- Advertisement -Newspaper WordPress Theme
BEAUTYഉപ്പൂറ്റിവേദന നിസ്സാരമല്ല - വേണ്ടത് ശരിയായ ചികിത്സ

ഉപ്പൂറ്റിവേദന നിസ്സാരമല്ല – വേണ്ടത് ശരിയായ ചികിത്സ

മനുഷ്യ ശരീരത്തിലെ മറ്റെല്ലാ അവയവങ്ങളെപ്പോലെ തന്നെ ഏറെ പ്രാധാന്യമുള്ള ഭാഗമാണ് കാല്‍പാദങ്ങള്‍. മനുഷ്യന് ദൈവം നല്‍കിയ അത്ഭുത സൃഷ്ടിയായ കാല്‍പാദങ്ങള്‍ക്ക് ഉണ്ടാകുന്ന പ്രശ്നങ്ങള്‍ക്കും അത്ര തന്നെ പ്രാധാന്യം നാം നല്‍കേണ്ടത് ആവശ്യമാണ്. മുട്ടുവേദനയോ നടുവേദനയോ പോലെ തന്നെ മറ്റൊരു പ്രധാന പ്രശ്നമാണ് ഇന്ന് കണ്ടുവരുന്ന ഉപ്പൂറ്റിവേദന അഥവാ പ്ലാന്റാര്‍ ഫേഷ്യറ്റിസ്.

ഉപ്പൂറ്റിയിലെ അസ്ഥികളും കാല്‍വിരലുകളുടെ അസ്ഥികളും തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരു കട്ടികൂടിയ പാടയാണ് പ്ലാന്റാര്‍ ഫേഷ്യ. ഈ ഫെഷ്യക്കുണ്ടാകുന്ന നീര്‍വീക്കം ക്രമേണ ഉപ്പൂറ്റിവേദനയിലേക്ക് നയിക്കാം. രാവിലെ ഉറക്കമുണര്‍ന്ന് കാലുകള്‍ നിലത്ത് കുത്താന്‍ ശ്രമിക്കുമ്പോഴാണ് പലരിലും പാദങ്ങള്‍ നിലത്ത് കുത്താന്‍ കഴിയാത്തവണ്ണം അസഹനീയമായ വേദന അനുഭവപ്പെടുന്നത്. ചിലര്‍ക്ക് ഈ വേദന കുറച്ചു നടന്ന് കഴിയുമ്പോള്‍ മാറും. എന്നാല്‍ അല്‍പനേരം വിശ്രമിച്ചശേഷം നടക്കാന്‍ ശ്രമിച്ചാല്‍ വേദന വീണ്ടും അനുഭവപ്പെടുന്നു. വേണ്ട സമയത്ത് കൃത്യമായ ചികിത്സ നേടിയില്ലെങ്കില്‍ നാം നിസ്സാരമായി കാണുന്ന ഈ ഉപ്പൂറ്റിവേദന നമ്മുടെ നടത്തത്തെ തന്നെ സാരമായി ബാധിക്കുന്ന അവസ്ഥയിലേക്ക് നയിക്കാം.

ലക്ഷണങ്ങള്‍

  • ഉപ്പൂറ്റിയിലെ അസഹനീയമായ വേദന, നീര്‍ക്കെട്ട്, സ്റ്റിഫ്നസ് തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍.
  • ഒരു കാലില്‍ മാത്രമായോ അല്ലെങ്കില്‍ രണ്ടിലുമായോ ഇത്തരം ലക്ഷണങ്ങള്‍ കണ്ടുവരുന്നു.

പ്ലാന്റാര്‍ ഫേഷ്യറ്റിഡിന്റെ കാരണങ്ങള്‍

  • കാലിന്റെ അടിയിലെ പേശികളിലേക്കുള്ള രക്തയോട്ടം കുറയുന്നതും കാല്‍പാദത്തിലെ ആര്‍ച്ച് സംബന്ധമായ പ്രശ്നങ്ങള്‍, ഫ്ലാറ്റ് ഫൂട്ട്, Raised Arch തുടങ്ങിയ കാരണങ്ങളാലും വേദന ഉണ്ടാകാം.
  • Achilles tendon tightness, അമിതവണ്ണം, അധികനേരം നില്‍ക്കുക, ദീര്‍ഘദൂര ഓട്ടം, ഗര്‍ഭകാലത്തെ ശരീരഭാര വര്‍ദ്ധന എന്നിവയാണ് മറ്റു പ്രധാന ഘടകങ്ങള്‍.
  • പാദരക്ഷകള്‍ തെരഞ്ഞെടുക്കുമ്പോള്‍ ഉണ്ടാകുന്ന ആശ്രദ്ധ മറ്റൊരു പ്രധാന കാരണമാണ്.

മോശമായ ഇന്‍സോളുകള്‍, ആര്‍ച്ച് സപ്പോര്‍ട്ടില്ലാതിരിക്കുക, കൃത്യമായ അളവ് അല്ലാതിരിക്കുക, നനഞ്ഞ സോക്സ് ഉപയോഗിക്കുക, തെറ്റായ ജീവിതശൈലികള്‍ തുടങ്ങിയവ ശ്രദ്ധിക്കേണ്ടതാണ്.

മണിക്കൂറുകളോളം നിന്ന് ജോലി ചെയ്യുന്ന വീട്ടമ്മമാര്‍, അധ്യാപകര്‍, ട്രാഫിക് പോലീസ്, സെക്യൂരിറ്റി, തുടങ്ങിയവരില്‍ ഉപ്പൂറ്റിവേദന കൂടുതലായി കണ്ടുവരുന്നു. സാധാരണയായി ഇത്തരം ഉപ്പൂറ്റിവേദനകള്‍ മരുന്നുകളുടെയും വ്യായാമത്തിന്റെയും സഹായത്തോടെ കുറയ്ക്കാവുന്നതാണ്.

ഫിസിയോതെറാപ്പി

  • അള്‍ട്രാസൗണ്ട് തെറാപ്പി, TENS, Taping, Stretching തുടങ്ങിയവ ഫലപ്രദമായ ചികിത്സാരീതികളാണ്.
  • ഐസ്‌ക്യൂബ് ഉപയോഗിച്ച് കാലിന്റെ അടിയില്‍ വേദനയുള്ള ഭാഗത്ത് 10 – 15 മിനിറ്റ് മസാജ് ചെയ്യുന്നത് ഫലപ്രദമാണ്.
  • കൈകള്‍ ഉപയോഗിച്ച് വേദനയുള്ള ഭാഗത്ത് മസ്സാജ് ചെയ്യാം.
  • വേദനയുള്ള കാലിന്റെ അടിയില്‍ ഒരു ടെന്നിസ് ബോള്‍ വച്ച് വിരലുകള്‍ തൊട്ട് ഉപ്പൂറ്റി വരെ അമര്‍ത്തി പ്ലാന്റാര്‍ ഫേഷ്യയെ റിലീസ് ചെയ്യാവുന്നതാണ്.
  • കാല്‍വിരലുകള്‍ നിലത്ത് കുത്തി ഉപ്പൂറ്റി ഉയര്‍ത്തി സ്‌ട്രെച്ച് ചെയ്യുന്നതും കസേരയില്‍ ഇരുന്ന ശേഷം നിലത്ത് വിരിച്ച ടൗവലില്‍ വിരലുകള്‍ നിവര്‍ത്തി വച്ച ശേഷം വിരലുകള്‍ കൊണ്ട് ചുരുട്ടി പുറകോട്ട് അടിപ്പിക്കുന്ന ടവ്വല്‍ സ്‌ക്രന്‍ച്ചസും ഏറെ ആശ്വാസം നല്‍കുന്ന വ്യായാമങ്ങളാണ്.

Contrast bath ആണ് മറ്റൊരു പ്രധാന ചികിത്സ. ഒരു പാത്രത്തില്‍ ചൂട് വെള്ളവും വേറൊന്നില്‍ തണുത്ത വെള്ളവും എടുക്കുക, 3 മിനിറ്റ് നേരം വേദനയുള്ള കാല്‍പാദം ചൂടുവെള്ളത്തിലും 2 മിനിറ്റ് നേരം തണുത്ത വെള്ളത്തിലും മാറി മാറി മുക്കിവെക്കുക. രണ്ടോ മൂന്നോ പ്രാവശ്യം ഇത് തുടരുക.

  • ഷൂസിന്റെ ഇന്‍സോള്‍ മൃദുവായത് തെരഞ്ഞെടുക്കുക.

ശ്രദ്ധിക്കേണ്ടകാര്യങ്ങള്‍

  • അനുയോജ്യമായ പാദരക്ഷകള്‍ തെരഞ്ഞെടുക്കുക. കൃത്യമായ അളവിലുള്ളതും ഉപ്പൂറ്റിയുടെ ഭാഗത്ത് മൃദുവായ ഇന്‍സോളും ആര്‍ച്ച് ഉള്ളതും ഹീല്‍ കുറഞ്ഞതുമായ പാദരക്ഷകള്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം.
  • അമിതഭാരം താങ്ങാനുള്ള കഴിവ് നിങ്ങളുടെ ഉപ്പൂറ്റിക്ക് ഉണ്ടാകില്ല. അതിനാല്‍ വ്യായാമം ചെയ്ത് ശരീരഭാരം ക്രമീകരിക്കാന്‍ ശ്രദ്ധിക്കണം.
  • ദീര്‍ഘനേരം തണുപ്പുള്ള പ്രതലങ്ങളില്‍ നില്‍ക്കേണ്ടി വരുമ്പോള്‍ പാദരക്ഷകള്‍, സോക്സ് എന്നിവ ഉപയോഗിക്കുവാന്‍ ശ്രമിക്കുക.
  • അധികനേരം നിന്ന് ജോലി ചെയ്യുന്നവര്‍ ഇടയ്ക്ക് ഇരുന്ന് കാലുകള്‍ക്ക് വിശ്രമം നല്‍കാന്‍ ശ്രദ്ധിക്കുക.

എം.അജയ്‌ലാല്‍
ചീഫ് ഫിസിയോതെറാപ്പിസ്റ്റ്
എസ്.യു.റ്റി ഹോസ്പിറ്റല്‍, പട്ടം
തിരുവനന്തപുരം

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme