- Advertisement -Newspaper WordPress Theme
HEALTHഗര്‍ഭിണിയുടെ ശരീരഭാരത്തില്‍ വരുന്ന വ്യത്യാസം ഗര്‍ഭാവസ്ഥയെ മാത്രമല്ല, അമ്മയുടേയും കുഞ്ഞിന്റെയും ദീര്‍ഘകാല ആരോഗ്യത്തെ വരെ ബാധിക്കുന്നു

ഗര്‍ഭിണിയുടെ ശരീരഭാരത്തില്‍ വരുന്ന വ്യത്യാസം ഗര്‍ഭാവസ്ഥയെ മാത്രമല്ല, അമ്മയുടേയും കുഞ്ഞിന്റെയും ദീര്‍ഘകാല ആരോഗ്യത്തെ വരെ ബാധിക്കുന്നു

ഗര്‍ഭകാലത്ത് ശരീര ഭാരം കൂടുന്നത് വ്യത്യസ്തമായ ശാരീരിക പ്രക്രിയയുടെ ഭാഗമായിട്ടാണ്. ഈ സമയത്ത് ഗര്‍ഭിണിയുടെ ശരീരഭാരത്തില്‍ വരുന്ന വ്യത്യാസം ഗര്‍ഭാവസ്ഥയെ മാത്രമല്ല, അമ്മയുടേയും കുഞ്ഞിന്റെയും ദീര്‍ഘകാല ആരോഗ്യത്തെ വരെ ബാധിക്കുന്നു.

ഗര്‍ഭകാലത്ത് എത്രമാത്രം ശരീരഭാരത്തില്‍ വ്യത്യാസം വരണം?

ഗര്‍ഭം തുടങ്ങുമ്പോള്‍ സ്ത്രീയ്ക്ക് എത്ര ശരീരഭാരം ഉണ്ട് എന്നതിനനുസരിച്ചാണ് എത്ര ഭാരം കൂടാം എന്ന് നിശ്ചയിക്കുന്നത്. പൊക്കത്തിന് അനുപാതികമായ വണ്ണം എത്രയാണ് എന്ന് കാണിക്കുന്ന സൂചികയാണ് ബോഡിമാസ് ഇന്‍ഡക്സ് (Body Mass Index) അഥവാ BMI.

BMI 18.5ല്‍ താഴെയാണെങ്കില്‍ തൂക്കക്കുറവുള്ള സ്ത്രീകള്‍ ഗര്‍ഭിണിയാകുമ്പോള്‍ 13 മുതല്‍ 18kg വരെ ഗര്‍ഭകാലത്ത് കൂടാം.

BMI 18.5നും 24.9നും ഇടയ്ക്കാണെങ്കില്‍ ഈ സ്ത്രീകള്‍ ശരിയായ തൂക്കമുള്ളവരായിരിക്കും. ഇവര്‍ക്ക് ഗര്‍ഭകാലത്ത് 11 മുതല്‍ 16kg വരെ ഭാരം കൂടാം.

BMI 25 മുതല്‍ 29.9 വരെ ആണെങ്കില്‍ അവര്‍ അമിതവണ്ണമുള്ളവരാണ്. ഇവര്‍ക്ക് ഗര്‍ഭകാലത്ത് 7 തൊട്ട് 11kg വരെ ഭാരം കൂടാവൂ.

ദുര്‍മേദസ്സിലാണ് (BMI 30നു മുകളില്‍) ഗര്‍ഭം തുടങ്ങുന്നതെങ്കില്‍ 5 തൊട്ട് 9kg വരെ മാത്രമേ ഭാരം കൂടാവൂ. ഇരട്ടക്കുട്ടികളെയാണ് ഗര്‍ഭം ധരിച്ചിരിയ്ക്കുന്നതെങ്കില്‍ അനുപാതികമായി ഉള്ള ഭാരക്കൂടുതല്‍ അനുവദനീയമാണ്.

കേരളത്തില്‍ പൊതുവേ ഒരു നല്ല ശതമാനം ഗര്‍ഭിണികളും ഗര്‍ഭകാലത്ത് അമിതമായി വണ്ണം വെയ്ക്കുന്നതായാണ് കാണുന്നത്.

ഇതിനു കാരണങ്ങള്‍ പലതാണ്

ഒരു കുഞ്ഞ് ഉള്ളില്‍ വളരുന്നതുകൊണ്ട് ഭക്ഷണം ഇരട്ടിയാകണം എന്ന മിഥ്യാധാരണ നമ്മുടെയിടയില്‍ നിലവിലുണ്ട്. ആചാരപ്രകാരം ഗര്‍ഭിണിയെ കാണാന്‍ ചെല്ലുന്നവരും മധുര പദാര്‍ത്ഥങ്ങളും നെയ്യില്‍ വറുത്ത പലഹാരങ്ങളും സുഭിക്ഷമായി നല്‍കുന്നു. പഴങ്ങളും പച്ചക്കറികളും കറിയാക്കിയോ സാലഡുകളാക്കിയോ കഴിക്കുന്നതിനു പകരം പഴച്ചാറുകളായും സൂപ്പുകളാക്കിയും കഴിയ്ക്കുന്നു. പാല്, ചോറ്, നെയ്യ് എന്നിവയുടെ അളവും ക്രമാതീതമായി കൂട്ടുന്നു.

ഗര്‍ഭ കാലത്ത് അമിതമായി ഭാരം കൂടിയാല്‍ അമ്മയ്ക്കും കുഞ്ഞിനും അതുകൊണ്ട് പ്രശ്നങ്ങളുണ്ടാകുന്നു.

ഗര്‍ഭിണിയ്ക്കുണ്ടാകുന്ന പ്രശ്നങ്ങള്‍

  1. ഗര്‍ഭകാലത്തെ പ്രമേഹം.
  2. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം.
  3. മാസം തികയാതെയുള്ള പ്രസവം.
  4. ഗര്‍ഭകാല ബുദ്ധിമുട്ടുകള്‍ അധികരിക്കുന്നു.
    (നടക്കുമ്പോഴുള്ള ശ്വാസംമുട്ടല്‍, കാലില്‍ നീര്, കാലിലെ ഞരമ്പുകള്‍ വീര്‍ക്കുന്ന അവസ്ഥ (Varicose Veins), ശരിയായ ദഹനം നടക്കാതിരിക്കുക മുതലായവ).
  5. പ്രസവ സമയത്ത് വരുന്ന പ്രയാസങ്ങളും സിസ്സേറിയന്‍ പ്രസവങ്ങളും.

കുഞ്ഞിനുണ്ടാകുന്ന പ്രശ്നങ്ങള്‍

  1. വര്‍ദ്ധിച്ച തൂക്കം/തൂക്കക്കുറവ്.
  2. സിസ്സേറിയന്‍ പ്രസവം.
  3. അമിതവണ്ണം കാരണം, കുഞ്ഞിന്റെ തോളുകള്‍ പുറത്തു വരാതെ ഞരമ്പുകള്‍ക്കു വരുന്ന ക്ഷതം (Shoulder Dystocia).
  4. പ്രസവം കഴിഞ്ഞ് രക്തത്തില്‍ പഞ്ചസാരയുടെയും ധാതുക്കളുടേയും അളവു കുറഞ്ഞ് ജെന്നി രോഗം.

ഇതുമാത്രമല്ല, അമ്മയ്ക്കും കുഞ്ഞിനും ഭാവിയില്‍ അമിതവണ്ണവും ദുര്‍മേദസ്സും ഉണ്ടാകാം. ജീവിതശൈലി രോഗങ്ങള്‍ക്കുള്ള സാധദ്ധ്യതയും ഏറുന്നു.

ഗര്‍ഭകാലത്ത് വേണ്ടത്ര തൂക്കം കൂടിയില്ലെങ്കിലും പ്രശ്നങ്ങളുണ്ട്. ഗര്‍ഭകാലത്ത് ഭാരം വേണ്ടത്ര കൂടിയില്ലെങ്കില്‍ കുഞ്ഞിന്റെ പ്രസവ സമയത്തെ തൂക്കം കുറയുകയും കുഞ്ഞിന്റെ ശാരീരികവും ബുദ്ധിപരവുമായ വികാസത്തെ ബാധിക്കുകയും ചെയ്യുന്നു. പല വിധത്തിലുള്ള അണു രോഗബാധയും കുഞ്ഞിനുണ്ടാകാവുന്നതാണ്.അമ്മയ്ക്ക് വിളര്‍ച്ചയും അമിത രക്തസ്രാവവും ഉണ്ടാകാം.

ഗര്‍ഭകാലത്ത് സാധാരണ ഗതിയില്‍ 12 തുടങ്ങി 14kg വരെയാണ് കൂടുന്നത്. ഇതില്‍ 25 ശതമാനവും അമ്മയുടെ ശരീരത്തില്‍ കൊഴുപ്പായിട്ടാണ് മാറുന്നത് (3.5kg വരെ). ബാക്കിയുള്ള ഭാരം കുഞ്ഞിനും മറുപിള്ളയ്ക്കും ഗര്‍ഭപാത്രത്തിനും മറ്റുമായിട്ട് വീതിച്ചു പോകുന്നു. അമിതഭാരം ഗര്‍ഭാവസ്ഥയില്‍ ഉണ്ടാകുമ്പോള്‍ അനുപാതികമായ അമ്മയുടെ ശരീരത്തിത്ത് കൊഴുപ്പിന്റെ അളവും കൂടുന്നു. പ്രസവം കഴിയുമ്പോള്‍ വേണ്ട ശ്രദ്ധ കൊടുത്തില്ലെങ്കില്‍ അത് അങ്ങനെ തന്നെ നിലനില്‍ക്കുന്നതായിട്ടാണ് കാണുന്നത്.

ഇതെങ്ങനെ തടയാം

  1. മാര്‍ഗ്ഗങ്ങള്‍ ഗര്‍ഭിണിയാകുന്നതിനു മുന്‍പു തന്നെ തുടങ്ങണം. ശരിയായ BMI ആണോ എന്ന് ഉറപ്പു വരുത്തിയിട്ടേ ഗര്‍ഭിണി ആകാവൂ. അമിതവണ്ണമുള്ളവര്‍ക്ക് ഗര്‍ഭം ധരിക്കാന്‍ തന്നെ ബുദ്ധിമുട്ട് വന്നേക്കാം. PCOD മുതലായ അണ്ഡോല്പാദനത്തെ ബാധിക്കുന്ന ഹോര്‍മോണുകളുടെ അസന്തുലിതാവസ്ഥക്കു അമിതഭാരം ഒരു കാരണമാണ്.
  2. ഗര്‍ഭിണികള്‍ക്ക് ആദ്യത്തെ മൂന്നു മാസം കാര്യമായ തൂക്കക്കൂടുതല്‍ ഉണ്ടാകാറില്ല. ആദ്യത്തെ മൂന്നു മാസത്തില്‍ 1kg തൂക്കം മാത്രമേ കൂടുന്നുള്ളു. ശര്‍ദ്ദിലിന്റെ പ്രശ്നമുള്ളവര്‍ക്ക് തൂക്കം കുറയാറാണ് പതിവ്. പക്ഷേ അത് വളരെ തീവ്രമല്ലെങ്കില്‍ കുഞ്ഞിന്റെ ആരോഗ്യത്തിനെ ബാധിക്കുകയില്ല.
  3. പിന്നെയുള്ള 7 മാസങ്ങളിലാണ് മേല്‍പ്പറഞ്ഞ കണക്കില്‍ തൂക്കം വയ്ക്കുന്നത്. അങ്ങനെ നോക്കുകയാണെങ്കില്‍ ആഴ്ചയില്‍ ½kg വച്ച് നാലാം മാസം മുതല്‍ തൂക്കം കൂടുന്നു. 4തുടങ്ങി എട്ട് മാസം വരെ പൊതുവേ ഒരു മാസത്തില്‍ 1-1½kg വരെയും അവസാനത്തെ ഒരു മാസത്തില്‍ 2-3kg വരെയും തൂക്കം കൂടുന്നു. ഓരോ മാസവും ഈ തൂക്കത്തിന്റെ അളവിനെപ്പറ്റി നാം ശ്രദ്ധാലുക്കളായിരിക്കണം.

ഗര്‍ഭകാലത്തെ അമിതവണ്ണം നിയന്ത്രിക്കാന്‍ ഗര്‍ഭിണികള്‍ തീര്‍ച്ചയായും ശ്രദ്ധിക്കണം.

  1. ആഹാരത്തില്‍ എന്തെല്ലാം ശ്രദ്ധിക്കാം

ആഹാരകാര്യത്തില്‍ അതീവ ശ്രദ്ധപുലര്‍ത്തുക. ഗര്‍ഭകാലത്തെ പ്രത്യേക ആവശ്യങ്ങള്‍ക്കായി 300 കാലറി ഊര്‍ജ്ജം മാത്രമേ അധികം വേണ്ടതുള്ളു. ഒരു ദോശ, ഒരു മുട്ട, ഒരു ഗ്ലാസ് പാല് എന്നിവ അധികം കഴിക്കുമ്പോള്‍ത്തന്നെ ഈ അധിക ഊര്‍ജ്ജം ലഭ്യമാകും എന്നു മനസിലാക്കുക.

  1. ഒരു ഗ്ലാസ് പാല്, രണ്ട് അളവ് പച്ചക്കറി, സാലഡ്, ഒരു അളവ് പഴവര്‍ഗ്ഗങ്ങള്‍, ദിവസവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. പയറു വര്‍ഗ്ഗങ്ങളില്‍ ഏതെങ്കിലുമൊന്ന് ഭക്ഷണത്തിലുണ്ടെന്ന് ഉറപ്പു വരുത്തണം. സസ്യേതര ഭക്ഷണം കഴിക്കുന്നവര്‍ മീന്‍കറി ദിവസവും ഉള്‍പ്പെടുത്തണം.
  2. വറുത്തതും പൊരിച്ചതും തേങ്ങയുടെ അധിക ഉപയോഗം, കിഴങ്ങുവര്‍ഗ്ഗങ്ങള്‍ ഇവ ഒഴിവാക്കുക. ചോറു കഴിക്കുന്നത് അളവു കുറച്ചു കഴിക്കുക. കഴിയുന്നതും ഒരു നേരം മാത്രമേ ചോറ് ആകാവൂ.

വ്യായാമം ഗര്‍ഭകാലത്ത് അനുവദനീയമാണോ?

തീര്‍ച്ചയായും ഗര്‍ഭിണികള്‍ക്ക് വ്യായാമം ഗര്‍ഭകാലത്ത് തുടങ്ങുകയോ തുടരുകയോ ചെയ്യാം. ഡോക്ടറുടെ ഉപദേശം തേടിയതിനു ശേഷം മാത്രമേ ചെയ്യാവൂ. ഗര്‍ഭകാലത്തെ ചുരുക്കം ചില അവസ്ഥകളില്‍ മാത്രം ശാരീരിക വ്യായാമം അനുവദനീയമല്ല. ശരീരം അനങ്ങി എന്തെങ്കിലും ജോലി ചെയ്യുന്നതുകൊണ്ട് ഗര്‍ഭം അലസ്സിപ്പോവുകയോ, നേരത്തേ പ്രസവിക്കുകയോ ചെയ്യും എന്ന ഭീതി വേണ്ട.

ഗര്‍ഭകാലത്തുള്ള മിതമായ വ്യായാമ മുറകള്‍ കൊണ്ടുള്ള പ്രയോജനങ്ങള്‍ പലതാണ്

  1. നടുവേദന കുറയുന്നു
  2. ശരിയായ മലശോധന നടക്കുന്നു
  3. പ്രമേഹം, അധിക രക്തസമ്മര്‍ദ്ദം എന്നിവ വരാതെ സഹായിക്കുന്നു.
  4. ദുര്‍മേദസ്സിനെ നിയന്ത്രിക്കുന്നു
  5. പ്രസവം കഴിഞ്ഞുള്ള വ്യായാമം അമിതമായി അടിഞ്ഞുകൂടിയ കൊഴുപ്പു മാറ്റി ശരീരത്തിന്റെ ആകൃതിയും വടിവും വീണ്ടെടുക്കാന്‍ സഹായിക്കുന്നു.

എന്തെല്ലാം വ്യായാമങ്ങള്‍ ഗര്‍ഭകാലത്ത് ചെയ്യാം?

ദിവസം 30 മിനിറ്റ് വ്യായാമം ചെയ്യുക. വേഗതയില്‍ നടക്കുക, നേരത്തേ ചെയ്തുകൊണ്ടിരുന്ന വ്യായാമ മുറകള്‍ തുടരുക, ഇവയൊക്കെ അതില്‍പ്പെടും. ശരീരത്തിന്റെ ബാലന്‍സ് തെറ്റി വീഴാനിടയില്ലാത്ത എല്ലാ വ്യായാമങ്ങളും ചെയ്യാം.

രണ്ടു കാര്യങ്ങള്‍ ഓര്‍ത്തിരിയ്ക്കണം

  1. സന്ധി ബന്ധങ്ങള്‍ ഹോര്‍മോണുകളുടെ ഫലത്തില്‍ അയഞ്ഞിരിക്കുന്നതിനാല്‍ വീഴാനും ബാലന്‍സ് നഷ്ടപ്പെടാനുമുള്ള സാദ്ധ്യതയുണ്ട്. അതുകൊണ്ട് ചാടുന്നതും ജെര്‍ക്കി ആയിട്ടുള്ളതുമായ വ്യായാമങ്ങള്‍ പാടില്ല.
  2. വയറു വലുതാകുന്നതിനനുസരിച്ച് മുന്നിലേയ്ക്കുള്ള ഭാരം കൂടുകയും മുന്നിലേയ്ക്കു വീഴാനുള്ള സാദ്ധ്യത കൂടുതലാകുകയും ചെയ്യും.

ഒരു കുഞ്ഞിന്റെ ജീവിതത്തിലെ ആദ്യ 280 ദിവസങ്ങള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. പോഷകാഹാരങ്ങള്‍ ശ്രദ്ധിച്ചു കഴിച്ചും സ്ഥിരമായി വ്യായാമം ചെയ്തും കുഞ്ഞിന് ആരോഗ്യമുള്ള ഒരു ജീവിതം ഗര്‍ഭാവസ്ഥയിലേ നമുക്ക് ഉറപ്പു വരുത്താം.

Dr. Lakshmi Ammal
Consultant Gynaecologist
SUT Hospital, Pattom

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme