in

കേരളം സുസ്ഥിര വികസന ലക്ഷ്യം കൈവരിക്കുന്നതിനുള്ളശരിയായ പാതയില്‍: മുഖ്യമന്ത്രി

Share this story

 രാജ്യാന്തര ആരോഗ്യ സമ്മേളനത്തിന് തുടക്കം

തിരുവനന്തപുരം: കേരളം സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനുള്ള ശരിയായ പാതയിലാണെന്നും സാമൂഹ്യ വികസനത്തിലെ മികച്ച നേട്ടങ്ങളിലൂടെ ആരോഗ്യമേഖലയുടെ ശേഷി വര്‍ദ്ധിപ്പിച്ച് 2030 നുള്ളില്‍ ഈ ലക്ഷ്യം കൈവരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ‘ആരോഗ്യ കേരളം : സുസ്ഥിര വികസന ലക്ഷ്യങ്ങളെ യാഥാര്‍ത്ഥ്യമാക്കല്‍’ എന്ന പ്രമേയത്തിലൂന്നി സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ് സംഘടിപ്പിക്കുന്ന രാജ്യാന്തര ആരോഗ്യസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മികച്ച ആരോഗ്യ മേഖല തന്നെയാണ് വികസന അജന്‍ഡയുടെ ആണിക്കല്ല്. ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളില്‍ ദീര്‍ഘകാല പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. സുസ്ഥിരവും സമഗ്രവുമായ വികസനത്തിന് ഇത് സഹായകരമാകും. സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ നേതൃത്വപരമായ പങ്കാണ് കേരളം വഹിക്കുന്നത്. നീതി ആയോഗിന്‍റെ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ പട്ടികയില്‍ 70 പോയിന്‍റുമായി രാജ്യത്ത് ഏറ്റവും മികച്ച പ്രകടനമാണ് കേരളത്തിന്‍റേത്. ആരോഗ്യ മേഖലയില്‍ 82 പോയിന്‍റുമായി ഒന്നാം സ്ഥാനത്താണ്. സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ വിശിഷ്യാ ആരോഗ്യമേഖലയിലേത് 2030 നുള്ളില്‍ കൈവരിക്കാന്‍ സാധിക്കുമെന്നാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

കൊവിഡിനെ പ്രതിരോധിക്കുന്നതിലുള്ള കേരളത്തിന്‍റെ സമീപനങ്ങള്‍ അന്താരാഷ്ട്രതലത്തില്‍ അംഗീകരിക്കപ്പെട്ടതാണ്. കൊവിഡ് മരണനിരക്ക് കേവലം 0.4 ശതമാനം മാത്രമാണെന്നത് ഇതിനു തെളിവാണ്. രാജ്യത്തെ മരണനിരക്ക് ശരാശരി 1.43 ശതമാനമാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, മറ്റ് മുന്‍നിര വകുപ്പുകള്‍ എന്നിവയുടെ പ്രവര്‍ത്തനം ഈ മഹാമാരിയുടെ ബഹുമുഖ വ്യാപനത്തെ പ്രതിരോധിക്കുന്നതില്‍ സഹായകമായി.

ഈ വെബിനാര്‍ ലോകത്തെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിദഗ്ധാഭിപ്രായം കേള്‍ക്കാനും അവ നടപ്പാക്കുന്നതുവഴി ആരോഗ്യ രംഗത്തെ ശക്തിപ്പെടുത്താനും സാധിക്കും. ആശയവിനിമയത്തിലൂടെ സ്വയം പഠിക്കാനും ചില അനുഭവപാഠങ്ങള്‍ നല്‍കാനും കേരളത്തിനാകും. വിജ്ഞാനത്തിന്‍റെ ഈ കൊടുക്കല്‍ വാങ്ങലിലൂടെ ആരോഗ്യ സംവിധാനത്തെ കൂടുതല്‍ മെച്ചപ്പെടുത്താനും പുനര്‍രൂപകല്‍പ്പന ചെയ്യാനും സാധിക്കും. എല്ലാ പ്രായത്തിലുള്ള വ്യക്തികളുടെയും സുഖദായകമായ ജീവിതചര്യയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ആരോഗ്യമേഖലയില്‍ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് കര്‍മ്മപദ്ധതികള്‍ രൂപീകരിച്ച് കേരളം പുതിയ പരീക്ഷണങ്ങളിലാണെന്ന് അദ്ധ്യക്ഷ പ്രസംഗത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ പറഞ്ഞു. വിജയകരമായി കൊവിഡ് മഹാമാരിയെ നേരിടുന്നത് ഉള്‍പ്പെടെയുള്ള ആരോഗ്യ സംരക്ഷണ മേഖലയിലെ സംസ്ഥാനത്തെ നേട്ടങ്ങളെ വിവരിച്ച അവര്‍ സംസ്ഥാനം പകര്‍ച്ചേതര രോഗങ്ങളേയും ജീവിശൈലീ ആരോഗ്യ പ്രശ്നങ്ങളേയും ബന്ധപ്പെട്ട് ചില വെല്ലുവിളികളും പ്രശ്നങ്ങളും നേരിട്ടതായി വ്യക്തമാക്കി.  സംസ്ഥാനത്തിന്‍റെ പ്രത്യേക ആരോഗ്യ മിഷനായ ആര്‍ദ്രം   ഈ വെല്ലുവിളികളെ ശാസ്ത്രീയമായും കാര്യക്ഷമമായും തരണം ചെയ്യുന്നതിന് മികച്ച പങ്ക് വഹിക്കുകയാണ്. മാതൃ-ശിശു ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും  ആരോഗ്യപരിരക്ഷാ സംവിധാനത്തില്‍ കൂടുതല്‍ പേരെ കൊണ്ടുവരുന്നതിനും സുപ്രധാന ചുവടുവയ്പ്പുകള്‍ നടത്തി. കേരളത്തിന്‍റെ ആരോഗ്യ സംരക്ഷണ സംവിധാനം മാതൃകാ ബ്രാന്‍ഡാണ്. സംസ്ഥാനത്തിന് നിരവധി നേട്ടങ്ങള്‍ ലോകത്തിനു കാട്ടിക്കൊടുക്കാനാകുമെന്നും ഈ വെബിനാറിലൂടെ ഊരുത്തിരിയുന്ന പ്രായോഗിക നിര്‍ദേശങ്ങള്‍ സംസ്ഥാനം സ്വീകരിക്കുമെന്നും അവര്‍ വ്യക്തമാക്കി.

രാജ്യത്തെ മറ്റുഭാഗങ്ങളെപ്പോലെയല്ല, കേരളം ആരോഗ്യ അടിസ്ഥാന സൗകര്യങ്ങളില്‍ 15 വര്‍ഷം മുന്നിലാണെന്നും സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ സംസ്ഥാനത്തിന്‍റെ സ്ഥാനം ആഗോള നിലവാരത്തിനൊപ്പമാണെന്നും ചീഫ് സെക്രട്ടറി ഡോ വിശ്വാസ് മേത്ത പറഞ്ഞു.  കൊവിഡ് 19 നെ നേരിട്ടതിലൂടെ പൊതുജനാരോഗ്യ അടിസ്ഥാനസൗകര്യങ്ങളുടെ കരുത്ത് മറ്റ് വെല്ലുവിളികളേക്കാള്‍ വേറിട്ടുനില്‍ക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

അടുത്തഘട്ട വെല്ലുവിളികള്‍ മനസ്സിലാക്കുന്നതിനും നയപരമായ ഇടപെടലുകളിലൂടെ തയ്യാറാക്കേണ്ട പദ്ധതി കണ്ടെത്തുന്നതിനും വിദഗ്ധര്‍ പങ്കെടുക്കുന്ന സമ്മേളനം സഹായിക്കുമെന്ന് ആരോഗ്യ കുടുംബക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ ഖൊബ്രഗഡേ പറഞ്ഞു. ഇത്തരം ചര്‍ച്ചകള്‍ സംസ്ഥാനത്തിന് ഗുണകരമാകുമെന്നും അദ്ദഹം കൂട്ടിച്ചേര്‍ത്തു. മേഖലയിലെ എല്ലാ പങ്കാളികളേയും ഒരുമിച്ച് കൊണ്ടുവരുന്നതിനുള്ള ശ്രമമാണ് സമ്മേളനമെന്ന് നന്ദി പറഞ്ഞ നാഷണല്‍ ഹെല്‍ത്ത് മിഷന്‍ സംസ്ഥാന ഡയറക്ടര്‍ ഡോ.രത്തന്‍ ഖേല്‍ക്കര്‍ ഐഎഎസ് പറഞ്ഞു. സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ മനസ്സിലാക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും ഇത് ഉതകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഉദ്ഘാടന സമ്മേളനത്തില്‍ കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ സെക്രട്ടറി രാജേഷ് ഭൂഷണ്‍ മുഖ്യപ്രഭാഷണം നടത്തി.  ആരോഗ്യ കുടുംബക്ഷേമ വകുപ്പ് ജോയിന്‍റ് സെക്രട്ടറി ഡോ ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസ് സംസാരിച്ചു. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ റംലാ ബീവിയും ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ.സരിത ആര്‍ എല്ലും സന്നിഹിതയായിരുന്നു. അഞ്ചുദിവസത്തെ വെബിനാറില്‍  സംസ്ഥാനത്തിന് പ്രസക്തിയുള്ള വിഷയങ്ങളാണ് ചര്‍ച്ച ചെയ്യുന്നത്.  

നീതിയുക്തമായ കൊവിഡ് വാക്സിനേഷനാണ്2021 ലെ ഏക വെല്ലുവിളി- ഡോ. പീറ്റര്‍ സിംഗര്‍

ആയുഷ്മാന്‍ ഭാരത് സെന്‍ററുകള്‍ ഒന്നരലക്ഷമാക്കും; കേന്ദ്ര ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷണ്‍