തിരുവനന്തപുരം: കൂടുതല്‍ ജില്ലകളില്‍ ബ്ലാക്ക് ഫംഗസ് ബാധ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ പ്രമേഹ രോഗികളിലും പ്രതിരോധ ശേഷി കുറഞ്ഞവരും ജാഗ്രത പുലര്‍ത്താന്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശം.
ബ്ലാക്ക് ഫംഗസ് പകര്ച്ചവ്യാധിയല്ലെന്നതാണ് മഹാമരിയുടെ കാലത്ത് നേരിയ ആശ്വാസം. എന്നാല്‍ ഇത് നിസ്സാരമാക്കുന്നത് ഗുരുതര പ്രതിസന്ധിക്കിടയാക്കും. ഏറ്റവും ഒടുവിലായി മലപ്പുറം,കൊല്ലം ജില്ലകളിലാണ് രോഗം റിപ്പോര്‍ട്ട് ചെയ്തത്.
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സക്കെത്തിയ മൂന്ന് തമിഴ്നാട് സ്വദേശികളടക്കം ഏഴുപേര്‍ക്ക് നേരത്തെ രോഗം കണ്ടെത്തിയിരുന്നു.
പ്രമേഹരോഗികള്‍ക്കും പ്രതിരോധ ശേഷി കുറഞ്ഞവര്‍ക്കും പുറമേ അര്‍ബുദരോഗികള്‍, അവയവമാറ്റം നടത്തിയവര്‍, ഐ.സി.യുവില്‍ ദീര്‍ഘനാള്‍ കഴിഞ്ഞവര്‍ എന്നിവരില്‍ ഫംഗസ് ഭീഷണിയുള്ളതിനാല്‍ പ്രത്യേക നിരീക്ഷണമാണ് ആരോഗ്യവകുപ്പ് നിഷ്കര്‍ഷിക്കുന്നത്.
കോവിഡ് മൂലം പ്രതിരോധശേഷി കുറയുന്നവരില്‍ ബ്ലാക്ക് ഫംഗസ് ബാധക്ക് സാധ്യതയുള്ളതിനാല്‍ കോവിഡ് ഐസിയുകളില്‍ കഴിയുന്നവരിലടക്കം പ്രത്യേക നീരീക്ഷണത്തിന് സര്‍ക്കാര്‍ നടപടി തുടങ്ങി.