in , , ,

തുടര്‍ച്ചയായ ഛര്‍ദ്ദിയും വയറുവേദനയും, രക്തസമ്മര്‍ദ്ദവും ഹൃദയമിടിപ്പും അതിവേഗം താഴേക്ക്, എക്‌മോയിലൂടെ നാലു വയസ്സുകാരിയുടെ ജീവന്‍ രക്ഷിച്ച് കിംസ്‌ഹെല്‍ത്ത്

Share this story

തിരുവനന്തപുരം: രക്തസമ്മര്‍ദ്ദം വളരെ കുറഞ്ഞ് അതീവ ഗുരുതരാവസ്ഥയില്‍ കിംസ്‌ഹെല്‍ത്തില്‍ എത്തിച്ച തിരുവനന്തപുരം പൂഴിക്കുന്ന് സ്വദേശിയായ നാലുവയസ്സുകാരിയെ എക്‌മോ (എക്‌സ്ട്രാ കോര്‍പോറിയല്‍ മെംബ്രെയിന്‍ ഓക്‌സിജനേഷന്‍) എന്ന നൂതന ചികിത്സാ സമ്പ്രദായത്തിലൂടെ രക്ഷപ്പെടുത്തി.

തുടര്‍ച്ചയായ ഛര്‍ദ്ദിയും വയറുവേദനയും ക്ഷീണവും കാരണം മറ്റൊരു ആശുപത്രിയില്‍ നിന്നാണ് ഫെബ്രുവരി 14 ന് കുട്ടിയെ കിംസ്‌ഹെല്‍ത്തില്‍ എത്തിച്ചത്. പീഡിയാട്രിക് ഇന്റെന്‍സീവ് കെയര്‍ ആന്‍ഡ് എമര്‍ജന്‍സി കണ്‍സള്‍ട്ടന്റ് ഡോ. പ്രമീളയും മറ്റു ഡോക്ടര്‍മാരും കുഞ്ഞിനെ പരിശോധിച്ചപ്പോള്‍ രക്തസമ്മര്‍ദ്ദം അതിവേഗത്തില്‍ താഴുന്നതും ഹൃദയമിടിപ്പ് മന്ദഗതിയിലാകുന്നതായും കണ്ടെത്തി. ഇതിനിടയില്‍ കുട്ടിക്ക് രണ്ടുതവണ കാര്‍ഡിയാക് അറസ്റ്റ് ഉണ്ടാകുകയും ഡോക്ടര്‍മാരുടെ പരിശ്രമത്തില്‍ കുട്ടിയുടെ ജീവന്‍ തിരികെ പിടിക്കുകയും ചെയ്തു. കാര്‍ഡിയോ തൊറാസിക് ആന്‍ഡ് വാസ്‌കുലര്‍ സര്‍ജറി സീനിയര്‍ കണ്‍സള്‍ട്ടന്റും വകുപ്പ് മേധാവിയുമായ ഡോ. ഷാജി പാലങ്ങാടന്‍, കാര്‍ഡിയാക് അനെസ്‌തെറ്റിസ്റ്റ് ഡോ. സുഭാഷ് എന്നിവരുമായി കൂടിയാലോചിച്ച് അതിവേഗം കുട്ടിക്ക് എക്‌മോ നടത്താന്‍ തീരുമാനിക്കുകയായിരുന്നു.

ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവര്‍ത്തനം ജീവന്‍ നിലനിര്‍ത്താനാവാത്ത വിധം മന്ദഗതിയിലാകുമ്പോഴാണ് എക്‌മോ ഉപയോഗിക്കുന്നത്. ശരീരത്തിനു പുറത്ത് നിന്ന് ഹൃദയത്തിനും ശ്വാസകോശത്തിനും പ്രവര്‍ത്തിക്കാനായുള്ള സഹായം നല്‍കുന്ന ഈ ചികിത്സയില്‍ രക്തം എക്‌മോ സംവിധാനത്തിലൂടെ കടത്തിവിട്ടശേഷം ശരീരത്തിലെത്തിക്കുകയാണ് ചെയ്യുക. കുഞ്ഞിന്റെ നെഞ്ചുതുറന്ന് സെന്‍ട്രല്‍ എക്‌മോ പത്തുദിവസം ചെയ്തു.

വൃക്കകളുടെ തകരാറ് പരിഹരിച്ച് പ്രവര്‍ത്തനം പൂര്‍വസ്ഥിതിയിലാക്കാന്‍ ഡയാലിസിസും, ഹൃദയമിടിപ്പ് മന്ദഗതിയിലായത് വീണ്ടെടുക്കുന്നതിനായി എപ്പി കാര്‍ഡിയല്‍ കാര്‍ഡിയാക് പെയ്‌സിംഗും നടത്തി. കുഞ്ഞിന്റെ പിതാവിന് കോവിഡ് ഉണ്ടായിരുന്ന പശ്ചാത്തലത്തില്‍ കുട്ടിയുടെ രക്തപരിശോധന നടത്തുകയും അതില്‍ ‘ഇന്‍ഫ്‌ളമേറ്ററി മാര്‍ക്കേഴ്‌സ്’ കൂടുതലായതിനാല്‍ പോസ്റ്റ് കോവിഡ് സിന്‍ഡ്രോം (എംഐഎസ്.സി) എന്ന സംശയം സ്ഥിരീകരിക്കുകയും ചെയ്തു. ഇതിന്റെ ചികിത്സയുടെ ഭാഗമായി ഐവിഐജി ചികിത്സകളും ചെയ്തു. 13 ദിവസം കഴിഞ്ഞ് കുട്ടിയെ വെന്റിലേറ്ററില്‍ നിന്നും മാറ്റി.

വളരെ വേഗം സുഖം പ്രാപിച്ച കുഞ്ഞിന്റെ പിറന്നാള്‍ ദിനത്തില്‍ തന്നെ കിംസ്‌ഹെല്‍ത്തില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ചെയ്യാനായതില്‍ സന്തോഷമുള്ളതായി ഡോ. പ്രമീള പറഞ്ഞു. കാര്‍ഡിയാക് അറസ്റ്റ് വന്നതിനു ശേഷം എക്‌മോയിലൂടെ രക്ഷപ്പെടുന്നത് അപൂര്‍വ്വമാണ്. ദൈവാനുഗ്രഹവും വിദഗ്ധരായ ഡോക്ടര്‍മാരുടെയും, നഴ്‌സുമാരുടെയും കൂട്ടായ പരിശ്രമവും മാനേജ്‌മെന്റിന്റെ പൂര്‍ണപിന്തുണയുമാണ് ചികിത്സ വിജയകരമാകാന്‍ സഹായിച്ചതെന്നും അവര്‍ പറഞ്ഞു. പീഡിയാട്രിക് ഐസിയുവിലെ ഡോക്ടര്‍മാരായ നീതു, നിഷ, സ്വാതി, ഷിജു, പ്രിജോ എന്നിവരുടെ ആത്മാര്‍ത്ഥമായ സഹകരണം ഉണ്ടായിരുന്നു. കൂടാതെ എമര്‍ജന്‍സി മെഡിസിന്‍, കാര്‍ഡിയോ തൊറാസിക് ഐസിയു, പീഡിയാട്രിക് ഐസിയു, നെഫ്രോളജി, ഇന്‍ഫെക്ഷ്യസ് ഡിസീസസ് വിഭാഗങ്ങളിലെ ഡോക്ടര്‍മാരുടേയും നഴ്‌സുമാരുടേയും അര്‍പ്പണ മനോഭാവത്തോടെയുള്ള പ്രവര്‍ത്തനവും കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കുന്നതില്‍ നിര്‍ണായകമായതായും അവര്‍ വ്യക്തമാക്കി.

ഇതിനോടകം അറുപതിലേറെ എക്‌മോ ചെയ്തിട്ടുള്ള കിംസ്‌ഹെല്‍ത്ത് ഈ നേട്ടം കൈവരിച്ചിട്ടുള്ള കേരളത്തിലെ ഏക ആശുപത്രിയാണ്. എക്‌മോയിലെ അന്താരാഷ്ട്ര നിലവാരം 70 ശതമാനമാണ്. കിംസ്‌ഹെല്‍ത്തില്‍ ഈ വിജയശതമാനം മുതിര്‍ന്നവരില്‍ 70 നും കുട്ടികളില്‍ 77 ശതമാനത്തിനും മുകളിലാണ്. ജീവന്‍ അപകടത്തിലായ നിരവധി രോഗികള്‍ക്കാണ് കിംസ്‌ഹെല്‍ത്തില്‍ എക്‌മോയിലൂടെ ജീവിതത്തിലേക്ക് തിരികെയെത്താന്‍ സാധിച്ചത്. പാമ്പുകടിയേറ്റ കുട്ടി, ആത്മഹത്യയ്ക്കു ശ്രമിച്ച വ്യക്തി, ഒഴുക്കില്‍പെട്ട് മൃതപ്രായനായ ആള്‍, ഗര്‍ഭഛിദ്രത്തെത്തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ യുവതി എന്നിവര്‍ ഇതില്‍പെടും.

കോവിഷീല്‍ഡ് രണ്ടാം ഡോസ് ഇടവേള 8 ആഴ്ച വരെയായി നീട്ടണമെന്ന് കേന്ദ്രം

സംസ്ഥാനത്ത് 5.57 ലക്ഷം ഡോസ് കൊവിഡ് വാക്‌സിനുകള്‍ കൂടിയെത്തി