അമിത മദ്യപാനം കരളിനെ തകരാറിലാക്കുന്ന പ്രധാന കാരണങ്ങളിലൊന്നാണ്. ഇതിനെ ആള്‍ക്കഹോള്‍ റിലേറ്റഡ് ലിവര്‍ ഡിസീസ് എന്ന് വിളിക്കുന്നു. ഇത് ഒരു തരം ഫാറ്റി ലിവര്‍ രോഗമാണിത്. മദ്യപാനവുമായി ബന്ധപ്പെട്ട കരള്‍ രോഗങ്ങള്‍ ഗുരുതരമാകുന്നത് നിരവധി ഘട്ടങ്ങളിലൂടെയാണ്. ഇതില്‍ ഏറ്റവും ഗുരുതരമായ ഘട്ടമാണ് സിറോസിസ്.
സിറോസിസ് സാധാരണയായി ഗുരുതരമാകാന്‍ വര്‍ഷങ്ങള്‍ വേണ്ടി വരും. കരളിനെ സാരമായി ബാധിക്കുന്നത് വരെ സിറോസിസ് ലക്ഷണങ്ങള്‍ പ്രകടമാകില്ല എന്നാണ് യുകെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് നല്‍കുന്ന വിവരം. പ്രാരംഭ ഘട്ടത്തില്‍ തന്നെ കരള്‍ രോഗം തിരിച്ചറിഞ്ഞ് ചികിത്സിക്കാന്‍ ശ്രമിക്കുന്നത് മാരക രോഗങ്ങളില്‍ നിന്നും രക്ഷിക്കും.
സ്ഥിരമായ മദ്യപാനം ഒഴിവാക്കാം
പതിവായുള്ള മദ്യപാനം അപകടത്തിലാക്കും. മറ്റ് ഏതെങ്കിലും കരള്‍ രോഗത്തിന് ചികിത്സയിലാണെങ്കില്‍ മദ്യപാനം അത് കൂടുതല്‍ വഷളാക്കും. പ്രതിദിനം 40 ഗ്രാമില്‍ കൂടുതല്‍ മദ്യം കുടിക്കുന്നവരില്‍ 90 ശതമാനം ആളുകളിലും ഫാറ്റി ലിവര്‍ രോഗം ഉണ്ടാകുന്നതായി പഠനങ്ങള്‍ പറയുന്നു.
ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കുക
ക്ഷീണം, പെട്ടെന്നുള്ള ഭാരം കുറയല്‍, വിശപ്പില്ലായ്മ, ഛര്‍ദ്ദി, കണ്ണുകളിലും ചര്‍മ്മത്തിലും മഞ്ഞ നിറം വരുക, കണങ്കാലില്‍ വീക്കം അനുഭവപ്പെടുക എന്നിവ മദ്യപാനം മൂലമുള്ള കരള്‍ രോഗത്തിന്റെ ലക്ഷണങ്ങളാണ്. കരളിന്റെ വീക്കം കാരണം വയറിന് മുകളില്‍ വലതുഭാഗത്തായി അസ്വസ്ഥതയുണ്ടാകാനും സാധ്യതയുണ്ട്.
മദ്യം പോലെയുള്ള വിഷ പദാര്‍ഥങ്ങളുടെ പ്രവര്‍ത്തനം നിയന്ത്രിക്കുകയാണ് കരളിന്റെ പ്രധാന ധര്‍മം. കരളിലെ വിവിധ എന്‍സൈമുകള്‍ മദ്യത്തില്‍ അടങ്ങിയിരിക്കുന്ന ഘടകങ്ങളെ വിഘടിപ്പിച്ച് ശരീരത്തില്‍ നിന്നും നീക്കം ചെയ്യുന്നു. മദ്യപാനം അമിതമാകുന്നതോടെ കരളില്‍ കൊഴുപ്പ് കൂടുതലായി അടിഞ്ഞ് വയറില്‍ എരിച്ചില്‍ അനുഭവപ്പെടും. കരളിന് പുതിയ കോശങ്ങള്‍ സ്വയം നിര്‍മിക്കാന്‍ കഴിയും. എന്നാല്‍ തുടര്‍ച്ചയായ മദ്യപാനം കരളിന്റെ ഈ കഴിവിനെ നശിപ്പിക്കുന്നു. മാത്രമല്ല ശരീരത്തിലെത്തുന്ന മദ്യം ശുദ്ധീകരിക്കുന്നത് വഴി ഓരോ തവണയും കരളിലെ കോശങ്ങള്‍ നശിക്കുകയും ചെയ്യുന്നു.
മദ്യപാനം എങ്ങനെ നിയന്ത്രിക്കാം
മദ്യപാനത്തിന്റെ അളവ് കൂടുതലോ കുറവോ ആകട്ടെ, മദ്യപാനം കുറയ്ക്കണം എന്നുണ്ടെങ്കില്‍ സ്വയം ബോധവല്‍ക്കരണം ചെയ്യാനാകും. മദ്യപാനം നിര്‍ത്തുന്നത് വഴി എന്തൊക്കെ നല്ല മാറ്റങ്ങള്‍ വരാന്‍ സാധ്യതയുണ്ടെന്നും അതിനു വേണ്ടി എന്തൊക്കെ ചെയ്യാറുണ്ടെന്നും ദിവസേന എഴുതി വയ്ക്കുക. ഇത് മദ്യപാനത്തില്‍ നിന്ന് കൂടുതല്‍ അകലാന്‍ സഹായിക്കും.
ഓരോ ദിവസവും എത്ര അളവ് മദ്യം കഴിക്കണമെന്ന് സ്വയം തീരുമാനിക്കുക, അതുവഴി അളവ് കുയ്ക്കുക. മദ്യം വീട്ടില്‍ സൂക്ഷിച്ചുവെച്ച് കഴിക്കാനോ വെള്ളം ചേര്‍ക്കാതെ കഴിക്കാനോ പാടില്ല. മദ്യം ജീവിതത്തില്‍ നിന്നും ഒഴിവാക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും വിദഗ്ധരുടെ ഉപദേശം നേടുന്നത് വളരെ നല്ലതാണ്.