷ്മാണുക്കള്‍ പരത്തുന്ന രോഗങ്ങള്‍ കൈകാര്യം ചെയ്യാന്‍ കഴിയും. പുത്തന്‍ തലമുറയില്‍പെട്ട പ്രോട്ടീനുകളും ന്യൂക്ലിയക് ആസിഡുകളും ഉപയോഗിച്ചുകൊണ്ടുള്ള വാക്സിനൂകള്‍ വികസിപ്പിക്കാനുള്ള ഗവേഷണവും ആക്കുളത്ത് സാധ്യമാകും.

കൊവിഡ്-19 നിര്‍ണയിക്കുന്നതിനുള്ള  എല്ലാ പിന്തുണയും കേരള സര്‍ക്കാരിന് ആര്‍ജിസിബി നല്‍കിയിരുന്നു. ഈ മേഖലയിലുള്ള സ്ഥാപനങ്ങളുമായി സഹകരിച്ച് രോഗപരിശോധനാ കിറ്റുകള്‍ തയാറാക്കാന്‍ സെന്‍ററിനു കഴിഞ്ഞു. 
രോഗം മൂര്‍ച്ഛിച്ചവരിലെ  വൈറസുകളെ നിര്‍ജീവമാക്കുന്നതു സംബന്ധിച്ച ഗവേഷണം ആര്‍ജിസിബി അമേരിക്കയിലെ എമോറി സര്‍വകലാശാല, മെയോ ക്ലിനിക്ക് എന്നിവയുമായി സഹകരിച്ചു നടത്തുന്നുണ്ട്. ശരീരത്തില്‍ പ്രതിരോധ വസ്തുക്കള്‍ ഉല്പാദിപ്പിക്കുന്ന ബി സെല്‍ എന്ന ശ്വേത രക്തകോശങ്ങള്‍ ഉപയോഗിച്ച് രോഗാണുക്കളെ നിര്‍ജീവമാക്കുന്ന പ്രക്രിയയാണിത്. 
നിര്‍മാണത്തിന്‍റെ ആദ്യഘട്ടം പൂര്‍ത്തിയായാല്‍ ആര്‍ജിസിബിയുടെ ആക്കുളം കേന്ദ്രത്തിന് ‘ശ്രീ ഗുരുജി മാധവ് സദാശിവ് ഗോള്‍വാള്‍ക്കര്‍ നാഷണല്‍ സെന്‍റര്‍ ഫോര്‍ കോംപ്ലക്സ് ഡിസീസസ് ഇന്‍ കാന്‍സര്‍ ആന്‍ഡ് വൈറല്‍ ഇന്‍ഫെക്ഷന്‍’ എന്ന പേരു നല്‍കുമെന്ന് ജനറല്‍ ബോഡി യോഗത്തില്‍ സമര്‍പ്പിക്കപ്പെട്ട 2019-20 ലെ കര്‍മപരിപാടി സംബന്ധിച്ച റിപ്പോര്‍ട്ടില്‍   വ്യക്തമാക്കുന്നു. നാമകരണത്തിനായി  ചടങ്ങു സംഘടിപ്പിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ട്.  
നാഷണല്‍ സെന്‍റര്‍ ഫോര്‍ ഡ്രഗ് ടാര്‍ഗറ്റ് ഡിസൈന്‍ ആന്‍ഡ് ഡെവലപ്മെന്‍റ് (തെറാപ്യൂട്ടിക് ആന്‍റിബോഡീസ് ആന്‍ഡ് ബയോസിമിലര്‍സ്), നാഷണല്‍ സെന്‍റര്‍ ഫോര്‍ മോളിക്കുലാര്‍ മെഡിസിന്‍, ആര്‍ജിസിബി സ്പിന്‍ ഓഫ് കമ്പനികള്‍, ബയോ ഇന്‍കുബേറ്ററുകള്‍  എന്നിവ ആക്കുളം കേന്ദ്രത്തിലുണ്ടാവുമെന്ന് ആര്‍ജിസിബി ഡയറക്ടര്‍ ഡോ. ചന്ദ്രഭാസ് നാരായണ യോഗത്തെ അറിയിച്ചു. കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ ക്ലിനിക്കല്‍ സെന്‍ററുകളോടെ ആക്കുളത്ത് ട്യൂമര്‍ ടെക്നോളജി ആന്‍ഡ് ഇമ്യൂണോതെറാപ്പി എന്ന പുത്തന്‍ സംരംഭത്തിനും തുടക്കമിടുമെന്നും അദ്ദേഹം വ്യക്തമാക്കി.  

വിവാഹം കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ നവവധു കുഴഞ്ഞുവീണ് മരിച്ചു; സംഭവം കര്‍ണാടകയില്‍

ആഗോള ആരോഗ്യസുരക്ഷയ്ക്ക് ടിബിക്കെതിരായ പോരാട്ടം പ്രധാനം: ഡോ.ലൂസിക ഡിറ്റിയു