ഭക്ഷണം എന്നത് പോലെ മനുഷ്യ ശരീരത്തിന് അത്യന്താപേക്ഷിതമായ ഒരു ഘടകമാണ് ഉറക്കം. ആരോഗ്യമുള്ള ഒരു വ്യക്തി ഏഴ് മുതല്‍ 8 മണിക്കൂര്‍ വരെ ഉറങ്ങണമെന്നാണ് ആരോഗ്യ വിദഗ്ധര്‍ നല്‍കുന്ന നിര്‍ദ്ദേശം. ഒരു ദിവസം കൃത്യമായി ഉറക്കം ലഭിച്ചില്ലെങ്കില്‍ അത് നമുക്ക് പലപ്പോഴും ശാരീരിക, മാനസിക അസ്വാസ്ഥ്യങ്ങള്‍ ഉണ്ടാക്കുന്നതിന് കാരണമാകാറുണ്ട്.
അതിനാല്‍ തന്നെ കൃത്യമായി ഉറങ്ങേണ്ടത് ശരീരത്തിനും മനസ്സിനും ഒരുപോലെ അത്യാവശ്യമാണ്.
കൃത്യമായി ഉറങ്ങാതിരിക്കുമ്പോള്‍ ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ പോലെ തന്നെ കൂടുതല്‍ ഉറങ്ങിയാലും അത് ശരീരത്തിന് ദോഷം ചെയ്യും എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. 24 മണിക്കൂറില്‍ ഒരു വ്യക്തി 9 മണിക്കൂറിന് മുകളില്‍ ഉറങ്ങുന്നതിനെയാണ് അമിത ഉറക്കം എന്ന് പറയുന്നത്. എന്നാല്‍ എന്തെങ്കിലും അസുഖങ്ങള്‍ വരുമ്പോഴും അല്ലെങ്കില്‍ ക്ഷീണിതനായിരിക്കുമ്പോഴോ ഒമ്പത് മണിക്കൂറില്‍ കൂടുതല്‍ ഉറങ്ങുന്നതിന് അമിത ഉറക്കമായി ഒരിക്കലും കണക്കാക്കാന്‍ സാധിക്കില്ല.
ഇത്തരത്തില്‍ അമിതമായി ഉറങ്ങുന്നത് മനുഷ്യന്റെ ഹൃദയാരോഗ്യത്തെ ഉള്‍പ്പെടെ ബാധിക്കുമെന്നാണ് പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. അമിതമായി ഉറങ്ങുന്നത് മനുഷ്യ ശരീരത്തില്‍ ക്ഷീണം, ഊര്‍ജ്ജം ഇല്ലായ്മ, പ്രതിരോധശേഷി കുറയ്ക്കുക, പെരുമാറ്റത്തില്‍ മാറ്റം സംഭവിക്കുക, പൊണ്ണത്തടി, പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ രോഗ സാധ്യതകള്‍ വിളിച്ചുവരുത്തും. അതിനാല്‍ സ്ഥിരമായി 9 മണിക്കൂറില്‍ കൂടുതല്‍ ഒരു ദിവസം ഉറങ്ങുന്നവര്‍ ഈ കാര്യങ്ങള്‍ പ്രത്യേകം. എന്നാല്‍ ചില ആരോഗ്യങ്ങള്‍ പ്രശ്നങ്ങള്‍ മൂലവും കൂടുതല്‍ ഉറക്കം വരാനുള്ള സാധ്യത കൂടുതലാണ്.
നല്ലതു പോലെ ഉറങ്ങിയിട്ടും ഇത്തരത്തില്‍ ഉറക്കം തൂങ്ങുന്ന ചിലരുണ്ട്. ഇത് നിസാരമായി എടുക്കേണ്ടതില്ല. പലപ്പോഴും ഇത്തരം ഉറക്കം തൂങ്ങല്‍ ആരോഗ്യ പ്രശ്നങ്ങളുടെ സൂചന കൂടിയാണ്. ദിവസം മുഴുവനും ക്ഷീണവും ഉറക്കവും തോന്നുന്നുവെങ്കില്‍ ഇതിന് പുറകില്‍ ശാരീരികം മാത്രമല്ല, മാനസികമായ ചില കാരണങ്ങളും കൂടിയുണ്ടാകാം.
പ്രമേഹം പോലുള്ള ചില രോഗങ്ങള്‍ നിങ്ങളുടെ ശരീരത്തെ ദുര്‍ബലമാക്കുകയും ദിവസം മുഴുവന്‍ നിങ്ങള്‍ക്ക് ഉറക്കം വരികയും ചെയ്യും.
ശരിയായ വിശകലനത്തിനും ചികിത്സയ്ക്കുമായി സമയം കണ്ടെത്തുകയും ആരോഗ്യ പരിശോധനകള്‍ നടത്തുകയും ചെയ്യുന്നത് ഏറ്റവും നല്ലതാണ്. ദഹനക്കേട് പലപ്പോഴും നിങ്ങള്‍ക്ക് ഉറക്കവും അലസതയും ഉണ്ടാക്കും.
ഇതൊന്നുമല്ലാതെ ചിലര്‍ അലസ പ്രകൃതമുള്ളവരുണ്ട്. മടിയും അലസതയും വ്യായാമക്കുറവുമെല്ലാം എപ്പോഴും ഉറക്കം തൂങ്ങുന്ന അവസ്ഥയിലേയ്ക്ക് എത്തിയ്ക്കുന്നു. ശരീരത്തില്‍ ഇത്തരക്കാര്‍ക്ക് ഊര്‍ജം അനുഭവപ്പെടില്ല. മാനസികമായും ഇവര്‍ക്ക ഉന്മേഷമുണ്ടാകില്ല