മഴക്കാലം അസുഖങ്ങളുടെ കാലം കൂടിയാണ്. പനി, ചുമ, ജലദോഷം, ശ്വാസകോശരോഗങ്ങള്‍ എന്നിവയാണ് മഴക്കാലത്ത് കൂടുതലായി കണ്ടുവരുന്നത്. എന്നാല്‍ മലേറിയ, ഡെങ്കിപ്പനി എന്നിവ പോലുള്ള ഗുരുതരമായ രോഗങ്ങളും ജലത്തില്‍ നിന്നും ആഹാരത്തില്‍ നിന്നുമുള്ള അണുബാധയും ഈ സമയത്ത് സാധാരണയാണ്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി മലേറിയ, ഡെങ്കു തുടങ്ങിയവയും പടര്‍ന്നു തുടങ്ങി. അന്യ സംസ്ഥാന തൊഴിലാളികളും മറ്റും വ്യാപകമായി താമസിക്കുന്ന ഇടങ്ങളിലാണ് കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടി വരുന്നത്.
എന്നാല്‍ ഇത്തിരി ശ്രദ്ധിച്ചാല്‍ നമുക്ക് മഴക്കാല രോഗങ്ങളെ അകറ്റി നിര്‍ത്താന്‍ കഴിയും. ചൂടില്‍ നിന്നും തണുപ്പിലേക്കുള്ള മാറ്റം ശരീരത്തെ ദോഷകരമായി ബാധിക്കുന്നതാണ് അസുഖങ്ങള്‍ ഓടി എത്താന്‍ കാരണം. ചൂടു കാലത്തില്‍ നിന്നും തികച്ചും വ്യത്യസ്തമായ ഒരു ഭക്ഷണക്രമം മഴക്കാലത്ത് പാലിക്കുന്നത് നന്നായിരിക്കും. ജലാംശം കുറഞ്ഞതും നന്നായി വേവിച്ചതുമായ ഭക്ഷണമാണ് മഴക്കാലത്ത് ഏറ്റവും അനുയോജ്യം. അരിയും ഗോതമ്പും ഉപയോഗിച്ച് ഉണ്ടാക്കുന്ന ഭക്ഷണ പദാര്‍ഥങ്ങള്‍ കൂടുതല്‍ കഴിക്കുന്നത് ശരീരത്തെ സംബന്ധിച്ചിടത്തോളം ഗുണകരമായിരിക്കും.
അണുബാധ തടയാന്‍ സഹായിക്കുന്ന പാവയ്ക്ക, മഞ്ഞള്‍, ഉലുവ തുടങ്ങിയ ഭക്ഷണങ്ങള്‍ മഴക്കാലത്ത് കഴിക്കാം. ശരീരത്തിന് ആവശ്യമായ ചൂടും പ്രോട്ടീനും ലഭിക്കാന്‍ മുട്ട ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. വെളുത്തുള്ളി, മല്ലി തുടങ്ങിയവ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. മഴക്കാലത്തു വരുന്ന അസുഖങ്ങള്‍ തടയുകയും ചെയ്യും.
ചെറുനാരങ്ങ, ഓറഞ്ച് തുടങ്ങിയവയിലെ വൈറ്റമിന്‍ സി പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.മഴക്കാലത്തു വരാവുന്ന കോള്‍ഡ് പോലുള്ള രോഗങ്ങള്‍ക്ക് തേന്‍ നല്ലൊരു മരുന്നാണ്. പപ്പായ, പീച്ച്, പ്ലം തുടങ്ങിയവ മഴക്കാലത്തു കഴിക്കാവുന്ന ഭക്ഷണങ്ങളാണ്. ചീര, ക്യാബേജ്, ബ്രൊക്കോളി തുടങ്ങിയ ഭക്ഷണങ്ങള്‍ മഴക്കാലത്തു കഴിക്കുന്നത് നല്ലതാണ്.കുക്കുമ്പര്‍ ശരീരത്തിന് പ്രതിരോധശേഷി നല്‍കാന്‍ സഹായിക്കും. മഴക്കാലത്ത് ദാഹം കുറയുമെങ്കിലും ധാരാളം ശുദ്ധജലം കുടിക്കാന്‍ ശ്രദ്ധിക്കുക. ശരീരത്തില്‍ ഈര്‍പ്പം നിലനിര്‍ത്താന്‍ ഇത് സഹായിക്കും. നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണങ്ങള്‍ മഴക്കാലത്ത് കഴിവതും ഒഴിവാക്കുക. നിര്‍ബന്ധമെങ്കില്‍ ഇവ നല്ലപോലെ വേവിച്ചു മാത്രം കഴിക്കുക.
മഴക്കാലത്ത് ശ്വാസകോശ രോഗങ്ങള്‍ വരാന്‍ സാധ്യത കൂടുതലാണ്. സാധാരണയുണ്ടാകുന്ന ശ്വാസകോശരോഗങ്ങള്‍ ബാധിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. കുട, മഴക്കോട്ട്, തൊപ്പി മുതലായവ എടുക്കാന്‍ മറക്കരുത്. രാവിലെ നല്ല വെയിലുണ്ടെങ്കില്‍ പോലും ഇവ എടുക്കാതെ പോകരുത്. കാരണം വൈകുന്നേരങ്ങളില്‍ മഴ പെയ്യാം.
മഴ നനഞ്ഞാല്‍ ഉടന്‍ കുളിക്കുക. അണുബാധ ഉണ്ടാകുന്നത് തടയാന്‍ ഇതിലൂടെ കഴിയും. മഴയില്‍ നിന്ന് രക്ഷപ്പെട്ട് വീട്ടിലെത്തിയാലുടന്‍ സൂപ്പോ പാലോ പോലെ ചൂടുള്ള എന്തെങ്കിലും കുടിക്കുക. ശരീരത്തിലെ താപനിലയിലെ വ്യത്യാസം മൂലം പനി, അണുബാധ എന്നിവ ഉണ്ടാകാതിരിക്കാന്‍ ഇത് സഹായിക്കും