- എന്താണ് യൂറിക് ആസിഡ്
നാം കഴിക്കുന്ന ഭക്ഷണത്തിലും, ശരീര കോശങ്ങളിലും ഉള്ള പ്രോട്ടീന്‍ വിഘടിച്ചുണ്ടാകുന്ന പ്യുറിന്‍ എന്ന സംയുക്തത്തിന്റെ ശരീരത്തിലെ രാസപ്രക്രിയയുടെ ഫലമായി ഉണ്ടാകുന്ന ഉപോത്പന്നം ആണ് യൂറിക് ആസിഡ്
- എങ്ങിനെ യൂറിക് ആസിഡ് രക്തത്തില്‍ വര്‍ധിക്കുന്നു?
യൂറിക് ആസിഡിന്റെ തോത് രക്തത്തില്‍ ക്രമീകരിക്കുന്നത് കിഡ്നി ആണ്. ശരീരത്തില്‍ ഉണ്ടാകുന്ന യൂറിക് ആസിഡിന്റെ മൂന്നില്‍ രണ്ടു ഭാഗം മൂത്രത്തിലൂടെയും, മൂന്നില്‍ ഒരു ഭാഗം മലത്തിലൂടെയും പുറന്തള്ളപ്പെടുന്നു. കിഡ്‌നിക്കുണ്ടാകുന്ന ഏതെങ്കിലും തകരാര്‍ മൂലവും, നാം കഴിക്കുന്ന ഭക്ഷണത്തില്‍ പ്രോട്ടീനിന്റെ അളവ് കൂടുന്നതും യൂറിക് ആസിഡ് രക്തത്തില്‍ വര്‍ധിക്കാന്‍ കാരണമാകുന്നു
- എന്തെല്ലാം ബുദ്ധിമുട്ടുകളാണ് യൂറിക് ആസിഡ് ശരീരത്തില്‍ വര്‍ധിച്ചാല്‍ ഉണ്ടാകുന്നത് ?
രക്തത്തില്‍ യൂറിക് ആസിഡ് കൂടുന്ന അവസ്ഥയെ ഹൈപ്പര്‍ യൂറീസെമിയ എന്ന് പറയുന്നു. യൂറിക് ആസിഡിന്റെ അളവ് രക്തത്തില്‍ വര്‍ധിക്കുന്നത് യൂറിക് ആസിഡ് ക്രിസ്റ്റല്‍സ് ഉണ്ടാകുന്നതിനു കാരണമാകുന്നു. ഇങ്ങനെ രൂപപ്പെടുന്ന ക്രിസ്റ്റലുകള്‍ സന്ധികളിലും അനുബന്ധ കലകളിലും അടിഞ്ഞു കൂടുന്നു. ശരീരത്തിലെ രോഗ പ്രതിരോധ സംവിധാനം അടിഞ്ഞു കൂടിയിരിക്കുന്ന യൂറിക് ആസിഡ് ക്രിസ്റ്റലുകള്‍ക്ക് എതിരെ പ്രവര്‍ത്തിക്കുമ്പോള്‍ അവ ചില സന്ധികളില്‍ ചുവന്ന നിറത്തോട് കൂടിയ തടിപ്പ്, സൂചി കുത്തുന്നത് പോലുള്ള വേദന, മരവിപ്പ് തുടങ്ങിയവ ഉണ്ടാകുന്നു. ഈ അവസ്ഥയാണ് ഗൗട്ട്. ഒരു സമയം ഒരു സന്ധിയില്‍, അപൂര്‍വ്വം രണ്ടു സന്ധികളിലുമാണ് വേദനയും മറ്റു ലക്ഷണങ്ങളും ഒരേസമയം കാണപ്പെടുന്നത്.ഇതാണ് മറ്റു സന്ധിവേദന രോഗങ്ങളെ അപേക്ഷിച്ചു ഗൗട്ട് നെ വ്യത്യസ്തമാക്കുന്നത്.
- എന്തെല്ലാം ഭക്ഷണ ക്രമീകരണങ്ങളും, ജീവിത ശൈലിയുമാണ് യൂറിക് ആസിഡ് രക്തത്തില്‍ കൂടിയാല്‍ ശ്രദ്ധിക്കേണ്ടത്?
ശരീര ഭാരം അധികമാവലും, വ്യായാമമില്ലായ്മയും, അമിതമായി പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നതും യൂറിക് ആസിഡ് രക്തതില്‍ വര്‍ധിക്കാന്‍ കാരണമാകുന്നു. മാംസം കൊഴുപ്പ്, വിവിധയിനം യീസ്റ്റ് അടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍, ബ്രഡ്ഡ്, ബിയര്‍, മദ്യം , കേക്ക്, മുതാലാവയും കോള, ടിന്നില്‍ വരുന്ന ജ്യൂസ്, അവയവ മാംസങ്ങളായ കരള്‍, കിഡ്നി തുടങ്ങിയവയും യൂറിക് ആസിഡ് വര്‍ധിപ്പിക്കുന്നു.
മത്സ്യങ്ങളില്‍ ചാള, അയല, ചൂര, കണവ, കൊഞ്ച്, കക്ക തുടങ്ങിയവയും പച്ചക്കറികളില്‍ വഴുതനങ്ങ, മഷ്‌റൂം, കോളിഫ്ലവര്‍ മുതലായവയും ഒഴിവാക്കലാണ് ഉത്തമം. കൈതച്ചക്ക, മുസംബി, വാഴപ്പഴം, ഞാവല്‍ പഴം,കറുത്ത ചെറി,ഇഞ്ചി, തക്കാളി, ചുവന്ന ക്യാബേജ്, നാരങ്ങാ, റാഗി,നാരുകള്‍ അടങ്ങിയതും മിതമായ പ്രോടീന്‍ ഉള്ളതുമായ ഭക്ഷണം കഴിക്കുന്നതും യൂറിക് ആസിഡ് ശമിപ്പിക്കാന്‍ സഹായിക്കുന്നു. ദിവസവും ചുരുങ്ങിയത് എട്ട് ഗ്ലാസ് എങ്കിലും വെള്ളം കുടിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.