- Advertisement -Newspaper WordPress Theme
FEATURESപ്രസവശേഷമുള്ള ഡിപ്രഷന്‍ ശ്രദ്ധിക്കണം, ചികിത്സിക്കണം

പ്രസവശേഷമുള്ള ഡിപ്രഷന്‍ ശ്രദ്ധിക്കണം, ചികിത്സിക്കണം

മുന്നുമാസം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ അമ്മ ബക്കറ്റിലെ വെള്ളത്തില്‍ മുക്കികൊന്നുവെന്നുള്ള വാര്‍ത്ത വളരെ ഞെട്ടലോടെയാണ് മലയാളികള്‍ ശ്രവിച്ചത്. കുഞ്ഞ് കരഞ്ഞതിന്റെ ദേഷ്യത്തില്‍ അമ്മ അതിനെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊല്ലുകയായിരുന്നുവെന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍. കുഞ്ഞുങ്ങളുടെ കരച്ചില്‍ അമ്മമാര്‍ക്ക് അരോചകമാകാറുണ്ടോ, എന്തുകൊണ്ടാണ് അങ്ങനെ തോന്നുന്നത്. സ്ത്രീകളിലെ പ്രസവശേഷമുള്ള ഡിപ്രഷനിലേക്കാണ് കാര്യങ്ങള്‍ വിരള്‍ ചൂണ്ടുന്നത്.

പ്രസവരക്ഷ ശേഷം ശാരീരകാവസ്ഥ വീണ്ടെടുക്കാനുള്ള ചികിത്സ എന്നപേരില്‍ കാട്ടിക്കൂട്ടുന്നതിന്റെ പകുതി ശ്രദ്ധ അമ്മമാരുടെമാനസികാരോഗ്യം നിലനിര്‍ത്താന്‍ കാണിക്കുന്നില്ലെന്ന് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നു.
ഇന്നലത്തെ വാര്‍ത്തയിലെ അമ്മയ്ക്ക് വെറും 24 വയസു മാത്രമേ ഉണ്ടായിരുന്നുള്ളു. പ്രസവത്തെ തുടര്‍ന്ന് മാനസിക അസ്വസ്ഥത ഉണ്ടാവുകയും ഒരു തവണ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചതുമാണ്. ഈ സാഹചര്യത്തില്‍ ബന്ധുക്കള്‍ കുറച്ചുകൂടി ജാഗ്രത കാണിക്കുകയും മാനസികാരോഗ്യ വിദഗ്ധന്റെ സഹായം തേടുകയും ചെയ്യേണ്ടതായിരുന്നുവെന്നാണ് വിദഗ്തരായ സൈക്കോളജി ഡോക്ടര്‍മാര്‍ പറയുന്നത്.
ഗര്‍ഭിണിയായിയിരിക്കുമ്പോഴും പ്രസവശേഷവും സ്ത്രീയുടെ ശരീരത്തില്‍ വലിയ തോതില്‍ ഹോര്‍മോണ്‍ വ്യതിയാനങ്ങളുണ്ടാകുന്നു. സ്ത്രീകളുടെ പ്രത്യുല്‍പ്പാദന ഹോര്‍മോണുകളായ ഈസ്ട്രജന്റെയും പ്രൊജസ്റ്റിറോണിന്റെയും അളവ് ഗര്‍ഭാവസ്ഥയില്‍ വളരെ കൂടുന്നു. എന്നാല്‍ പ്രസവശേഷം അവ കുത്തനെ കുറയുകയും ചെയ്യുന്നു. ഇത് അവളുടെ മാനസികാവസ്ഥയെ ബാധിക്കുന്നു. പ്രസവശേഷം നല്ലൊരു ശതമാനം സ്ത്രീകള്‍ക്കും മാനസികപ്രശ്നങ്ങള്‍ കണ്ടുവരാറുണ്ട്. ഇതിനെ പോസ്റ്റ് പാര്‍ട്ട്ം ഡിപ്രഷന്‍ എന്നാണ് വിളിക്കുന്നത്. ഇതിന്റെ തോത് കൂടിയും കുറഞ്ഞും ഇരിക്കുമെന്ന് മാത്രം.

പോസ്റ്റ് പാര്‍ട്ടം ഡിപ്രഷന്റെ ലക്ഷണങ്ങള്‍

  1. $ എപ്പോഴും വിഷമിച്ചിരിക്കുന്നു, കാരണമില്ലാതെ കരയുന്നു, പ്രതീക്ഷ നഷ്ടപ്പെടുന്നു.
  2. $ ഉറക്കക്കുറവ്, ഓര്‍മ്മക്കുറവ്, വിശപ്പില്ലായ്മ
  3. $ പെട്ടെന്ന് ദേഷ്യം വരുന്നു, പൊട്ടിത്തെറിക്കുന്നു.
  4. $ ശാരീരികമായ ബുദ്ധിമുട്ടുകള്‍, കടുത്ത ക്ഷീണം
  5. $ കുഞ്ഞിനെ പരിചരിക്കാനോ പാലൂട്ടാനോ ഉള്ള താല്‍പ്പര്യക്കുറവ്
  6. $ സ്വയം അപകടപ്പെടുത്താനോ കുഞ്ഞിനെ അപകടപ്പെടുത്താനോ ഉള്ള ശ്രമം

ഇത്തരത്തിലൊരു അവസ്ഥ ശ്രദ്ധയില്‍പ്പെട്ടാല്‍ വിദഗ്ധസഹായം തേടാന്‍ മറക്കാതിരിക്കുക. കൃത്യമായ കൗണ്‍സിലിംഗുകളിലൂടെ ഈ അവസ്ഥ മാറ്റിയെടുക്കാവുന്നതേയുള്ളു. ഈ അവസ്ഥ തിരിച്ചറിയാനും മറികടക്കാനും ഭര്‍ത്താവിന്റെയും മറ്റ് കുടുംബാംഗങ്ങളുടെയും പിന്തുണ കൂടിയേ തീരൂ. കുഞ്ഞിന്റെ പരിചരണം അമ്മയുടെ മാത്രം ഉത്തരവാദിത്തമായി കരുതാതെ എല്ലാവരും കൂടെ നില്‍ക്കണം. രാത്രി ഏറെ ഉറക്കമൊഴിയുന്നത് പോസ്റ്റ് പാര്‍ട്ടം ഡിപ്രഷന്‍ കൂടുതല്‍ ഗുരുതരമാക്കാം. അവളെ ഉറങ്ങാന്‍ അനുവദിച്ച് രാത്രിയില്‍ കുഞ്ഞിന്റെ പരിചരണം ഭര്‍ത്താവിനോ അമ്മയ്ക്കോ ഏറ്റെടുക്കാം.

ഇപ്പോഴും ഇതേക്കുറിച്ച് കൂടുതല്‍പ്പേര്‍ക്കും ധാരണയില്ലെന്നത് ആശങ്കാജനകമാണ്. അമ്മയുടെ മാനസികാരോഗ്യത്തിന് വികസിത രാജ്യങ്ങള്‍ ഏറെ പ്രാധാന്യം കൊടുക്കുന്നു. പ്രസവം നടക്കുന്ന എല്ലാ ആശുപത്രികളിലും നിര്‍ബന്ധമായും പോസ്റ്റ് പാര്‍ട്ടം ഡിപ്രഷനെക്കേറിച്ചുള്ള ബോധവല്‍ക്കരണം പ്രസവിക്കുന്ന സ്ത്രീക്ക് മാത്രമല്ല, ഭര്‍ത്താവിനും കുടുംബാംഗങ്ങള്‍ക്കും കൂടി കൊടുക്കണം. പ്രസവത്തിനു ശേഷമുള്ള മെഡിക്കല്‍ ചെക്കപ്പുകളില്‍ അമ്മയുടെ മാനസികാരോഗ്യത്തിനും പ്രാധാന്യം കൊടുക്കണം.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme