in ,

ഡോക്ടര്‍മാരുടെ വ്യാജ കുറിപ്പടികള്‍ തയാറാക്കി ലഹരി ഗുളികകള്‍ വാങ്ങി വിദ്യാര്‍ത്ഥികള്‍ക്ക് വില്‍പന നടത്തിയയാള്‍ പിടിയില്‍

Share this story

തിരുവനന്തപുരം: മാനസിക രോഗികളെയും മറ്റ് ഗുരുതര രോഗമുള്ളവരെയും മയക്കി കിടത്തുന്നതിന് നല്‍കുന്ന ഗുളികകള്‍ ലഹരിക്കായി വിദ്യാര്‍ത്ഥികള്‍ക്ക് വില്‍പന നടത്തിയ ആള്‍ പിടിയില്‍. തിരുവനന്തപുരം അമ്പൂരി തേക്കുപാറ സ്വദേശി വിനോദ്കുമാറിനെയാണ് ഡിസ്ട്രിക്ട് ആന്റി നാര്‍ക്കോട്ടിക് സ്പെഷ്യല്‍
ആക്ഷന്‍ ഫോഴ്സ് ടീമിന്റെ സഹായത്തോടെ പൂജപ്പുര പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്ന് 150 ഗുളികകളും പിടിച്ചെടുത്തു.
നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പ്രത്യേക ടീം രൂപീകരിച്ച് നടത്തിയ സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. ഡോക്ടര്‍മാരുടെ വ്യാജ കുറിപ്പടികള്‍ തയാറാക്കി മെഡിക്കല്‍ സ്റ്റോറുകളില്‍നിന്നും ഗുളികകള്‍ വാങ്ങി ശേഖരിച്ച് വച്ച് ഇയാള്‍ നഗരത്തിലെ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വ്യാപകമായി വില്‍പ്പന നടത്തിവരുകയായിരുന്നു. ഇയാളെ കുറിച്ച് നാര്‍ക്കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ പ്രദീപ്കുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇയാളെ ദിവസങ്ങളായി നിരീക്ഷിച്ചു വരികയായിരുന്നു.
ഗുളികകളുമായി എത്തിയ സമയം കുണ്ടമണ്‍കടവ് ഭാഗത്തുനിന്നാണ് വിനോദ് കുമാറിനെ പൊലീസ് പിടികൂടിയത്. പൂജപ്പുര എസ്എച്ച്ഒ റോജ്, എസ്ഐമാരായ അനൂപ് ചന്ദ്രന്‍, സുരേഷ് കുമാര്‍, സിപിഒ മാരായ സജീഷ്, ബിനോയ്, ഡാന്‍സാഫ് എസ്ഐമാരായ ഗോപകുമാര്‍, അശോക് കുമാര്‍, സജി, വിനോദ്, രഞ്ജിത്, അരുണ്‍, ഷിബു, നാജിബഷീര്‍ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നല്‍കിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

ഈ 5 ലക്ഷണങ്ങള്‍ ഉണ്ടോ, എന്നാല്‍ സൂക്ഷിക്കുക, ദീര്‍ഘകാല കോവിഡ് വരാന്‍ സാധ്യത

സിനിമ-ക്രിക്കറ്റ് താരങ്ങളെല്ലാം കുടിക്കുന്ന ആ കറുത്ത വെള്ളം എന്താണെന്നറിയുമോ ?