എല്ലാ വര്‍ഷവും മാര്‍ച്ച് മാസം രണ്ടാം വ്യഴാഴ്ച ലോക വൃക്ക ദിനമായി ആചരിക്കപ്പെടുന്നു. ആരോഗ്യമുള്ള വൃക്കകള്‍ എല്ലാവര്‍ക്കും എന്നതാണ് 2022ലെ ലോക വൃക്ക ദിന പ്രമേയം. ‘ആരോഗ്യമുള്ള ഒരു നാളേക്ക് ആരോഗ്യമുള്ള വൃക്ക’കളുടെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനുള്ള ദിനമാണ് ഇന്ന്. ജീവിത ശൈലി രോഗങ്ങളായ പ്രമേഹം, രക്താദിമര്‍ദ്ദം എന്നിവ വര്‍ധിക്കുന്നതിന് ആനുപാതികമായിട്ടാണ് വൃക്ക രോഗവും വര്‍ധിക്കുന്നത്. കഴിഞ്ഞ പത്തുവര്‍ഷത്തില്‍ ലോകമെമ്പാടും വൃക്ക രോഗികളുടെ എണ്ണത്തില്‍ മുപ്പത് ശതമാനം വര്‍ധനവാണുണ്ടായത്.

ഇന്ത്യയില്‍ ജനസംഖ്യയുടെ പതിനേഴ് ശതമാനം പേര്‍ക്ക് വൃക്ക രോഗമുള്ളത്തായി കണക്കാക്കപ്പെടുന്നു. ഇതില്‍ സ്ഥിരമായ വൃക്ക സ്തംഭനം സംഭവിച്ചവരുടെ എണ്ണം ആയിരത്തില്‍ എട്ടുപേര്‍ക്കാണ്. രാജ്യത്ത് ഒന്നരലക്ഷം പേര്‍ വൃക്ക മാറ്റിവയ്ക്കലിനായി രജിസ്റ്റര്‍ ചെയ്തു കാത്തിരിക്കുന്നതായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ.എം.എ) പറയുന്നു. ഇതുവരെ പതിനായിരത്തില്‍ താഴെമാത്രം വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയങ്ങളാണ് ഇന്ത്യയില്‍ നടന്നിട്ടുള്ളത്. അവയവദാനത്തിന് ആളുകള്‍ മുന്നോട്ട് വരണം. വൃക്ക മാറ്റ ശസ്ത്രക്രിയകള്‍ വിജയകരമാണെങ്കിലും അവയവദാനത്തെക്കുറിച്ചുള്ള അവബോധം കുറവാണെന്ന് ലോക വൃക്ക ദിനത്തിന്റെ ഭാഗമായി നടന്ന ദേശീയ സമ്മേളനത്തില്‍ ഐ.എം.എ ദേശീയ അധ്യക്ഷന്‍ ഡോ.സഹജാനന്ദ് പ്രസാദ് സിംഗ് പറഞ്ഞു. മാറാരോഗം കാരണം ദുരിതമനുഭവിക്കുന്ന വ്യക്തിക്ക് അവയവം മാറ്റി വയ്ക്കുന്നതിലൂടെ ആരോഗ്യമുള്ള മെച്ചപ്പെട്ട ജീവിതത്തിലേക്ക് തിരിച്ചുവരാനാകും. ഒരാള്‍ ഒരു വൃക്കയോ, കരളോ ദാനം ചെയ്താലും ആരോഗ്യജീവിതം നയിക്കാനാകുമെന്നും ഡോ.സഹജാനന്ദ് പ്രസാദ് സിംഗ് പറഞ്ഞു.

2018ലെ കണക്ക് പ്രകാരം 1.75 ലക്ഷം പേര്‍ ഡയാലിസിന് വിധേയരാകുന്നു. രാജ്യത്ത് ഡയാലിസിസ് ആവശ്യമായി വരുന്ന രോഗികളില്‍ കേവലം മുന്നിലൊന്ന് പേര്‍ക്കെ അത് ലഭ്യമാകുന്നുള്ളു. അതായത് നൂറു പേര്‍ക്ക് ഡയാലിസിസ് ആവശ്യമുള്ളിടത്ത് മുപ്പത് പേര്‍ക്ക് ലഭിക്കുകയും ബാക്കി എഴുപതുപേര്‍ മരണത്തിന് കീഴടങ്ങുകയും ചെയ്യുന്ന ഭീതിതമായ ഒരു സാഹചര്യം നിലനില്‍ക്കുന്നുവെന്നര്‍ത്ഥം. തൊണ്ണൂറുകളില്‍ വൃക്ക രോഗങ്ങള്‍ കൊണ്ടുണ്ടായ മരണം അഞ്ചുലക്ഷമായിരുന്നത് 2016ല്‍ അതിരട്ടിച്ചു പതിനൊന്ന് ലക്ഷത്തോളമായി. രോഗം നേരത്തെ കണ്ടു പിടിക്കാന്‍ കഴിയാത്തതിനാല്‍ കേരളത്തില്‍ ഡയാലിസിസ് വേണ്ടി വരുന്ന രോഗികളുടെ എണ്ണവും വൃക്ക മാറ്റി വയ്ക്കേണ്ട രോഗികളുടെ എണ്ണവും വളരെയേറെ വര്‍ധിച്ചിട്ടുണ്ട്. നാല്‍പത് വയസ് പിന്നിട്ടവര്‍ നിര്‍ബന്ധമായും പ്രതിമാസ ആരോഗ്യപരിശോധനകള്‍ക്ക് വിധേയരാകണം.

ലക്ഷണങ്ങള്‍ പലപ്പോഴും നേരത്തെ പ്രകടമാക്കാത്തതിനാല്‍ രോഗം അതിന്റെ അവസാനഘട്ടത്തിലാകും കണ്ടുപിടിക്കുക. വൃക്ക രോഗം പൂര്‍ണമായും ഭേദമാകില്ലെന്ന ചിന്ത രോഗികളെ പലപ്പോഴും അമിതമായ ഉല്‍കണ്ഠയിലേക്കും വിഷാദരോഗത്തിലേക്കും നയിക്കാറുണ്ട്. കൃത്യസമയത്ത് ചികിത്സിച്ചാല്‍ രോഗമുക്തി നേടാനാകും. വൃക്ക രോഗികള്‍ പലപ്പോഴും അഭിമുഖികരിക്കേണ്ടിവരുന്ന പ്രധാന പ്രയാസം സാമ്പത്തികമാണ്. മരുന്നുകള്‍ക്കും ഡയാലിസിസുള്ളവര്‍ക്കും ഭീമമായ പണച്ചെലവ് വേണ്ടിവരുന്നു. സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രതിമാസം നാല്‍പതിനായിരത്തോളം ഡയാലിസിസ് സെക്ഷനുകള്‍ മാത്രമാണ് നടക്കുന്നത്. സര്‍ക്കാര്‍ ആശുപത്രികളില്‍ ഡയാലിസിസ് യൂണിറ്റുകളുടെ എണ്ണം കൂട്ടിയാല്‍ അത് പാവപ്പെട്ട രോഗികള്‍ക്ക് ഒരാശ്വാസമാകും.

ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ഡയാലിസിസിന് വിധേയമാകുന്നവര്‍ക്കും വൃക്ക മാറ്റി വച്ച് തുടര്‍ ചികിത്സ ആവശ്യമുള്ളവര്‍ക്കും പ്രതിമാസം നല്‍കുന്ന 1100 രൂപയുടെ സമാശ്വാസ പദ്ധതിയില്‍ 2019 ഒക്ടോബര്‍ മുതല്‍ ധനസഹായം കുടിശിഖയാണ്. ഒരുകാരണവശാലും മുടങ്ങാന്‍ പാടില്ലാത്ത ഡയാലിസിസ് തുടരാനാവാതെ രോഗികള്‍ കടുത്ത പ്രതിസന്ധി നേരിടുന്നു. ഗുരുതര വൃക്ക രോഗങ്ങളിലേക്ക് എത്തുന്നവരുടെ എണ്ണത്തില്‍ കുറവ് വരുത്താന്‍ സര്‍ക്കാര്‍ അടിയന്തര ഇടപെടലുകള്‍ നടത്തേണ്ടത് ആവശ്യമായിരിക്കുന്നു
