ഇന്നത്തെ ജീവിത രീതിയിലും ആഹാര ശീലങ്ങളിലും വന്ന മാറ്റങ്ങളാണ് പ്രധാനമായും നമ്മുടെ നാട്ടില്‍ വൃക്കരോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കാന്‍ കാരണം. സ്വന്തം ജീവിതം താറുമാറാകുന്നതോടൊപ്പം കുടുബത്തിന്റെ സാമ്പത്തിക ഭദ്രതയും, സമാധാനവും തകിടം മറിയുന്നു.
ആരോഗ്യവാനായ ഒരാള്‍ രാത്രിയില്‍ ഒരു തവണയും പകല്‍ മൂന്നു തവണയെങ്കിലും മൂത്രമൊഴിക്കുന്നത് സാധാരണമാണ്. എന്നാല്‍ രാത്രിയില്‍ കൂടുതല്‍ തവണ മൂത്രം ഒഴിക്കുന്നത് വൃക്ക രോഗത്തിന്റെ ലക്ഷണം ആകാം.
അകാരണമായ ക്ഷീണം, മൂത്രത്തില്‍ പത കാണുക, നിറവ്യത്യാസം, മൂത്രമൊഴിക്കാന്‍ പ്രയാസം നേരിടുക, മൂത്രത്തില്‍ രക്തം കാണുക,മ ുഖത്തും കൈകാലുകളിലും നീരു വരിക, പുറംവേദന, പേശികളുടെ വേദന ഇവയെല്ലാം വൃക്ക രോഗത്തിന്റെ ലക്ഷണങ്ങള്‍ ആണ്. സങ്കീര്‍ണ്ണ ഘടനയോടു കൂടിയ വിവിധ ധര്‍മ്മങ്ങള്‍ പരിപാലിക്കുന്ന ഒരു ആന്തരിക അവയവമാണ് വൃക്കകള്‍ അഥവാ കിഡ്നി. ശരീരത്തിലെ രക്തം, ആഹാരം, വെള്ളം തുടങ്ങിയവയില്‍ നിന്നും പോഷകങ്ങള്‍ സ്വീകരിക്കുകയും മാലിന്യങ്ങളേയും ആവശ്യമില്ലാത്ത മറ്റു വസ്തുക്കളെയും അരിച്ചു പുറം തള്ളി ശരീരത്തെ വൃത്തിയായി സൂക്ഷിക്കുകയും ചെയ്യുന്നത് വൃക്കകളാണ്. വൃക്കയിലെ നെഫ്രോണുകളാണ് അരിപ്പയായി പ്രവര്‍ത്തിക്കുന്നത്.
രക്തത്തിലെ ജലത്തിന്റെ സാന്ദ്രത, അതില്‍ ലയിച്ചിട്ടുള്ള സോഡിയത്തിന്റെ നിയന്ത്രണം, വിസര്‍ജ്ജ്യ വസ്തുവായ യൂറിയയെ വേര്‍തിരിച്ച് രക്തത്തെ ശുദ്ധീകരിക്കുക എന്നിവയാണ് വൃക്കയുടെ പ്രധാന ധര്‍മ്മം
വിശദീകരിക്കാനാകാത്ത ഒട്ടനവധി കാര്യങ്ങള്‍ വൃക്കകള്‍ ചെയ്യുന്നുണ്ടെങ്കിലും, രക്തത്തിലെ പാഴ് ദ്രവ്യങ്ങളെ നീക്കം ചെയ്ത്, രക്തത്തിന്റെ അളവ്, രക്തസമ്മര്‍ദ്ദം,പി.ച്ച് മൂല്യം എന്നിവയെ നിയന്ത്രിക്കുകയും ചെയ്യുന്നു. വൃക്കകളില്‍ 8 ലക്ഷം മുതല്‍ 10 ലക്ഷം വരെ നെഫ്രോണുകള്‍ കാണപ്പെടുന്നു.
വൃക്കകളുടെ തകരാറുമൂലം ചുവന്ന രക്താണുക്കളുടെ ഉല്‍പ്പാദനവും, വളര്‍ച്ചയും അവതാളത്തിലാകും. ഇതു മൂലം ശരീര പ്രവര്‍ത്തനത്തിനാവശ്യമായ ഓക്സിജന്‍ എത്തിക്കാന്‍ ചുവന്ന രക്താണുക്കള്‍ക്ക് കഴിയാതെ വരുന്നതുമൂലം, തലച്ചോറും, മാംസപേശികളും ക്ഷീണിക്കുന്നു. കൂടാതെ ശ്വാസകോശത്തില്‍ നീര്‍ക്കെട്ടുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ശ്വാസം മുട്ട് അനുഭവപ്പെടുകയും ചെയ്യാം. നൈട്രജന്‍ അടങ്ങിയ ഒരു ഓര്‍ഗാനിക് ആസിഡാണ് ക്രിയാറ്റിന്‍. ശരീരത്തിന് പ്രത്യേകിച്ച് മാംസ പേശികള്‍ക്ക് ആവശ്യമായ ഊര്‍ജ്ജം എത്തിക്കുന്നത് ക്രിയാറ്റിനാണ്. കിഡ്നിയിലും,ലിവറിലുമുള്ള അമിനോ ആസിഡുകളില്‍ നിന്നാണ് ക്രിയാറ്റിന്‍ ഉല്പാദിപ്പിക്കുന്നത്.
പേശികളുടെ ഉപയോഗത്തിനായി രക്തത്തിലൂടെ എത്തിച്ചേരുന്നു. ക്രിയാറ്റിന്റെ 95% വും പേശികളിലാണ് കാണപ്പെടുന്നത്. പേശികളിലെ ക്രിയാറ്റിന്ഫോസ്ഫേറ്റ് വിഘടിച്ചാണ് ക്രിയാറ്റിനിന്‍ ഉണ്ടാകുന്നത്.
കിഡ്നിയാണ് ഇതിനെ നീക്കം ചെയ്യുന്നത്. കിഡ്നിക്ക് ഇതിനുള്ള കഴിവു കുറഞ്ഞാല്‍ രക്തത്തിലെ ക്രിയാറ്റിനിന്‍ ലെവല്‍ ഉയരും. കൂടുതല്‍ മൂത്രം പോകാന്‍ സഹായിക്കുന്ന മരുന്നുകള്‍ കഴിച്ചാല്‍ മൂത്രം ധാരാളം പോവുകയും രക്തത്തിലെ ക്രിയാറ്റിനിന്‍ ലെവല്‍ കുറക്കാന്‍ സഹായിക്കുകയും ചെയ്യും.