ക്യാന്‍സര്‍ വന്ന് മരിക്കുന്നവരെക്കാള്‍ കൂടുതല്‍ പേര്‍ ഹൃദയാഘാതം വന്ന് മരണപ്പെടുന്നു
പ്രവാസികളുടെ ഇടയില്‍ ഹൃദയാഘാതം വന്ന് മരിക്കുന്നവരുടെ എണ്ണം കൂടുന്നുവെന്ന് അഷ്‌റഫ് താമരശ്ശേരി. ക്യാന്‍സര്‍ വന്ന് മരിക്കുന്നവരെക്കാള്‍ കൂടുതല്‍ പേര്‍ ഹൃദയാഘാതം വന്ന് മരണപ്പെടുന്നുവെന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. അതുകൊണ്ട് ചിട്ടയായ ഭക്ഷണവും ഉറക്കവും, വ്യായാമവും ഒക്കെ ഒന്ന് ശീലമാക്കാണമെന്ന് അഷ്‌റഫ് താമരശ്ശേരി ഫേസ്ബുക്കിലൂടെ ആഭ്യര്‍ഥിച്ചു.
ഇന്നലെ ഗള്‍ഫില്‍ മരിച്ച പ്രവാസികളില്‍ ആറുപേരും ഹൃദയാഘാതം മൂലമാണ് മരിച്ചത്. ഇവരെല്ലാം നാല്‍പ്പത് വയസിന് താഴെ മാത്രം പ്രായമുള്ളവരാണ്. ഇതില്‍ ഒരു അധ്യാപികയും ഉള്‍പ്പെടുന്നു.
അഷ്‌റഫ് താമരശ്ശേരിയുടെ ഫേസ്ബുക്കിന്റെ പൂര്‍ണ രൂപം
ഇന്നലെ 6 മയ്യത്തുകളാണ് നാട്ടിലേക്ക് അയച്ചത്. എന്നെ ഏറ്റവും കൂടുതല്‍ വേദനിപ്പിച്ചത് മരിച്ചവരില്‍ ആറുപേരും 40 വയസ്സിന് താഴെ പ്രായമുളളവരാണ്.മരണം കാരണം ഹൃദയാഘാതമാണ്.ഒരു പക്ഷെ ക്യാന്‍സര്‍ വന്ന് മരിക്കുന്നവരെക്കാള്‍ കൂടുതല്‍ പേര്‍ ഹൃദയാഘാതം വന്ന് മരണപ്പെടുന്നുവെന്നത് ഒരു യാഥാര്‍ത്ഥ്യമാണ്.
ഇതിനുളള പരിഹാരം ആരോഗ്യകരമായ ജീവിത ശൈലിയും ശരിയായ ഭക്ഷണശീലവും പിന്തുടരുക എന്നുള്ളതാണ്. നിര്‍ഭാഗ്യവശാല്‍ ഇന്നത്തെ യുവത്വത്തിന് ഒഴിച്ചുകൂടാനാവാത്ത ശീലം ഫാസ്റ്റ് ഫുഡാണ്, ഒഴിവാക്കപ്പെടുന്നത് വ്യായാമവും ആണ്. സാദാ സമയവും മൊബൈലില്‍ ജീവിക്കുന്നവരായി തീര്‍ന്നിരിക്കുന്നു ഇന്നത്തെ തലമുറ.
ദിവസവും ഒരു പാട് മയ്യത്തുകളെ കാണുന്ന ഒരു വ്യക്തിയെന്ന നിലയില്‍ ഞാന്‍ പ്രവാസികളോട് അപേക്ഷിക്കുകയാണ്,നമ്മുടെ ഈ തിരക്കുപിടിച്ച ജീവിതത്തിനിടയ്ക്ക് ചിട്ടയായ ഭക്ഷണവും ഉറക്കവും, വ്യായാമവും ഒക്കെ ഒന്ന് ശീലമാക്കാന്‍ ശ്രമിക്കുക.മനുഷ്യന്‍ ജീവിച്ചിരുന്നാല്‍ മാത്രമെ എന്തെങ്കിലും നേടുവാന്‍ കഴിയു.എല്ലാം നമ്മള്‍ നേടുമ്പോഴും അത് അനുഭവിക്കാന്‍ നമ്മളില്ലെങ്കില്‍ ആ നേട്ടങ്ങള്‍ക്ക് ഏന്താണ് അര്‍ത്ഥം. ഇനിയെങ്കിലും ചിന്തിക്കു.സമയം വൈകിയിട്ടില്ല.
കഴിഞ്ഞ ദിവസം കയറ്റിയച്ച മയ്യത്തുകളില്‍ ഒരു യുവതിയായ അദ്ധ്യാപികയുമുണ്ടായിരുന്നു. തിരുവനന്തപുരം പരശുവക്കല്‍ സ്വദേശി അഞ്ജു ടീച്ചര്‍,കഴിഞ്ഞ കുറച്ച് കാലമായി ദുബായിലെ ന്യു ഇന്‍ഡ്യന്‍ മോഡല്‍ സ്‌കൂളിലെ ഇംഗ്ലീഷ് വിഭാഗത്തിലെ അദ്ധാപികമായി ജോലി ചെയ്ത് വരുകയായിരുന്നു.പെട്ടെന്ന് കുഴഞ്ഞ് വിഴുകയും ആശുപത്രിയില്‍ എത്തിക്കുകയും,അവിടെ വെച്ച് മരണം സംഭവിക്കുകയും ചെയ്തു.ഭര്‍ത്താവ് അനീഷ് ചന്ദ്രനും അദ്ധ്യാപകനായി അതേ സ്‌കൂളില്‍ ജോലി ചെയ്യുന്നു.
ജീവിച്ച് കൊതിതീരുന്നതിന് മുമ്പേ വിടപറയേണ്ടി വരുന്ന ചില ജീവിതങ്ങളുണ്ട്. അവരുടെ ഓര്‍മകള്‍ എന്നും പ്രിയപ്പെട്ടവരുടെ ഹൃദയത്തില്‍ തീരാവേദനയായിരിക്കും. അഞ്ജു എന്ന അദ്ധ്യാപികയുടെ അകാലത്തിലുള്ള വേര്‍പാട് സഹപ്രവര്‍ത്തകര്‍ക്കും,വിദ്യാര്‍ത്ഥികള്‍ക്കും ഇപ്പോഴും ഉള്‍ക്കൊള്ളാനായിട്ടില്ല.
ആ വേദനകളുടെ ആഴമൊന്നളക്കണമെങ്കില്‍, ആ നഷ്ടത്തിന്റെ വലുപ്പം അറിയണമെങ്കില്‍ ഭര്‍ത്താവ് അനീഷ് ചന്ദ്രനെ നോക്കിയാല്‍ മതിയാകും. പ്രിയതമയുടെ വിയോഗത്തില്‍ നിന്നും തിരികെ വരുവാന്‍ ഇപ്പോഴും അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല.
ജീവിച്ചു കൊതി തീരാത്ത,സ്വപ്നങ്ങള്‍ പരസ്പരം പങ്ക് വെച്ച് തീരുന്നതിന് മുമ്പെ, നഷ്ടപ്പെട്ട പോയ തന്റെയെല്ലാമായവളുടെ ഓര്‍മ്മ അവിടെ തളംകെട്ടി നില്‍ക്കുകയാണ്.ഒരു സ്‌നേഹ നിര്‍ഭരമായ വാക്കുകള്‍ക്കും പകരം വയ്ക്കാനാകാത്ത വിധത്തില്‍. കാരണം, നഷ്ടങ്ങളുടെ വേദന അത് അനുഭവിച്ചവര്‍ക്കല്ലേ അറിയൂ……….
കണ്ണീരോടെ
അഷ്‌റഫ് താമരശ്ശേരി