മധുര പ്രേമികളെയാണ് ആദ്യം പ്രമേഹം പിടികൂടുക പതിവ്. ശരിയായ വ്യായാമമില്ലാതെ മധുരം അടിച്ചുകയറ്റിയാല്‍ താമസം വിനാ ശരീരത്തിലെ രക്തത്തില്‍ പഞ്ചസാരയുടെ തോത് ഉയരും. അത് പലവിധ രോഗങ്ങള്‍ക്കും വഴി തെളിക്കും. ഇനി പ്രമേഹം പിടിപെട്ടാല്‍ ചോക്ക്ലേറ്റ് വര്‍ജ്ജിക്കണോ? മില്‍ക്ക് ചോക്ലേറ്റ്, ഡാര്‍ക്ക് ചോക്ലേറ്റ് അതില്‍ ഏതാണ് നിയന്ത്രിത അളവില്‍ കഴിക്കാന്‍ കഴിയുന്നത്. പുതിയ പഠനങ്ങള്‍ പല കാര്യങ്ങളിലേക്കും വിരല്‍ ചൂണ്ടുന്നു.
ഡാര്‍ക്ക് ചോക്ലേറ്റ് പരിമിതമായ തോതില്‍ കഴിച്ചാല്‍ ഒരു കുഴപ്പവും വരില്ലെന്നാണ് ഹാർവാർഡ് പഠനം പറയുന്നത്. 1,11,654 നഴ്‌സുമാരെ വര്‍ഷങ്ങളോളം നിരീക്ഷിച്ച ശേഷമാണ് പഠനം പുറത്തുവിട്ടത്. ആഴ്ചയിൽ അഞ്ചോ അതിലധികമോ ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത വളരെ അധികം കുറയ്ക്കുന്നു. ഇവര്‍ക്ക് ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത 21 ശതമാനം കുറവാണ് എന്ന് പഠനം പറയുന്നു.
എന്നാല്‍ മില്‍ക്ക് ചോക്ലേറ്റിന് ഈ വിധം ഒരു ഗുണവും പഠനത്തില്‍ കണ്ടില്ല. മിൽക്ക് ചോക്ലേറ്റ് കഴിക്കുന്നത് ശരീരഭാരം വർദ്ധിപ്പിക്കുന്നു. മില്‍ക്ക് ചോക്ലേറ്റില്‍ സാധാരണയായി കൂടുതൽ പഞ്ചസാര അടങ്ങിയിട്ടുണ്ട്. ഇത് പ്രമേഹം വര്‍ധിപ്പിക്കാന്‍ ഇടവരുത്തുന്നു. എന്നാല്‍ ഡാർക്ക് ചോക്ലേറ്റ് ആന്റി ഓക്സിഡന്റുകളാൽ സമ്പന്നമാണ്. ഫ്ലേവനോയിഡുകൾ ഡാർക്ക് ചോക്ലേറ്റിൽ ധാരാളമുണ്ട്. പഴങ്ങളിലും പച്ചക്കറികളിലും കാണപ്പെടുന്ന പ്രകൃതിദത്തമായ മിശ്രിതങ്ങളാണ് ഫ്ലേവനോയിഡുകൾ. ഹൃദ്രോഗം, കാൻസർ തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളെ തടയാനും ഡാര്‍ക്ക് ചോക്ലേറ്റുകള്‍ സഹായിക്കും.
ടൈപ്പ് 2 പ്രമേഹം ഗുരുതരമായ ആരോഗ്യ പ്രശ്നമായി മാറുകയാണ്. 2019ൽ ഏകദേശം 463 ദശലക്ഷം ആളുകളെ ബാധിച്ചിട്ടുണ്ട്. അടുത്ത 20 വർഷത്തിനുള്ളിൽ ഇത് 700 ദശലക്ഷമായി ഉയരുമെന്ന് കണക്കുകള്‍ പറയുന്നത്. രണ്ട് വര്‍ഷം മുന്‍പ് ലോകത്ത് ഏറ്റവുമധികം പ്രമേഹരോഗികൾ ഉള്ളത് ഇന്ത്യയിലായിരുന്നു. ഈ അവസ്ഥയില്‍ ഡാര്‍ക്ക് ചോക്ലേറ്റിന്റെ ഉപയോഗം ഒരു തരത്തില്‍ പ്രമേഹ രോഗികള്‍ക്ക് ആശ്വാസം പകരുന്നതാണ്.