ആരോഗ്യത്തിന്റെ അടിസ്ഥാനം ഭക്ഷണമാണെന്ന് നമുക്കേവര്‍ക്കുമറിയാം. നാം കഴിക്കുന്നത് എന്താണോ അത് തന്നെയാണ് നാം എന്നാണ് വിദഗ്ധര്‍ പറയാറ്. അതിനാല്‍ തന്നെ ആരോഗ്യകരമായ ഭക്ഷണം വേണം നമ്മള്‍ കഴിക്കാന്‍.
മുട്ട, പാല്‍, പഴം എന്നിവയെല്ലാം ഇത്തരത്തില്‍ പതിവായി കഴിക്കേണ്ടുന്ന ആരോഗ്യകരമായ ഭക്ഷണത്തിന്റെ പട്ടികയിലുള്‍പ്പെടുന്നവയാണ്. ഇവയ്ക്കെല്ലാമുള്ള ആരോഗ്യഗുണങ്ങള്‍ അനവധിയാണ്. ഇക്കൂട്ടത്തില്‍ എടുത്ത് പറയേണ്ട ഒന്നാണ് നേന്ത്രപ്പഴം.
പൊട്ടാസ്യം, ഫൈബര്‍, വിറ്റാമിന്‍- ബി6, മഗ്‌നീഷ്യം, കോപ്പര്‍, മാംഗനീസ് തുടങ്ങി ശരീരത്തിന് അത്യന്താപേക്ഷിതമായ എത്രയോ ഘടകങ്ങളുടെ സ്രോതസാണ് നേന്ത്രപ്പഴം. ഇത് പതിവായി കഴിക്കുന്നത് കൊണ്ടുള്ള മൂന്ന് പ്രയോജനങ്ങളാണ് ഇനി വിശദീകരിക്കുന്നത്.
ഒന്ന്…
മറ്റ് പല പഴങ്ങളെ പോലെയും ആന്റിഓക്സിഡന്റുകളുടെ കലവറയാണ് നേന്ത്രപ്പഴം. ഇതിലടങ്ങിയിരിക്കുന്ന ‘ഡോപമൈന്‍’, കാറ്റെച്ചിന്‍’ എന്നിവ നമ്മുടെ മാനസികാവസ്ഥയെ അനുകൂലമായി സ്വാധീനിക്കുമത്രേ. അതായത്, മോശം മാനസികാവസ്ഥയില്‍ നിന്ന് നമ്മെ രക്ഷപ്പെടുത്താന്‍ നേന്ത്രപ്പഴത്തിനാകുമെന്ന്.
രണ്ട്…
ഐബിഎസ് (ഇറിറ്റബള്‍ ബവല്‍ സിന്‍ഡ്രോം) എന്ന ദഹനവ്യവസ്ഥയെ ബാധിക്കുന്ന ജീവിതശൈലീരോഗമുള്ളവര്‍ എപ്പോഴും ഡയറ്റില്‍ ശ്രദ്ധ പുലര്‍ത്തേണ്ടി വരും. ചില ഭക്ഷണങ്ങള്‍ ഇത്തരക്കാര്‍ക്ക് കൂടുതല്‍ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കും. ഐബിഎസുള്ളവര്‍ക്ക് ഏറ്റവും അനുയോജ്യമായൊരു ഭക്ഷണമാണ് നേന്ത്രപ്പഴം.
മൂന്ന്…
ഇന്ന് മിക്കവരും നേരിടുന്നൊരു പതിവ് ആരോഗ്യപ്രശ്നമാണ് അസിഡിറ്റി. പ്രധാനമായും ഭക്ഷണം അടക്കമുള്ള ജീവിതരീതികളിലെ അനാരോഗ്യകരമായ പ്രവണതകള്‍ തന്നെയാണ് അസിഡിറ്റി പോലുള്ള പ്രശ്നങ്ങളിലേക്ക് നയിക്കുന്നത്. അസിഡിറ്റിയുള്ളവര്‍ക്ക് ധൈര്യമായി കഴിക്കാവുന്നൊരു ഭക്ഷണമാണ് നേന്ത്രപ്പഴം. കാരണം, ഇതില്‍ നിന്നുള്ള ആസിഡ് റിഫ്ളക്സ് വളരെ കുറവാണ്. അതുപോലെ തന്നെ മലബന്ധം ഒഴിവാക്കാനും ഏറെ ഉപകരിക്കുന്നൊരു ഭക്ഷണമാണ് നേന്ത്രപ്പഴം.