ഏറ്റവും മികച്ചതും ആരോഗ്യത്തിന് ഹാനികരമാകാത്തതുമായ ഒരു പാനീയം നമ്മുടെ അടുക്കളയില്‍തന്നെയുണ്ട്. എന്നാല്‍ മിക്ക വീട്ടമ്മമാരും സമയംകളയാന്‍ മടിച്ച് വെറുതെ കളയുകയാകും ശീലം. സംഭവം മറ്റൊന്നുമല്ല; കറിവയ്ക്കുന്ന തിരക്കിനിടയില്‍ വെറുതെ ഉടച്ചുകളയുന്ന തേങ്ങയില്‍നിന്നുള്ള വെള്ളത്തിന്റെ കാര്യമാണ് പറഞ്ഞുവരുന്നത്.
ശരീരത്തിന് ഏറ്റവും ഉന്മേഷം പകരുന്ന പാനീയമാണ് തേങ്ങാവെള്ളം. മാത്രമല്ല, ആരോഗ്യം വര്‍ദ്ധിപ്പിക്കുന്ന ധാരാളം പോഷകങ്ങളും ഇതില്‍ അടങ്ങിയിട്ടുണ്ട്. എന്തെങ്കിലും കഴിക്കുംമുമ്പ് ഒന്നാലോചിക്കാറുള്ള ശരീരം ‘വര്‍ക്ക് ഔട്ട്’ ചെയ്യുന്ന ധാരാളംപേര്‍ നമ്മുക്കിടയിലുണ്ട്. അവര്‍ക്ക് ആശങ്കയില്ലാതെ കുടിക്കാവുന്ന പാനീയങ്ങളിലൊന്നാണ് തേങ്ങാവെള്ളം.
കാരണം ശരീരത്തിലെ ജലാംശം പുനഃസ്ഥാപിക്കാന്‍ തേങ്ങാവെള്ളത്തിനു കഴിയും. വ്യായാമ സമയത്ത് നഷ്ടപ്പെടുന്ന ഇലക്ട്രോലൈറ്റുകളെ നിറയ്ക്കാന്‍ ഈ പാനീയത്തിന് കഴിയും. ശരീരത്തിലെ ദ്രാവക ബാലന്‍സ് നിലനിര്‍ത്താന്‍ സഹായിക്കുന്ന ധാതുക്കളായ ഇലക്ട്രോലൈറ്റുകളെ ധാരാളമായി പ്രദാനം ചെയ്യാന്‍ തേങ്ങാവെള്ളത്തിനാകും.
വിപണിയിലെ ഹാനികരമായ ഡ്രിംഗ്സ് കഴിച്ചിട്ടുണ്ടാകുന്ന ഓക്കാനം, വയറുവേദന എന്നിവയൊന്നും ഉണ്ടാകുകയുമില്ല. പഞ്ചസാരയുടെ അളവ് കുറവായതിനാല്‍ മറ്റ് പഴച്ചാറുകളെ അപേക്ഷിച്ച് ഗുണകരമാണ് തേങ്ങാവെള്ളം. മാത്രമല്ല കുറഞ്ഞ കലോറിയാണ് ഇതിനുള്ളത്. ഒരു കപ്പ് ഓറഞ്ച് ജ്യൂസില്‍ 21 ഗ്രാം പഞ്ചസാരയോടൊപ്പം 112 കലോറിയുണ്ടെങ്കില്‍ ഒരു കപ്പ് തേങ്ങാവെള്ളത്തില്‍ 46 കലോറിയും 6 ഗ്രാം പഞ്ചസാരയും മാത്രമാണുള്ളത്. ആന്റിഓക്സിഡന്റ് ഗുണങ്ങളുമുണ്ട്. മാത്രമല്ല രക്തസമ്മര്‍ദ്ദം കുറയ്ക്കാനും തേങ്ങാവെള്ളത്തിന് കഴിയും.