പ്രമേഹരോഗികള്‍ ഭക്ഷണകാര്യത്തില്‍ ഏറെ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. കൃത്യമായ ഭക്ഷണക്രമവും വ്യായാമവും പാലിച്ചാല്‍ ഒരു പരിധി വരെ പ്രമേഹത്തെ (ഡയബെറ്റിസ്) ചെറുത്തു നിര്‍ത്താം. പ്രമേഹം അല്ലെങ്കില്‍ പ്രമേഹസാധ്യത ഉണ്ടെങ്കില്‍, ഏതൊക്കെ ഭക്ഷണപാനീയങ്ങളാണ് ഏറ്റവും മികച്ചത് എന്നു മനസ്സിലാക്കുക ബുദ്ധിമുട്ടായിരിക്കും. പച്ചക്കറികള്‍, പഴങ്ങള്‍, പ്രോട്ടീന്‍ എന്നിവ അടങ്ങിയ ഈ ഭക്ഷണക്രമം പ്രമേഹ രോഗികള്‍ക്ക് വളരെയധികം പ്രയോജനം ചെയ്യും.
- പഴങ്ങള്‍ പ്രമേഹരോഗികള്‍ക്ക് നിര്‍ദ്ദേശിക്കപ്പെടുന്ന ഒന്നല്ല. എന്നാല്‍ ആപ്പിള്‍ ഇക്കൂട്ടത്തില്‍പെടില്ലെന്നു പറയാം. കുറഞ്ഞ അളവില്‍ മാത്രം ഗ്ലൈസെമിക് അടങ്ങിയ ആപ്പിള്‍ പ്രമേഹമുള്ളവര്‍ക്ക് കഴിക്കാവുന്നതാണ്. ധാരാളം നാരുകളും വിറ്റാമിന്‍ സിയും അടങ്ങിയിരിക്കുന്ന ആപ്പിള്‍ മികച്ചൊരു ലഘുഭക്ഷണം കൂടിയാണ്.
- പയര്‍, കിഡ്‌നി ബീന്‍സ്, ബീന്‍സ് എന്നിവയില്‍ കുറഞ്ഞ അളവിലെ ഗ്ലൈസെമിക് ഉള്ളൂ, അതിനാല്‍ ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവു കൂടാന്‍ കാരണമാകില്ല.
- മഗ്‌നീഷ്യം ധാരാളമായി അടങ്ങിയ ഒന്നാണ് ബദാം. ശരീരത്തിലെ ഇന്‍സുലിനെ ഏറ്റവും ഫലപ്രദമായി ഉപയോഗിക്കാന്‍ ഇവ സഹായിക്കും. മാത്രമല്ല, ബദാമില്‍ മോണോസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകള്‍, പ്രോട്ടീന്‍, ഫൈബര്‍ എന്നിവയും ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും. സ്‌നാക്‌സ് പാക്ക് ചെയ്യുമ്പോള്‍ 30 ഗ്രാം ബദാം ഉള്‍പ്പെടുത്തുന്നത് നന്നായിരിക്കും.
- ചീരയില്‍ കലോറി വളരെ കുറവാണ്, അതേസമയം രക്തത്തെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്ന മഗ്‌നീഷ്യവും നാരുകളും അടങ്ങിയിട്ടുണ്ട് താനും.
- ശരീരഭാരം കുറയ്ക്കുകയോ നിയന്ത്രിക്കുകയോ ചെയ്യുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന മികച്ച കാര്യങ്ങളിലൊന്നാണ്. അതിനേറ്റവും സഹായിക്കുന്ന ഒന്നാണ് ചിയ സീഡ്‌സ്. ഫൈബര്‍, പ്രോട്ടീന്‍, കാത്സ്യം എന്നിവയും ചിയ സീഡ്‌സില്‍ അടങ്ങിയിട്ടുണ്ട്. പ്രമേഹ രോഗികളായ ആളുകളില്‍ നടത്തിയ ഒരു പഠനത്തില്‍, ഡയറ്റില്‍ ചിയ സീഡ്‌സ് ഉള്‍പ്പെടുത്തിയതു വഴി ശരീരത്തിലെ ഫാറ്റും ആനുപാതികമായി രക്തത്തിലെ പഞ്ചസാരയുടെ അളവും കുറഞ്ഞതായി പറയുന്നു.
- പ്രമേഹ രോഗികള്‍ക്ക് ഇണങ്ങിയ മറ്റൊരു പഴം ബ്ലൂബെറിയാണ്. നാരുകളുടെയും വിറ്റാമിന്‍ സി, ആന്റി ഓക്സിഡന്റുകള്‍ തുടങ്ങിയ പോഷകങ്ങളുടെയും മികച്ച ഉറവിടം കൂടിയാണ് ബ്ലൂബെറി. ബ്ലൂബെറിയില്‍ ഹൃദ്രോഗ സാധ്യത കുറയ്ക്കാനും ശരീരത്തിന്റെ ഇന്‍സുലിന്‍ ഉപയോഗത്തെ മെച്ചപ്പെടുത്താനും സഹായിക്കുന്ന സംയുക്തങ്ങള്‍ അടങ്ങിയിട്ടുണ്ട്.
- ഓട്സ് നിങ്ങളുടെ ഹൃദയത്തിന് മാത്രമല്ല, രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും ഗുണം ചെയ്യും. ആപ്പിളിനെപ്പോലെ ഇവയിലും കുറഞ്ഞ ഗ്ലൈസെമിക് ആണുള്ളത്.
- മഞ്ഞളില്‍ ധാരാളമായി കുര്‍ക്കുമിന്‍ അടങ്ങിയിട്ടുണ്ട്, ഇത് പാന്‍ക്രിയാസിന്റെ ആരോഗ്യം കാക്കുന്നതിനൊപ്പം പ്രീ ഡയബറ്റിസ് ടൈപ്പ് 2 പ്രമേഹമായി മാറുന്നത് തടയുകയും ചെയ്യും.
- പ്രമേഹമുള്ളവര്‍ ദിവസവും ഉച്ചഭക്ഷണ സമയത്ത് ഒരു കഷ്ണം മത്സ്യം കഴിക്കുന്നത് നല്ലതാണ്. വറുത്ത മീന്‍ കഴിക്കാതെ പകരം കറിവച്ച് കഴിക്കുന്നതാണ് ഉത്തമം.
- മുട്ടയുടെ വെള്ളയ്ക്ക് അത്ഭുതകരമായ നിരവധി ഗുണങ്ങളുണ്ട്. മുട്ടയുടെ വെള്ള ദിവസവും കഴിക്കുന്നത് പ്രമേഹം തടയാന്‍ സഹായിക്കും.