in , , , , , , ,

കുഞ്ഞിനെ കൊന്നത് നിസ്സാരവല്‍ക്കരിക്കാനാകില്ല, എന്നാല്‍ പ്രസവാനന്തര വിഷാദം ഒരു കുറ്റകൃത്യമല്ല

Share this story

കൊല്ലം കുണ്ടറയില്‍ മൂന്നുമാസം പ്രായമായ പിഞ്ചുകുഞ്ഞിനെ അമ്മ ശ്വാസംമുട്ടിച്ചുകൊന്ന സംഭവം, ഒരു കുറ്റകൃത്യമെന്ന നിലയില്‍ നീതീകരിക്കാനാകാത്തതാണെന്നും എന്നാല്‍ പ്രസവാനന്തര വിഷാദം എന്ന രോഗാവസ്ഥയെക്കുറിച്ച് സമൂഹം ബോധവാന്മാരായിരിക്കേണ്ടത് ഇത്തരം സംഭവങ്ങളുടെ കാരണം കണ്ടെത്താന്‍ അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടുകയാണ് ഡോ. മനോജ് വെള്ളനാട്.

മൂന്നുമാസം പ്രായമായ കുഞ്ഞിനെ അമ്മ കൊന്നുവെന്ന വാര്‍ത്തയാണ് ഇന്നലെ മുതല്‍ മാദ്ധ്യമങ്ങള്‍ നിറയെ. സ്വാഭാവികമായും അത് കാണുന്നവര്‍ക്കെല്ലാം പെട്ടന്നാ അമ്മയോട് ദേഷ്യം തോന്നും. പക്ഷെ കുഞ്ഞുമരിച്ചതിലെ വിഷമം ഭൂരിഭാഗം പേരും അടുത്ത 5 നിമിഷം കൊണ്ട് മറക്കുകയും ഈ സംഭവത്തിലെ ഇക്കിളി-പരദൂഷണസാധ്യതകള്‍ തേടുകയും ചെയ്യും. അതുകിട്ടിയില്ലെങ്കില്‍ നിരാശരുമാകും.
അമ്മയ്ക്ക് പ്രസവശേഷം മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നെന്ന് പറഞ്ഞാല്‍, അതിനെയും കളിയാക്കും. ‘കുറ്റം ചെയ്തിട്ട് പിന്നെ മാനസികപ്രശ്നമെന്ന് പറഞ്ഞാ മതിയല്ലോ’ യെന്ന് ക്രൂരമായി നിസാരവല്‍ക്കരിക്കും. ആ അമ്മയെ തൂക്കിക്കൊല്ലണം, കല്ലെറിഞ്ഞു കൊല്ലണം എന്നൊക്കെ ശിക്ഷയും വിധിച്ച് സ്വയം നന്മമരങ്ങളും ജഡ്ജിമാരുമാവും.ആ വാര്‍ത്തയുടെ താഴെ വന്ന ചില കമന്റുകളാണ് ഈ പറഞ്ഞതെല്ലാം.
പക്ഷെ അപ്പോഴെങ്ങും ചര്‍ച്ച ചെയ്യപ്പെടാതെ പോകുന്ന ഒന്നാണ്, പ്രസവാനന്തര വിഷാദം അഥവാ Post partum depression / psychosis എന്ന രോഗാവസ്ഥ. മുമ്പ് പല സന്ദര്‍ഭങ്ങളിലും പല ഡോക്ടര്‍മാരും അനുഭവസ്ഥരും അതിനെ പറ്റി എഴുതിയിട്ടുള്ളതാണ്. എന്നാല്‍ കുറച്ച് ഗൈനക്കോളജി/സൈക്യാട്രി ഡോക്ടര്‍മാരോ സൈക്കോളജിസ്റ്റുകളോ മാത്രമല്ലാ, സമൂഹത്തിലെ എല്ലാ മേഖലകളിലും ഉള്ള എല്ലാ മനുഷ്യരും അറിഞ്ഞിരിക്കേണ്ടതായ ഒന്നാണത്. കാരണം, ഗര്‍ഭധാരണവും കുഞ്ഞു ജനിക്കുന്നതുമൊക്കെ എല്ലാവരുടെയും ജീവിതത്തിലൂടെ അല്ലെങ്കില്‍ ജീവിതപരിസരത്തിലൂടെ തീര്‍ച്ചയായും കടന്നുപോകുന്ന ഒരു സാധാരണ സംഭവമാണ്.
പ്രസവം കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ 10-ല്‍ 8 അമ്മമാരും ഒരുതരം ചെറിയ വിഷാദ ലക്ഷണങ്ങളിലൂടെ കടന്നുപോകാറുണ്ട്. ഇതിനെ ‘പോസ്റ്റ് പാര്‍ട്ടം ബ്ലൂസ്’ എന്നാണ് പറയുന്നത്. ഈ സമയത്തുണ്ടാവുന്ന ഉറക്കമില്ലായ്മ, പെട്ടന്നുള്ള മൂഡ് വ്യത്യാസങ്ങള്‍, അകാരണമായ നിരാശയും ഇറിറ്റെബിലിറ്റിയും ഒന്നും പലപ്പോഴും തിരിച്ചറിയപ്പെടാതെ പോകുകയാണ് ചെയ്യാറ്. മാത്രമല്ല, മിക്കപ്പോഴും ചികിത്സയൊന്നും കൂടാതെ തന്നെ രണ്ടാഴ്ച കൊണ്ട് മാറുന്നതിനാല്‍ അങ്ങനൊന്നുണ്ടായതായി രോഗിയോ കൂടെയുള്ളവരോ അറിയാറുമില്ല.
പക്ഷെ, ഇതിന്റെ കുറച്ചു ഗുരുതരമായ അവസ്ഥയാണ് ‘പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍’. പത്തുപേരില്‍ 1-2 പേര്‍ക്കീ അവസ്ഥ ഉണ്ടാവുന്നു എന്നാണ് കണക്കുകള്‍. വികസ്വരരാജ്യങ്ങളില്‍ 20% (അഞ്ചിലൊന്ന്) അമ്മമാരിലീ പ്രശ്‌നമുണ്ടാവുന്നുണ്ട്. പ്രസവശേഷം 24 മണിക്കൂറിനുള്ളില്‍ തുടങ്ങി എപ്പൊ വേണമെങ്കിലും ഈ അവസ്ഥ വരാം. ചിലപ്പോള്‍ മാസങ്ങളോളം നില്‍ക്കാം.
ഇതിലും കുറച്ചു കൂടുതല്‍ ഗുരുതരമായ അവസ്ഥയാണ് ‘പോസ്റ്റ്പാര്‍ട്ടം സൈക്കോസിസ്’. 1000 അമ്മമാരില്‍ ഒരാള്‍ക്കങ്ങനെ ഉണ്ടാവാന്‍ സാധ്യതയുണ്ട്. അമ്മയുടെ ആത്മഹത്യ മുതല്‍ കുഞ്ഞിന്റെയും അമ്മയുടെയും മരണത്തിന് വരെ ഇത് കാരണമാവാം.
ഈ അവസ്ഥകളുടെ കൃത്യമായ കാരണം അറിയില്ലെങ്കിലും പ്രസവാനന്തരം ഹോര്‍മോണുകളുടെ അളവില്‍ ഉണ്ടാവുന്ന വ്യതിയാനങ്ങളും ഗര്‍ഭധാരണത്തിന് മുമ്പേയുണ്ടായിരുന്ന വിഷാദമോ ഉത്കണ്ഠയോ, ശാരീരികമോ മാനസികമോ ആയ പീഡനങ്ങള്‍, വൈവാഹിക ജീവിതത്തിലെ പ്രശ്‌നങ്ങള്‍, കുഞ്ഞിന്റെ ഭാവിയെ പറ്റിയുള്ള ആകുലതകള്‍, സാമ്പത്തികമോ സാമൂഹികമോ ആയ അരക്ഷിതാവസ്ഥകള്‍ തുടങ്ങി നിരവധി കാരണങ്ങള്‍ ഇതിന്റെ ഉത്ഭവത്തിന് പ്രചോദനമാകുന്നുവെന്നാണ് പഠനങ്ങള്‍.
ഉറക്കമില്ലായ്മ അല്ലെങ്കില്‍ അമിത ഉറക്കം, ഒന്നിനോടും താല്‍പ്പര്യമില്ലായ്മ, കുഞ്ഞിനു വേണ്ട ശ്രദ്ധ കൊടുക്കാതിരിക്കുക, ഉത്കണ്ഠ, വിഷാദം, അമിതമായ ക്ഷീണം, ദേഷ്യം, ആത്മഹത്യാ പ്രവണത, കുഞ്ഞിനെയോ സ്വയമേയോ മുറിവേല്‍പ്പിക്കാനുള്ള പ്രവണത, കുഞ്ഞിനെ കൊല്ലാനുള്ള പ്രവണത തുടങ്ങിയവയൊക്കെയാണ് പ്രധാനലക്ഷണങ്ങള്‍. പ്രസവശേഷം ഈ ലക്ഷണങ്ങളില്‍ ഏതെങ്കിലും ഉണ്ടെങ്കില്‍ അവ സ്വയം തിരിച്ചറിയുകയോ കൂടെയുള്ളവര്‍ മനസിലാക്കുകയോ ചെയ്ത് എത്രയും വേഗം വൈദ്യസഹായം ലഭ്യമാക്കേണ്ടതാണ്.
പലപ്പോഴും ഇത്തരം ബുദ്ധിമുട്ടുകള്‍ പല അമ്മമാരും മറച്ചുവയ്ക്കും. അറിഞ്ഞാല്‍ കുഞ്ഞിനെ തന്നില്‍ നിന്നകറ്റുമോ, താനൊരു നല്ല അമ്മയല്ലെന്ന് മറ്റുള്ളവര്‍ കരുതുമോ തുടങ്ങിയ വേണ്ടാ വിചാരങ്ങള്‍ കാരണം ചെറിയ ലക്ഷണങ്ങള്‍ ഇങ്ങനെ മറച്ചുവയ്ക്കുകയും പിന്നീടത് പ്രശ്‌നമാകുകയും ചെയ്യും. അമ്മയ്ക്കും കൂടെയുള്ളവര്‍ക്കും ഇത്തരമൊരവസ്ഥയെ പറ്റിയും അതുണ്ടാക്കാവുന്ന പ്രശ്‌നത്തെ പറ്റിയും ആശുപത്രിയില്‍ നിന്നും കൃത്യമായ ബോധവത്കരണം നല്‍കാത്തതും ഇവിടെ വില്ലനാവാറുണ്ട്.
ഏതെങ്കിലും ഒരു അനിഷ്ട സംഭവമുണ്ടായാല്‍ ആരെയെങ്കിലും കുറ്റക്കാരി/രനാക്കി വിധി പറയാന്‍ കാത്തുനില്‍ക്കുന്ന പ്രത്യേകതരം പരിഷ്‌കൃതസമൂഹമാണ് നമ്മുടേത്. ഒരമ്മ തന്റെ കുഞ്ഞിനെ കൊല്ലുന്നത് കുറ്റവാസനയുള്ളതു കൊണ്ടാണെന്നോ മറ്റെന്തോ ലക്ഷ്യം വച്ചാണെന്നോ ഒക്കെ എളുപ്പത്തില്‍ വിധിയെഴുതുന്നത് അതുകൊണ്ടാണ്.
പോസ്റ്റ് പാര്‍ട്ടം ഡിപ്രഷനെ പറ്റിയുള്ള ശരിയായ അറിവുണ്ടാകുന്നത് അത്തരം പ്രിമെച്ചര്‍ വിധിയെഴുത്തുകളെ മാത്രമല്ല ഇല്ലാതാക്കുക, അങ്ങനൊരു അനിഷ്ട സംഭവം ഉണ്ടാകുന്നതിനെ തന്നെ തടയാന്‍ സഹായിക്കും. അതിന് കൃത്യമായ ബോധവത്കരണത്തിന് വേണ്ട സംവിധാനങ്ങള്‍ എല്ലാ ആശുപത്രികളിലും ഉണ്ടായിരിക്കണമെന്ന് ഇനിയെങ്കിലും ആരോഗ്യവകുപ്പ് നിര്‍ദ്ദേശിക്കണം. അത് കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് എല്ലാ ആശുപത്രികളും ഉറപ്പുവരുത്തണം. പ്രസവാനന്തരം എന്തെങ്കിലും ലക്ഷണങ്ങള്‍ കണ്ടാല്‍ നിസാരമായി കാണാതെ വൈദ്യസഹായം തേടാന്‍ അമ്മമാരും ബന്ധുക്കളും ശ്രദ്ധിക്കുകയും വേണം.
പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍ അപൂര്‍വ്വമായെങ്കിലും അച്ഛന്മാരിലും ഉണ്ടാവാറുണ്ട്. 25-അച്ഛന്മാരില്‍ ഒരാള്‍ക്ക് (അമ്മമാരില്‍ 5 -ല്‍ 1) ഡിപ്രഷന്‍ ഉണ്ടാവാമത്രേ. എന്നാലത് സൈക്കോസിസ് അവസ്ഥ വരെ എത്തുന്നതും അപൂര്‍വ്വമാണ്. ഇതുകൂടി പറയാന്‍ കാരണം, ഇത് സ്ത്രീകളെ മാത്രം ബാധിക്കുന്ന ഒന്നാണെന്ന മിഥ്യാധാരണ മാറ്റാനാണ്. മറ്റു ചില മിഥ്യാധാരണകളാണ്, ഇത് ഹോര്‍മോണ്‍ വ്യതിയാനം കൊണ്ടു മാത്രമുണ്ടാവുന്നതാണെന്നും മറ്റു വിഷാദ രോഗങ്ങളേപ്പോലെ അത്ര കാര്യമാക്കേണ്ടതില്ലെന്നും താനേ മാറിക്കോളുമെന്നുമൊക്കെയുള്ള വിചാരങ്ങള്‍. അതൊക്കെ തെറ്റാണ്. തീര്‍ച്ചയായും ചികിത്സ വേണം.
ഇത്തരമൊരവസ്ഥയെ പറ്റിയുള്ള ശരിയായ അറിവും മറ്റുള്ളവരോട് അല്‍പ്പം സഹാനുഭൂതിയോടെ പെരുമാറാനുള്ള മനസുമുണ്ടെങ്കില്‍ ഈ രോഗം മൂലമുള്ള ഗുരുതരാവസ്ഥകള്‍ കുറേയൊക്കെ ഒഴിവാക്കാം. എട്ടു പെറ്റതിന്റെ അന്ന് എവറസ്റ്റ് കീഴടക്കാന്‍ പോയ അമ്മൂമ്മയുടെ കഥയും ഒറ്റയ്ക്ക് 12 പേരെ വളര്‍ത്തിയ ഉമ്മൂമ്മയുടെ കഥയും പറഞ്ഞിട്ട് നിനക്കൊന്നും ഇപ്പൊ ഒന്നിനും വയ്യല്ലോ എന്നൊക്കെ പുതുതായി അമ്മയാകുന്ന ഒരാളെ നിരുത്സാഹപ്പെടുത്തുന്ന വിധത്തിലുള്ള എല്ലാ സംസാരങ്ങളും ഒഴിവാക്കണം.
പിന്നെ, ഇത്തരം വാര്‍ത്തകള്‍ മാദ്ധ്യമങ്ങളില്‍ വരുമ്പോള്‍ ആരാന്റമ്മയ്ക്ക് ഭ്രാന്തുപിടിച്ചാല്‍ കാണാനെന്നോണം അവിടെപ്പോയി അവരെ ദുഷിച്ചും വിധിച്ചും കമന്റ് ചെയ്യുന്നതും വളരെ മോശമാണ്. അതും നിര്‍ത്തണം. വളരെ നിസാരരാണ് ഞാനും നിങ്ങളും ഒക്കെ. തലച്ചോറിലെ ഏതെങ്കിലും ഒരു രാസവസ്തുവിന്റെ അളവ് ഒന്നങ്ങോട്ടോ ഒന്നിങ്ങോട്ടോ മാറിയാല്‍ നമ്മളും ഈ രോഗിയും തമ്മില്‍ ഒരു വ്യത്യാസവുമില്ലാ. ??
മനോജ് വെള്ളനാട്

പ്രസവശേഷമുള്ള ഡിപ്രഷന്‍ ശ്രദ്ധിക്കണം, ചികിത്സിക്കണം

പ്രഭാത നടത്തം ഒട്ടേറെ ആരോഗ്യ പ്രശ്‌നങ്ങള്‍ കുറയ്ക്കാന്‍ പ്രയോജനം ചെയ്യും