- Advertisement -Newspaper WordPress Theme
LIFEമങ്കിപോക്‌സ് ശ്വാസകോശത്തിന് നാശം വരുത്താം: ന്യുമോണിയയ്ക്കും സാധ്യതയെന്ന് വിദഗ്ധര്‍

മങ്കിപോക്‌സ് ശ്വാസകോശത്തിന് നാശം വരുത്താം: ന്യുമോണിയയ്ക്കും സാധ്യതയെന്ന് വിദഗ്ധര്‍

ആദ്യം കേരളത്തില്‍ ഇപ്പോള്‍ ഡല്‍ഹിയില്‍ പതിയെ പതിയെ ഇന്ത്യയില്‍ പടര്‍ന്ന് തുടങ്ങിയിരിക്കുകയാണ് മങ്കിപോക്‌സ്. ദക്ഷിണാഫ്രിക്കയിലെ ചില ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ മാത്രം കണ്ടിരുന്ന ഈ വൈറസ് ഇപ്പോള്‍ ഒരു ആഗോള ആരോഗ്യ പ്രശ്‌നമായി വളര്‍ന്നിരിക്കുന്നു. ലോകാരോഗ്യസംഘടനയുടെ കണക്കനുസരിച്ച് 75 രാജ്യങ്ങളിലായി 16,000 ലധികം മങ്കിപോക്‌സ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

കോവിഡിനെ വെല്ലുന്ന മഹാമാരിയായി ഇത് മാറുമോ എന്ന ആശങ്ക ജനങ്ങള്‍ക്കുണ്ട്. എന്നാല്‍ കോവിഡിനെ പോലെ വായുതന്മാത്രകള്‍ വഴി മങ്കിപോക്‌സ് പടരില്ല എന്നത് ഒരു ആശ്വാസമാണ് അതേ സമയം കോവിഡ് ശ്വാസകോശത്തെ ബാധിച്ചതുപോലെ ശ്വാസകോശത്തില്‍ അണുബാധയുണ്ടാക്കാനും ന്യൂമോണിയക്ക് വരെ കാരണമാകാനും മങ്കിപോക്‌സ് വൈറസിന് സാധിക്കുമെന്ന് പുതിയ പഠനങ്ങള്‍ വെളിപ്പെടുത്തുന്നു.

ശ്വാസകോശത്തില്‍ കടുത്ത അണുബാധയ്ക്ക് കാരണമാകുന്ന് പ്രോട്ടീനുകളുടെ ഉത്പാദനത്തെ വര്‍ധിപ്പിക്കുന്ന മങ്കിപോക്‌സ് വൈറസ് ശ്വാസകോശത്തിലെ കോശസംയുക്തങ്ങളെ ആരോഗ്യത്തോടെയും അയവുളളതാക്കിയും വയ്ക്കുന്ന പ്രോട്ടീനുകളുടെ ഉത്പാദനം കുറയ്ക്കുമെന്നും ഗവേഷണറിപ്പോര്‍ട്ട് പറയുന്നു. ഇത് ശ്വാസകോശത്തില്‍ നടക്കുന്ന ഓക്‌സിജന്റെ കൈമാറ്റത്തെയും പ്രതികൂലമായി ബാധിക്കാമെന്ന് മോളിക്യുലാര്‍ ആന്‍ഡ് സെല്ലുലാര്‍ പ്രോട്ടിയോമിക്‌സില്‍ പ്രസിദ്ധീകരിച്ച പഠനം ചൂണ്ടിക്കാണിക്കുന്നു.

മസ്തിഷ്‌കവീക്കം, രക്തദൂഷ്യം, ബ്രോങ്കോന്യുമോണിയ, കോര്‍ണിയയിലെ അണുബാധയും കാഴ്ച നഷ്ടവും എന്നിങ്ങനെ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് മങ്കിപോക്‌സ് ബാധ നയിക്കാമെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. പനി, മുഖത്ത് ആരംഭിച്ച് കൈകാലുകളിലേക്ക് പടരുന്ന ചര്‍മത്തിലെ തിണര്‍പ്പുകള്‍, തലവേദന, ലിംഫ് നോഡുകള്‍ വീര്‍ക്കല്‍, പേശിവേദന, ക്ഷീണം, തൊണ്ടവേദന, ചുമ, കണ്ണില്‍ വേദന, അവ്യക്തമായകാഴ്ച, ശ്വാസംമുട്ടല്‍, നെഞ്ചുവേദന, ഇടയ്ക്കിടെ ബോധം മറയല്‍, ചുഴലി, മൂത്രത്തിന്റെ അളവില്‍ കുറവ് എന്നിവയെല്ലാം മങ്കി പോക്‌സ് ലക്ഷണങ്ങളാണ്.

രോഗിയുടെ ശരീരത്തിലെ പഴുപ്പ്, രക്തം തുടങ്ങിയ ദ്രാവകങ്ങള്‍ വഴിയോ ലൈംഗിക ബന്ധം വഴിയോ നേരിട്ട് മങ്കിപോക്‌സ് വൈറസ് പകരാം. രോഗി ഉപയോഗിച്ച തുണിയോ വസ്തുക്കളോ ആയി അടുത്ത് ബന്ധപ്പെട്ടാലും രോഗിയുമായി ദീര്‍ഘനേരമുളള അടുത്ത ബന്ധം വഴിയോ മങ്കിപോക്‌സ് വ്യാപിക്കാം മങ്കിപോക്‌സ് ബാധിതര്‍ ഐസലേഷനില്‍ കഴിയേണ്ടതും മൂക്കും മുഖവും മാസ്‌ക് ഉപയോഗിച്ച് മറയ്‌ക്കേണ്ടതുമാണ്. ചര്‍മത്തിലെ വ്യണങ്ങള്‍ ഒരു ഗൗണോ ബെഡ്ഷീറ്റോ ഉപയോഗിച്ച് മറയ്ക്കുകയും വേണമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഇവരുപയോഗിച്ച തുണികള്‍. ബെഡ് ഷീറ്റ്, ടവലുകള്‍ എന്നിവ മറ്റുളളവര്‍ ഉപയോഗിക്കാന്‍ പാടില്ല. സോപ്പും സാനിറ്റൈസറും ഉപയോഗിച്ച് കൈകള്‍ വ്യത്തിയാക്കി സൂക്ഷിക്കേണ്ടത് മങ്കിപോക്‌സ് പ്രതിരോധത്തിലും അത്യാവശ്യമാണെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme