in

ഹൃദയാഘാതം സംഭവിച്ച രോഗിയെ രക്ഷിയ്ക്കാന്‍ ചെയ്യേണ്ട കാര്യങ്ങള്‍

Share this story

ഓരോ ദിവസവും ഹൃദയാഘാതം മൂലം മരണമടയുന്ന എത്രയോ പേരുണ്ട്. ആരോഗ്യപരമായ കാര്യങ്ങളാലും ജീവിരീതികളാലുമെല്ലാം ഇന്ന് ഹൃദയാഘാതം നേരിടുന്നവരുടെ എണ്ണം കൂടിവരികയാണ്. പ്രത്യേകിച്ച് ചെറുപ്പക്കാരില്‍ ഹൃദയാഘാത സാധ്യത കൂടുകയാണെന്നാണ് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.

ഹൃദയാഘാതവുമായി ബന്ധപ്പെട്ട് ഏറ്റവും ശ്രദ്ധിക്കേണ്ടുന്ന ഒന്നാണ് സമയബന്ധിതമായ ചികിത്സ. പലപ്പോഴും രോഗിക്ക് പ്രാഥമിക ചികിത്സ പോലും ലഭിക്കാതെ പോകുന്നതാണ് മരണകാരണമായി വരാറ്. കൂടെയുള്ളവരില്‍ ഈ അവസ്ഥയെ കുറിച്ച് വേണ്ടത്ര അവബോധമില്ലാതിരിക്കുന്നതാണ് പ്രധാന വെല്ലുവിളി.

ഇതിന് ആദ്യം ഹൃദയാഘാതത്തിന്റേതായ ലക്ഷണങ്ങളെ കുറിച്ചുള്ള അറിവാണ് ആവശ്യം. കൂടെയുള്ളയാള്‍ക്ക് അസുഖമാകുമ്പോള്‍ അത് തിരിച്ചറിയാന്‍ സാധിക്കണം. പലപ്പോഴും രോഗിക്കും കൂടെയുള്ളവര്‍ക്കും സംശയവും ആശയക്കുഴപ്പവും തോന്നിയേക്കാവുന്ന ലക്ഷണങ്ങളാണ് ഹൃദയാഘാതത്തിന്റേതായി വരിക. എങ്കിലും ഇവ തിരിച്ചറിയേണ്ടതുണ്ട്.

എല്ലാവരിലും ഒരേതരത്തിലുള്ള ലക്ഷണങ്ങളല്ല പ്രകടമാവുക എന്നതാണ് ആദ്യം അറിയേണ്ടത്. പ്രധാന ലക്ഷണമായ നെഞ്ചുവേദന തന്നെ എല്ലാവരിലും കാണണമെന്നില്ല. വേദനയ്ക്ക് പകരം നെഞ്ചില്‍ ഭാരം, ശ്വാസതടസം പോലുള്ള അസ്വസ്ഥതയും ഹൃദയാഘാതത്തില്‍ വരാം. കീഴ്ത്താടി, തോള്‍ഭാഗം, കൈകള്‍, അതുപോലെ ഉദരഭാഗം, നടുഭാഗത്തെല്ലാം വേദന അനുഭവപ്പെടാം.

ബ്ലോക്ക് മൂലം രക്തയോട്ടം തടസപ്പെടുന്നതോടെയാണ് ഇവിടങ്ങളിലെല്ലാം വേദന അനുഭവപ്പെടുന്നത്. സാധാരണഗതിയില്‍ ആരോഗ്യപ്രശ്നങ്ങള്‍ മൂലമുണ്ടാകുന്ന വേദനയാണെങ്കില്‍ വിശ്രമിക്കുമ്പോള്‍ തന്നെ ഇത് മാറിയേക്കാം. എന്നാല്‍ ഹൃദയാഘാതം മൂലമുള്ള വേദന അങ്ങനെ മാറുന്നതല്ല.

വേദനയ്ക്കൊപ്പം തന്നെ തളര്‍ച്ച, മരവിപ്പ്, ദുര്‍ബലത എന്നിവയെല്ലാം രോഗിയില്‍ അനുഭവപ്പെടാം. പ്രത്യേകിച്ച് ഇടം കയ്യിനാണ് ഈ പ്രശ്നങ്ങള്‍ അനുഭവപ്പെടുക. ചിലരില്‍ ദിവസങ്ങളോളം വേദനയോ അസ്വസ്ഥതയോ നീണ്ടുനിന്നേക്കാം. മറ്റ് ചിലരാകട്ടെ, പെട്ടെന്ന് തന്നെ തകര്‍ന്നുവീഴുകയും ചെയ്യുന്നു. അസ്വസ്ഥത കൊണ്ട് മുഷ്ടി ചുരുട്ടുകയും, വിയര്‍ക്കുകയും ചെയ്യുന്നതെല്ലാം ഹൃദയാഘാതത്തില്‍ കാണുന്നതാണ്, ഇക്കാര്യങ്ങളും ശ്രദ്ധിക്കുക.

എന്തായാലും ഹൃദയാഘാത ലക്ഷണമാണ് കാണുന്നതെങ്കില്‍ ഉടനടി ചെയ്യേണ്ട കാര്യങ്ങളുണ്ട്. ആദ്യം തന്നെ അടിയന്തരമായ മെഡിക്കല്‍ സഹായത്തിന് ഫോണ്‍ ചെയ്യുക. ഇക്കാര്യം ഉറപ്പുവരുത്തിയ ശേഷം രോഗിയെ സമാധാനപൂര്‍വ്വം എവിടെയെങ്കിലും ഇരുത്തുക. ഇരിക്കുന്നത് നെഞ്ചുവേദന പോലുള്ള വിഷമതകളെ അല്‍പം ലഘൂകരിക്കാന്‍ സഹായിക്കും. അതുപോലെ ഹൃദയാഘാതം മൂലം തകര്‍ന്നുവീഴുന്നത് തടയാന്‍ ഇത്തരത്തില്‍ ഇരിക്കുന്നത് സഹായകമാണ്.

ശേഷം രോഗിയോട് സംസാരിക്കുക. അവരെ ഒട്ടും ഭയപ്പെടുത്താതെയും ഉത്കണ്ഠപ്പെടുത്താതെയും വേണം സംസാരിക്കാന്‍. കൂട്ടിരിപ്പുകാരുടെ ആശങ്കകളൊന്നും തന്നെ രോഗിയെ ഒരു കാരണവശാലും ബാധിക്കരുത്. എല്ലാം ശരിയാകുമെന്ന പ്രതീക്ഷയും ധൈര്യവുമാണ് ഈ ഘട്ടത്തില്‍ രോഗിക്ക് നല്‍കേണ്ടത്.

ഇനി, രോഗി വേദനയ്ക്കും മറ്റ് ലക്ഷണങ്ങള്‍ക്കും പിറകെ തകര്‍ന്നുവീഴുകയും അനക്കമറ്റ് കിടക്കുകയുമാണ് ചെയ്യുന്നതെങ്കിലോ! അബോധാവസ്ഥയിലേക്ക് രോഗി കടക്കുകയും, പള്‍സ് അനുഭപ്പെടാതിരിക്കുകയും ചെയ്യുന്ന സാഹചര്യമാണെങ്കില്‍ ഇവിടെയാണ് സിപിആര്‍ നല്‍കേണ്ടുന്നതിന്റെ ആവശ്യകത. സിപിആര്‍ അത്ര എളുപ്പത്തില്‍ ചെയ്തുതീര്‍ക്കാവുന്ന ഒന്നല്ല.

ഇതിന് കൃത്യമായ പരിശീലനം ആവശ്യമാണ്. ഇന്ന് മിക്ക സ്ഥാപനങ്ങളിലും, തൊഴിലിടങ്ങളിലുമെല്ലാം സിപിആര്‍ നല്‍കാന്‍ പരിശീലിപ്പിക്കാറുണ്ട്. അതല്ലാത്തവര്‍ക്കും ഇത് പരിശീലിച്ചെടുക്കാവുന്നതാണ്. ശാസ്ത്രീയമായി തന്നെ ഇത് ചെയ്തില്ലെങ്കില്‍ രോഗിക്ക് ഫലം ചെയ്യില്ലെന്ന് മാത്രമല്ല, അപകടവും വരുത്താം. അതിനാല്‍ സിപിആര്‍ കൊടുക്കുന്ന വിധം ഏവരും അറിഞ്ഞുവയ്ക്കുന്നത് ഉചിതമാണ്. പലപ്പോഴും രോഗിയെ മരണത്തിന്റെ വക്കില്‍ നിന്ന് തിരിച്ചെടുക്കുന്നത് സിപിആറിലൂടെയാണ്. അത്രമാത്രം പ്രാധാന്യം ഇതിനുണ്ടെന്ന് തിരിച്ചറിയുക.

രാജ്യത്ത് വൃക്ക മാറ്റി വയ്ക്കലിനായി കാത്തിരിക്കുന്നത് ഒന്നരലക്ഷം പേര്‍

കട്ടന്‍കാപ്പി കുടിച്ച് തടി കുറയ്ക്കാം