- Advertisement -Newspaper WordPress Theme
FEATURESമണത്തക്കാളി ഇല കരള്‍ അര്‍ബുദത്തിനെതിരെ ഫലപ്രദമെന്ന്ആര്‍ജിസിബി ഗവേഷണം

മണത്തക്കാളി ഇല കരള്‍ അര്‍ബുദത്തിനെതിരെ ഫലപ്രദമെന്ന്ആര്‍ജിസിബി ഗവേഷണം

തിരുവനന്തപുരം: മണത്തക്കാളി ചെടിയില്‍ നിന്ന് വേര്‍തിരിച്ചെടുത്ത ഉട്രോസൈഡ്-ബി എന്ന സംയുക്തം കരള്‍ അര്‍ബുദത്തിനെതിരെ ഫലപ്രദമെന്ന് രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജിയുടെ (ആര്‍ജിസിബി) ഗവേഷണ ഫലം. ഇതിന് അമേരിക്കയുടെ എഫ് ഡിഎയില്‍ നിന്ന് ഓര്‍ഫന്‍ ഡ്രഗ് എന്ന അംഗീകാരം ലഭിച്ചു. 
കേരളത്തിലെ വീടുകളിലും വഴിയോരങ്ങളിലും കാണപ്പെടുന്ന കുറ്റിച്ചെടിയായ മണത്തക്കാളി (സോലാനം നിഗ്രം) യുടെ ഇലകള്‍ക്ക് കരളിനെ അനിയന്ത്രിതമായ കോശവളര്‍ച്ചയില്‍ നിന്ന് സംരക്ഷിക്കാനുള്ള ഗുണങ്ങളുണ്ടെന്ന് ഇന്ത്യ ഗവണ്‍മെന്‍റിന്‍റെ ബയോടെക്നോളജി വകുപ്പിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ ആര്‍ജിസിബിയിലെ ശാസ്ത്രജ്ഞര്‍ പറയുന്നു.
അപൂര്‍വ രോഗങ്ങള്‍ക്കുള്ള പുതിയ ചികിത്സകളുടെ വികസനത്തെയും വിലയിരുത്തലിനെയും പിന്തുണയ്ക്കുകയും മരുന്നുകളുടെ വേഗത്തിലുള്ള അംഗീകാരത്തിന് സഹായിക്കുകയും ചെയ്യുന്നതാണ് ഓര്‍ഫന്‍ ഡ്രഗ് പദവി.
ആര്‍ജിസിബിയിലെ സീനിയര്‍ സയന്‍റിസ്റ്റ് ഡോ.റൂബി ജോണ്‍ ആന്‍റോയും വിദ്യാര്‍ഥിനിയായ ഡോ.ലക്ഷ്മി ആര്‍ നാഥും പേറ്റന്‍റ് നേടിയ സാങ്കേതികവിദ്യ അമേരിക്കന്‍ മരുന്ന് കമ്പനിയായ ക്യുബയോമെഡ് വാങ്ങി. ഒക്ലഹോമ മെഡിക്കല്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ (ഒഎംആര്‍എഫ്) വഴിയാണ് സാങ്കേതിക കൈമാറ്റം നടത്തിയത്.
ഡോ.റൂബിയും ഡോ.ലക്ഷ്മിയും ചേര്‍ന്ന് മണത്തക്കാളി ചെടിയുടെ ഇലകളില്‍ നിന്ന് ഉട്രോസൈഡ്-ബി എന്ന തന്‍മാത്ര വേര്‍തിരിച്ചെടുക്കുകയായിരുന്നു.
അര്‍ബുദം ഉള്‍പ്പെടെയുള്ള കരള്‍ രോഗങ്ങളുടെ ചികിത്സയില്‍ ഈ ഗവേഷണം വഴിത്തിരിവാണെന്ന് തെളിയിക്കുമെന്ന് ആര്‍ജിസിബി ഡയറക്ടര്‍ ഡോ.ചന്ദ്രഭാസ് നാരായണ പറഞ്ഞു. ചരിത്രനേട്ടത്തിനുള്ള ആദ്യ പ്രതിഫലം ക്യുബയോമെഡില്‍ നിന്ന് ഇതിനകം ലഭിച്ചു. ഇപ്പോഴത്തെ ജീവിതശൈലി കാരണം കരളിന് അര്‍ബുദം വരാനുള്ള സാധ്യത കൂടുതലാണെന്ന് തെളിഞ്ഞിട്ടുള്ളതിനാല്‍ ആര്‍ജിസിബിയുടെ പുതിയ കണ്ടെത്തലിന് പ്രാധാന്യമേറെയാണ്. കരള്‍ രോഗവുമായി ബന്ധപ്പെട്ട് പ്രതിവര്‍ഷം 9 ലക്ഷം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുകയും 8 ലക്ഷം പേര്‍ മരിക്കുകയും ചെയ്യുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മണത്തക്കാളി ഇലകളില്‍ നിന്ന് സംയുക്തം വേര്‍തിരിച്ചെടുക്കുന്നതിനുള്ള പുതിയ രീതി വികസിപ്പിച്ചെടുത്ത തിരുവനന്തപുരം സിഎസ്ഐആര്‍-എന്‍ഐഎസ്ടിയിലെ ഡോ.എല്‍.രവിശങ്കറുമായി സഹകരിച്ച് ഡോ റൂബിയും സംഘവും സംയുക്തത്തിന്‍റെ പ്രവര്‍ത്തനരീതി പഠിക്കുകയും കരളിലെ കൊഴുപ്പ് രോഗം, നോണ്‍-ആല്‍ക്കഹോളിക് സ്റ്റീറ്റോ ഹെപ്പറ്റൈറ്റിസ്, ഭക്ഷ്യവിഷം മൂലമുണ്ടാകുന്ന കരള്‍ അര്‍ബുദം എന്നിവയ്ക്കെതിരായ ഫലപ്രാപ്തി വിലയിരുത്തുകയും ചെയ്തുവരുന്നു.

കരള്‍ അര്‍ബുദ ചികിത്സയ്ക്ക് എഫ് ഡിഎ അംഗീകാരമുള്ള ഒരു മരുന്ന് മാത്രമേ നിലവിലുള്ളൂവെന്ന് ഡോ.റൂബി പറഞ്ഞു.  
ഡോ.റൂബിയുടെ ടീം വികസിപ്പിച്ച സംയുക്തം നിലവില്‍ ലഭ്യമായ മരുന്നിനേക്കാള്‍ ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കരളിലെ കൊഴുപ്പ് രോഗം ചികിത്സിക്കുന്നതിന് ഈ സംയുക്തം ഫലപ്രദമാണെന്ന് ടോക്സിസിറ്റി പരിശോധനയില്‍ തെളിഞ്ഞു. അമേരിക്ക, കാനഡ, ജപ്പാന്‍, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങള്‍ ഈ സാങ്കേതികവിദ്യയ്ക്ക് പേറ്റന്‍റ്  അനുവദിച്ചിട്ടുണ്ട്.
മലേറിയ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ക്ലോറോക്വിന്‍ ഫോസ്ഫേറ്റ് ഉട്രോസൈഡ്-ബിയുമായി സംയോജിപ്പിച്ച് ഉപയോഗിച്ചാല്‍ കരള്‍ അര്‍ബുദത്തിനെതിരെ യുടിടി-ബിയുടെ ചികിത്സാ ഫലപ്രാപ്തി വളരെയധികം മെച്ചപ്പെടുത്താന്‍ കഴിയുമെന്നും ഡോ.റൂബിയുടെ ഗവേഷണ ഫലങ്ങള്‍ സൂചിപ്പിക്കുന്നു.
നേച്ചര്‍ ഗ്രൂപ്പ് ഓഫ് ജേണലിലൊന്നായ ‘സയന്‍റിഫിക് റിപ്പോര്‍ട്ട്സി’ലാണ് ഗവേഷണ പ്രബന്ധം പ്രസിദ്ധീകരിച്ചത്.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme