ഫിറ്റ്നസ് സംബന്ധിച്ച പ്രചോദനത്തിന് പലരും പിന്തുടരാറുള്ളത് സെലിബ്രിറ്റികളെയാണ്. സിനിമാ താരങ്ങളുള്‍പ്പെടെ പല സെലിബ്രിറ്റികളും തങ്ങളുടെ ഫിറ്റ്നസ് രഹസ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ബോളിവുഡ് താരറാണി കത്രീന കൈഫാണ് ഏറ്റവുമൊടുവില്‍ തന്റെ ഫിറ്റ്നസ് മന്ത്രവുമായി ഇന്‍സ്റ്റാഗ്രാമിലെ ആരാധകരുടെ മനം കവര്‍ന്നത്.
നല്ല ഷേപ്പ് നിലനിര്‍ത്താനുള്ള രഹസ്യക്കൂട്ട് തന്റെ വര്‍ക്ക് ഔട്ട് ഫോട്ടോയ്ക്കൊപ്പമാണ് കത്രീന ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചത്. ”കഴിക്കുക, ഉറങ്ങുക, പരിശീലനം ചെയ്യുക, ഇവയെല്ലാം തന്നെ ആവര്‍ത്തിക്കുക” എന്നതാണ് ഫിറ്റ് ആയിരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായുള്ള കത്രീനയുടെ ടിപ്പ്. ആരാധകര്‍ ഏറ്റെടുത്ത പോസ്റ്റിന് 17 ലക്ഷത്തിലധികം ലൈക്കുകളും പതിനായിരത്തോളം കമന്റുകളുമാണ് കുറഞ്ഞ സമയത്തിനുള്ളില്‍ ലഭിച്ചത്.
ഇതാദ്യമായല്ല താരം ഫിറ്റ്നസ് സംബന്ധിച്ച പോസ്റ്റുകള്‍ ഇന്‍സ്റ്റാഗ്രാമില്‍ ഇടുന്നത്. മുന്‍പും തന്റെ വ്യായാമത്തെയും ആരോഗ്യകരമായ ജീവിതശൈലിയെയും കുറിച്ചെല്ലാം കത്രീന ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചിരുന്നു. നടന് സിദ്ധാന്ത് ചതുര്‍വേദിക്കൊപ്പം ബാഡ്മിന്റണ്‍ കളിക്കുന്ന വീഡിയോ കുറച്ച് കാലം മുന്‍പ് കത്രീന പങ്കുവച്ചിരുന്നതും ഇന്‍സ്റ്റായില്‍ ഹിറ്റായിരുന്നു.
പൈലേറ്റ്സ് എന്ന വ്യായാമ രീതിയെ കുറിച്ചും കത്രീന മുന്‍പൊരു പോസ്റ്റ് ഇട്ടിരുന്നു. സാധാരണ ഗതിയില്‍ ജിമ്മിലെ വര്‍ക്ക് ഔട്ട് ഇഷ്ടപ്പെടുന്ന തനിക്ക് പൈലേറ്റ്സിലൂടെയും പേശീ വ്യായാമം നല്കാനായെന്ന് കത്രീന ഇന്‍സ്റ്റാ പോസ്റ്റില്‍ കുറിച്ചു. പൈലേറ്റ്സ് ചെയ്യുന്ന വിഡിയോയും ഇതിനൊപ്പം പങ്കുവച്ചിരുന്നു. താരത്തിന്റെ ലെഗ് വര്‍ക്ക്ഔട്ടാണ് ആരാധകരെ ആകര്‍ഷിച്ച മറ്റൊരു വിഡിയോ. 47.4 ദശലക്ഷം പേരാണ് ഇന്‍സ്റ്റാഗ്രാമില്‍ കത്രീന കൈഫിനെ പിന്തുടരുന്നത്.