നമ്മുടെ ശരീരം ബാഹ്യമായ പ്രേരക ഘടകങ്ങളോട് അമിതമായി പ്രതികരിക്കുന്നതാണ് അലര്‍ജി. 20 30% ആളുകള്‍ അലര്‍ജി കൊണ്ടുള്ള പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്നുണ്ടെന്നാണ് WHOയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. പ്രേരക ഘടകങ്ങള്‍ ആന്റിജന്‍ ആയി പ്രവര്‍ത്തിച്ച് നമ്മുടെ ശരീരത്തിലെ ആന്റിബോഡിസുമായി പ്രതികരിക്കുമ്പോഴാണ് അലര്‍ജി ഉണ്ടാകുന്നത്. നമ്മുടെ ചുറ്റുമുള്ള പൊടി, പൂമ്പൊടി, പൂപ്പല്‍, ചെറുപ്രാണികള്‍ എന്നിവയാണ് സാധാരണ കാണുന്ന ആന്റിജന്‍സ്. മാസ്റ്റ് കോശങ്ങള്‍ എന്ന ശ്വാസനാളിയിലെ കോശങ്ങളിലാണ് ഈ ആന്റിജന്‍ – ആന്റിബോഡി പ്രതികരണം ഉണ്ടാകുന്നത്. തന്മൂലം ശ്വാസനാളികള്‍ അമിതമായി പ്രതികരിക്കുമ്പോഴാണ് ശ്വാസകോശ സംബന്ധമായ അലര്‍ജി അഥവാ ആസ്ത്മ ഉണ്ടാകുന്നത്. ഇതുമൂലം അലര്‍ജിക്ക് റിയാക്ഷന്‍ തുടങ്ങി ആസ്തമ, വിട്ടുമാറാത്ത ചുമ എന്നിവ ഉണ്ടാകാം. ചില കാലാവസ്ഥയില്‍ പൂക്കുന്ന ചെടികളുടെയും മരങ്ങളുടെയും പൂമ്പൊടികള്‍, മഞ്ഞ്, തണുപ്പ് കാരണം ഉണ്ടാകുന്ന അലര്‍ജിയെ സീസണല്‍ അലര്‍ജി എന്നു പറയും. ഇവിടെ പ്രധാനമായും കാണുന്ന ലക്ഷണങ്ങള്‍ തുമ്മല്‍, മൂക്കടപ്പ് കണ്ണ് ചൊറിച്ചില്‍ എന്നിവയാണ്. കാലാവസ്ഥ ബാധകമല്ലാതെ എല്ലാ കാലങ്ങളിലും കണ്ടുവരുന്ന അലര്‍ജിയാണ് പെരിന്നിയല്‍ അലര്‍ജി (Perinniel Allergy). ഇതിന്റെ കാരണം ഏതുതരം ഔട്ട്ഡോര്‍ / ഇന്‍ഡോര്‍ അലര്‍ജന്‍സ് ആകാം.
സ്ഥിരീകരിച്ചിട്ടുള്ള ഇന്‍ഡോര്‍ അലര്‍ജന്‍സ്, ഹൗസ് ഡസ്റ്റ് (House dust), ഹൗസ് ഡസ്റ്റ് മൈറ്റ്സ് (House dust mites), പാറ്റ, വിറകടുപ്പിലെ പുക, കൊതുകുതിരി, സാംമ്പ്രാണി, സിഗരറ്റ് പുക എന്നിവയെല്ലാം ഉള്‍പ്പെടാം. ഔട്ട്ഡോര്‍ അലര്‍ജന്‍സില്‍ പൂമ്പൊടികള്‍, ഓട്ടോമൊബൈല്‍ എക്സോസ്റ്റ്, സിഗരറ്റ് പുക എല്ലാം ഉള്‍പ്പെടും.
ഇതുപോലെ ഭക്ഷണപദാര്‍ത്ഥങ്ങളില്‍ അടങ്ങിയിട്ടുള്ള ആന്റിജന്‍ അന്നനാളത്തിലെ Sub mucous layer-ല്‍ ഉണ്ടാക്കുന്ന പ്രതികരണം ആണ് അതിസാരം, ഛര്‍ദ്ദി തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടാക്കുന്നത്. പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങളാണ് സാധാരണയായി അലര്‍ജി ഉണ്ടാകുന്നത്. കപ്പലണ്ടി, പാല്‍, മുട്ട, മത്സ്യം, മാംസം തുടങ്ങിയ പദാര്‍ത്ഥങ്ങളോടാണ് സാധാരണയായി അലര്‍ജി കണ്ടുവരുന്നത്.
മരുന്നുകളോടുള്ള അലര്‍ജിയാണ് മറ്റൊരു പ്രധാനപ്പെട്ട പ്രതിഭാസം. ഇത് ഗുളിക രൂപത്തിലുള്ള മരുന്നിനോടും ദ്രാവകരൂപത്തിലുള്ള മരുന്നിനോടും രക്തധമനികളിലൂടെ നല്‍കുന്ന മരുന്നിനോടും ആകാം. മരുന്നിനോടുള്ള അലര്‍ജി Anaphylaxsi കാരണമാവാം.
Anaphylaxis അതീവഗുരുതരമായ രോഗാവസ്ഥയാണ്. രക്തസമ്മര്‍ദം അമിതമായി താഴുകയും ഹൃദയമിടിപ്പ് കൂടുകയും ശ്വാസതടസ്സമുണ്ടായി മരണം വരെ സംഭവിക്കുകയും ചെയ്യാം. ഈ അവസ്ഥ ഇഴജന്തുക്കളുടെയും പ്രാണികളുടെയും കടിയേറ്റാലും ചില ഭക്ഷണപദാര്‍ത്ഥങ്ങളുടെ അലര്‍ജി മൂലവും ഉണ്ടാകാം.
ഏതു തരത്തിലുള്ള അലര്‍ജി ആയാലും കാരണം വ്യക്തമായി നിര്‍ണ്ണയിച്ച് സമ്പര്‍ക്കം ഒഴിവാക്കുകയും ലക്ഷണങ്ങള്‍ ചികിത്സിച്ച് പോകുന്നതും അലര്‍ജിയുള്ള വ്യക്തിയുടെ ‘ക്വാളിറ്റി ഓഫ് ലൈഫ്’ നിലനിര്‍ത്താന്‍ അനിവാര്യമാണ്.
അലര്‍ജി ഉണ്ടാക്കുന്ന ആന്റിജന്‍ നിര്‍ണ്ണയിക്കാന്‍ പര്യാപ്തമായ ടെസ്റ്റുകളാണ് Intradermal Allergy ടെസ്റ്റും Skin Prick ടെസ്റ്റും ഇതു കൂടാതെ Allergen Specific IgE detection അഥവാ ELISA/RAST Test രക്തത്തിലുള്ള ആന്റിബോഡീസിനെ നിര്‍ണ്ണയിക്കാന്‍ സഹായകമാകും. അലര്‍ജി ഉണ്ടാക്കുന്ന പ്രേരക ഘടകത്തെ കണ്ടുപിടിച്ചാല്‍ ഇമ്മ്യൂണോ തെറാപ്പി എന്ന
ചികിത്സാ വിധി ഫലപ്രദമാണ്. അലര്‍ജിയുണ്ടാക്കുന്ന ഘടകത്തെ തന്നെ ഉപയോഗിച്ച് ശരീരത്തിന്റെ അമിത പ്രതിരോധശേഷി കുറയ്ക്കുന്ന രീതിയാണ് ഇമ്മ്യൂണോ തെറാപ്പി. ഈ ചികിത്സ തുടങ്ങുമ്പോള്‍ അലര്‍ജി ഉണ്ടാകാം, ഇതല്ലാതെ മറ്റ് പാര്‍ശ്വഫലങ്ങളില്ലാത്ത ചികിത്സാരീതിയാണ് ഇമ്മ്യുണോ തെറാപ്പി. അലര്‍ജിയുടെ കാരണ നിര്‍ണ്ണയവും ചികിത്സയും ചെറിയ ലക്ഷണങ്ങള്‍ തുടങ്ങി, Anaphylaxis വരെ കൈകാര്യം ചെയ്യാനുള്ള സജ്ജീകരണങ്ങളുള്ള സെന്ററിലായിരിക്കണം.
ഡോ. സോഫീയാ സലിം മാലിക്ക്
സീനിയര്‍ കണ്‍സള്‍ട്ടന്റ്
പള്‍മൊനോളൊജിസ്റ്റ്
എസ്.യു.ടി ഹോസ്പിറ്റല്‍, പട്ടം