ചെന്നൈ: മധുരയില്‍ 26കാരിയായ യുവഡോക്ടര്‍ കോവിഡ് വാക്‌സീന്‍ സ്വീകരിച്ചതിനെ തുടര്‍ന്നാണ് മരിച്ചതെന്ന സമൂഹമാധ്യമ പ്രചാരണം തള്ളി തമിഴ്‌നാട് ആരോഗ്യ വകുപ്പ്. മാര്‍ച്ച് 11 നാണ് മധുരൈ മെഡിക്കല്‍ കോളജില്‍ അനസ്‌തേഷ്യോളജയില്‍ പിജി വിദ്യാര്‍ഥിനിയായ ഡോക്ടര്‍ ഹരിഹരിണി മരിച്ചത്.
ഫെബ്രുവരി അഞ്ചിനാണ് ഹരിഹരിണി കോവിഡ് വാക്‌സീന്റെ ആദ്യഡോസ് സ്വീകരിച്ചത്. ഒരു മാസത്തിനു ശേഷം മാര്‍ച്ച് അഞ്ചിന് അവര്‍ക്കു കടുത്ത പനിയും ശരീര വേദനയും അനുഭവപ്പെട്ടു. പിജി വിദ്യാര്‍ഥിയായ ഭര്‍ത്താവ് ഡോക്ടര്‍ വിഘ്നേഷ് ഹരിണിയ്ക്ക് വീട്ടില്‍ വച്ച് വേദനസംഹാരിയായ ഡൈക്ലോഫെനോക് സോഡിയം കുത്തിവച്ചു. ഇതോടെ ഹരിണിയുടെ ആരോഗ്യനില മോശമായി. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാര്‍ച്ച് 11 ന് മരിക്കുകയും ചെയ്തു.
തുടര്‍ന്ന് മരണകാരണം വാക്‌സീനേഷന്‍ ആണെന്ന് പ്രചാരണം ഉയര്‍ന്നതിനെ തുടര്‍ന്ന് വിശദീകരണവുമായി തമിഴ്‌നാട് ആരോഗ്യവകുപ്പ് രംഗത്തെത്തി. മാര്‍ച്ച് 12 ന് നടത്തിയ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഗുരുതരമായ അലര്‍ജി റിയാക്ഷന്‍ മൂലം ആവശ്യമായ അളവില്‍ ഓക്‌സിജന്‍ ലഭിക്കാഞ്ഞതിനെ തുടര്‍ന്ന് തലച്ചോറിന്റെ പ്രവര്‍ത്തനം നിലച്ചതാണ് മരണകാരണമെന്നു പറയുന്നു. വേദനസംഹാരി എന്ന നിലയില്‍ വര്‍ഷങ്ങളായി ഡൈക്ലോഫെനോക് സോഡിയം കുത്തിവയ്ക്കാറില്ല. കോവിഡ് വാക്‌സീന്‍ സ്വീകരിച്ച ശേഷം ഇത്തരം കുത്തിവയ്പുകള്‍ നടത്തരുതെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശം നിലവില്‍ ഉണ്ടെന്നു ജില്ലാ പ്രതിരോധ കുത്തിവയ്പ് ഓഫിസര്‍ ഡോക്ടര്‍ കെ.വി. അര്‍ജുന്‍ കുമാര്‍ പറഞ്ഞു.
കോവിഡ് വാക്‌സീന്‍ എടുത്തശേഷം ഡൈക്ലോഫെനോക് ഉപയോഗിക്കരുതെന്നു ഡോക്ടര്‍മാര്‍ ശുപാര്‍ശ ചെയ്യുന്നുണ്ട്. കോവിഷീല്‍ഡ് അല്ലെങ്കില്‍ കോവാക്‌സിന്‍ ആകട്ടെ, കുത്തിവയ്പ് എടുത്തശേഷം ഡൈക്ലോഫെനോക്കിനു പകരം വേദന സംഹാരിയായി പാരസെറ്റമോള്‍ ഉപയോഗിക്കാന്‍ നിര്‍ദേശമുണ്ട്.
അതേസമയം ഹരിണിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും കൊലപാതകമാണെന്നു സംശയിക്കുന്നതായും ആരോപണം ഉയര്‍ന്നിരുന്നു. വിഘ്നേഷും ഹരിണിയും കഴിഞ്ഞ നവംബറിലാണ് വിവാഹിതരായത്. മേല അനുപ്പനാടിയിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. അസ്വാഭാവിക മരണത്തിന് കേസെടുത്തെങ്കിലും ദുരൂഹതകളൊന്നുമില്ലെന്നാണ് പൊലീസിന്റെ വെളിപ്പെടുത്തല്‍.