തിരുവനന്തപുരം: തുടര്‍ച്ചയായ ഹൃദയാഘാതങ്ങളാല്‍ ഒരു മണിക്കൂറോളം ഹൃദയമിടിപ്പ് നിലച്ച 40-കാരനെ വിദഗ്ദ്ധ ചികിത്സയിലൂടെ തിരികെ കൊണ്ടുവന്ന് തിരുവനന്തപുരം കിംസ്‌ഹെല്‍ത്തിലെ മെഡിക്കല്‍ സംഘം. ഹൃദയത്തിലേക്ക് ശുദ്ധരക്തമെത്തിക്കുന്ന പ്രധാന രക്തധമനിയില്‍ ഗുരുതര ബ്ലോക്കുണ്ടായതും സങ്കീര്‍ണ്ണമായ കൊറോണറി ത്രോംബോസിസുമാണ് ഒന്നിലധികം ഹൃദയാഘാതങ്ങള്‍ക്ക് കാരണമായത്.
കഠിനമായ നെഞ്ചുവേദനയും ശ്വാസതടസ്സവും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് രോഗിയെ കിംസ്‌ഹെല്‍ത്തിലെ എമര്‍ജന്‍സി വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയിലെത്തിക്കുമ്പോള്‍ തന്നെ രോഗിയില്‍ ഹൃദയാഘാതം സംഭവിച്ചിരുന്നു. 45 മിനിറ്റോളം സിപിആര്‍ നല്‍കി ഹൃദയമിടിപ്പ് വീണ്ടെടുക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും രോഗിയില്‍ തുടര്‍ച്ചയായി ഹൃദയാഘാതങ്ങള്‍ സംഭവിച്ചു കൊണ്ടിരുന്നു. ഗുരുതരാവസ്ഥ കണക്കിലെടുത്ത് ഇസിപിആര്‍ (എക്‌സ്ട്രാകോര്‍പ്പോറിയല്‍ കാര്‍ഡിയോപള്‍മണറി റസസ്സിറ്റേഷന്‍) പ്രൊസീജിയറിലേക്ക് നീങ്ങുകയായിരുന്നു. എക്‌മോ ഉപകരണത്തിന്റെ സഹായത്തോടെ രക്തത്തിലെ ഓക്‌സിജന്റെ അളവ് ഉറപ്പ് വരുത്തി കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് നീക്കം ചെയ്യുന്നതാണ് ഇസിപിആര്‍ പ്രൊസീജിയര്‍.
ബ്ലഡ് ക്‌ളോട്ടും ബ്ലോക്കും നീക്കം ചെയ്യുന്നതിനായി കാര്‍ഡിയോളജി വിഭാഗം കണ്‍സല്‍ട്ടന്റ് ഡോ. ദിനേശ് ഡേവിഡിന്റെ നേതൃത്വത്തില്‍ ത്രോമ്പോസക്ഷനും ആന്‍ജിയോപ്ലാസ്റ്റിയും രോഗിയില്‍ നടത്തുകയായിരുന്നു. ക്ലോട്ട് രൂപപ്പെട്ട സ്ഥലത്ത് ത്രോംബെക്ടമി ഉപകരണം ഉപയോഗിച്ച് ക്‌ളോട്ട് നീക്കം ചെയ്തു. അതിജീവന സാധ്യത കുറഞ്ഞ ഏറെ സങ്കീര്‍ണ്ണമായ ഒരു രോഗാവസ്ഥയാണിത്, ഡോ. ദിനേശ് ഡേവിഡ് പറഞ്ഞു. എന്നാല്‍ മെഡിക്കല്‍ സംഘത്തിന്റെ അടിയന്തര ഇടപെടലിലൂടെ ഹൃദയത്തിലേക്ക് രക്തയോട്ടം പുനഃസ്ഥാപിക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രൊസീജിയറിനെ തുടര്‍ന്ന് എക്‌മോ ഉപകരണത്തിന്റെ സഹായത്തോടെ തന്നെ രോഗിയെ ഐസിയുവിലേക്ക് മാറ്റി. ഒരാഴ്ച ഐസിയുവില്‍ കഴിഞ്ഞ രോഗി പിന്നീട് ഒരു മാസത്തിന് ശേഷം ആശുപത്രി വിടുകയും ചെയ്തു. രോഗി ഇപ്പോള്‍ തുടര്‍ചികിത്സ സ്വീകരിച്ച് വരികയാണ്.