in , ,

ആയുഷ്മാന്‍ ഭാരത് സെന്‍ററുകള്‍ ഒന്നരലക്ഷമാക്കും; കേന്ദ്ര ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷണ്‍

Share this story


 ആരോഗ്യ സൂചകങ്ങളില്‍ കേരളം ശ്രദ്ധേയ വളര്‍ച്ചനേട പകര്‍ച്ചേതര രോഗങ്ങളുടെ

വെല്ലുവിളികള്‍ അഭിമുഖീകരിക്കേണ്ടതുണ്ട്

തിരുവനന്തപുരം:   ആയുഷ്മാന്‍ ഭാരത് ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ്സ് സെന്‍ററുകളുടെ എണ്ണം അടുത്തവര്‍ഷം ഡിസംബറോടെ   ഒന്നരലക്ഷമായി ഉയര്‍ത്തി  രാജ്യത്തെ പൊതുജനാരോഗ്യ സംരക്ഷണ സംവിധാനത്തെ ശക്തിപ്പെടുത്തുമെന്ന് കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ സെക്രട്ടറി ശ്രീ രാജേഷ് ഭൂഷണ്‍ പറഞ്ഞു. ‘ആരോഗ്യ കേരളം : സുസ്ഥിര വികസന ലക്ഷ്യങ്ങളെ യാഥാര്‍ത്ഥ്യമാക്കല്‍’ എന്ന പ്രമേയത്തിലൂന്നി സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ് സംഘടിപ്പിക്കുന്ന രാജ്യാന്തര ആരോഗ്യസമ്മേളനത്തിന്‍റെ ഉദ്ഘാടനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

പഞ്ചദിന വെബിനാര്‍ പരമ്പരയുടെ ഉദ്ഘാടനം മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ നിര്‍വ്വഹിച്ചു. സംസ്ഥാനത്തിന് പ്രസക്തിയുള്ള വിഷയങ്ങളെ അധികരിച്ച് നടക്കുന്ന സമ്മേളനം ഈ മാസവും അടുത്തമാസം ആദ്യവുമായാണ് നടക്കുന്നത്. ആരോഗ്യ  കുടുംബക്ഷേമ മന്ത്രി ശ്രീമതി കെ കെ ശൈലജ ടീച്ചര്‍ അദ്ധ്യക്ഷ പ്രസംഗം നടത്തി.

ബിഎസ് സി നഴ്സിംഗ് ഉദ്യോഗാര്‍ത്ഥികള്‍ക്കായി കമ്മ്യൂണിറ്റി ഹെല്‍ത്ത് ഓഫീസേഴ്സ് എന്ന പുതിയ കേഡര്‍ സൃഷ്ടിക്കുന്നുണ്ട്. ആയുഷ്മാന്‍ ഭാരത് ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ് സെന്‍ററുകളുടെ പ്രവര്‍ത്തനത്തിന് മറ്റ് ഉദ്യോഗസ്ഥരേയും ഈ കേഡറില്‍ ഉള്‍പ്പെടുത്തും. പഞ്ചായത്തിരാജ് പോലുള്ള തദ്ദേശ ഭരണ സംവിധാനങ്ങളുമായും നഗരസഭകളുമായും അടുത്തിടപഴകി സമൂഹത്തിന്  12 ആരോഗ്യസംരക്ഷണ സേവനങ്ങള്‍ ഒരു പാക്കേജായി ലഭ്യമാക്കുന്നത് ഉറപ്പാക്കുന്നതിന് ടീം ലീഡേഴ്സിനെ നിയോഗിക്കുമന്നും അദ്ദേഹം അറിയിച്ചു.

ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ്സ് കേന്ദ്രങ്ങളുടെ എണ്ണം ഈ സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിനു മുന്‍പേ 70,000 ആയി ഉയര്‍ത്തും. രണ്ടര വര്‍ഷത്തിനു മുന്‍പ് ഇതിന്‍റെ പ്രഖ്യാപനത്തോടെയാണ് രാജ്യത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ പരിഷ്കരിക്കുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്. സമഗ്ര പ്രാഥമിക ആരോഗ്യസംരക്ഷണം പ്രദാനം ചെയ്യുന്നതിനുള്ള ഈ സംവിധാനം ഇപ്പോള്‍ കരുത്താര്‍ജ്ജിക്കുകയാണ്. യൂണിവേഴ്സല്‍ ഹെല്‍ത്ത് കവറേജിലേക്ക് വളരുന്നതില്‍ പൊതുജനാരോഗ്യ സംരക്ഷണ സംവിധാനം മികച്ച പങ്ക് വഹിച്ചിട്ടുണ്ട്.  അതു തന്നെയാണ് മൂന്നാം സുസ്ഥിര വികസന ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

ജനങ്ങളുടെ ജീവിത നിലവാര സൂചികയില്‍  കേരളം ശ്രദ്ധേയനേട്ടം കൈവരിച്ചിട്ടുണ്ട്. പൊതുജനാരോഗ്യ സംരക്ഷണം ലഭ്യമാക്കുന്നതില്‍ വഴിത്തിരിവിന്‍റെ പാതയിലുള്ള കേരളം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഗുരുതര രോഗികളുടെ കൂടിയ നിരക്ക്, ജനസംഖ്യാ പരിവര്‍ത്തനത്തിനാലുള്ള ആരോഗ്യ സൗകര്യങ്ങളുടെ ബാധ്യത,  പകര്‍ച്ചേതര രോഗങ്ങളാലുള്ള ബാധ്യത എന്നിവയില്‍ വെല്ലുവിളികള്‍ നേരിടുന്നുണ്ട്. സംസ്ഥാനം എപ്രകാരം ഈ വെല്ലുവിളികളോട് പ്രതികരിക്കുമെന്നതിനെ ആശ്രയിച്ചായിരിക്കും സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നത് നിര്‍ണയിക്കാനാകുകയെന്നും അദ്ദഹം കൂട്ടിച്ചേര്‍ത്തു.

പൊതുജനങ്ങള്‍ക്ക് കൂടുതല്‍ സേവനങ്ങള്‍ നല്‍കുന്നതിന് 842 ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ് സെന്‍ററുകള്‍ സംസ്ഥാനത്തുണ്ട്. പ്രത്യുല്‍പ്പാദന ആരോഗ്യ സംരക്ഷണം, ശിശു-മാതൃ ആരോഗ്യ സംരക്ഷണം, ശുചീകരണം, പകര്‍ച്ചേതര രോഗങ്ങള്‍, വയോജന സംരക്ഷണം തുടങ്ങിയ പന്ത്രണ്ട് സേവനങ്ങള്‍ സംസ്ഥാനത്ത് വളരെ പ്രാധാന്യം അര്‍ഹിക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

പകര്‍ച്ചവ്യാധിക്കും ജനസംഖ്യാ പരിവര്‍ത്തനത്തിനും കേരളം സാക്ഷ്യം വഹിക്കുന്നുണ്ട്. പ്രത്യേകിച്ച് ഗുരുതര രോഗങ്ങള്‍ക്കുള്ള പരിഹാരവും സെന്‍ററുകളിലൂടെ അഭിമുഖീകരിക്കാനാവും. കേരളത്തിലെ അഞ്ചിലൊന്ന് പുരുഷന്‍മാരിലും സ്ത്രീകളിലും രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിധിയിലധികമാണ്. 24.8 ശതമാനം സ്ത്രീകളും 27 ശതമാനം പുരുഷന്‍മാരും പ്രമേഹത്തിന് ചികിത്സയിലാണ്.  22 ശതമാനം സ്ത്രീകളിലും 25.9 ശതമാനം പുരുഷന്‍മാരിലും രക്ത സമ്മര്‍ദ്ദവും കൂടുതലാണ്.   അമിതവണ്ണം സ്ത്രീകളില്‍ 32 ശതമാനത്തില്‍ നിന്നും 38 ശതമാനമായും പുരുഷന്‍മാരില്‍ 28.5 ശതമാനത്തില്‍ നിന്നും 36 ശതമാനമായും വര്‍ദ്ധിച്ചിട്ടുണ്ട്. പുരുഷന്‍മാരില്‍ പുകയില ഉപയോഗം 16 ശതമാനവും മദ്യ ഉപയോഗം  19 ശതമാനവും ആണെന്നാണ് കണക്കുകള്‍.

കുടുംബശ്രീ ശൃംഖലയെക്കൂടാതെ ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ്സ് കേന്ദ്രങ്ങളേയും മുന്‍കൂട്ടിയുള്ള രോഗനിര്‍ണയത്തിലും ചികിത്സയ്ക്കുമായി ഉപയോഗപ്പെടുത്തണം. തദ്ദേശ ഭരണ സ്ഥാപനങ്ങളെ ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ശക്തിപ്പെടുത്തി ഉപയുക്തമാക്കണം. കൊവിഡ് മഹാമാരി, ക്ഷയം, പകര്‍ച്ചേതര രോഗങ്ങള്‍, മാതൃ-ശിശു സംരക്ഷണം എന്നിവയെക്കുറിച്ചുള്ള പ്രശ്നങ്ങള്‍ തരണം ചെയ്യുന്നതിനുള്ള വിശദ പദ്ധതി സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കണം.  കേരളത്തിന് സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ ഈ വെബിനാര്‍ മുതല്‍ക്കൂട്ടാകുമെന്നും ആഗോളതലത്തിലെ മികച്ച മാതൃകകള്‍ മനസ്സിലാക്കുന്നതിനും സഹായകമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളം സുസ്ഥിര വികസന ലക്ഷ്യം കൈവരിക്കുന്നതിനുള്ളശരിയായ പാതയില്‍: മുഖ്യമന്ത്രി

കൊവിഡിന്‍റെ വിവിധ വകഭേദങ്ങള്‍ക്ക്ഇന്ത്യന്‍ വാക്സീന്‍ ഫലപ്രദം-ഐസിഎംആര്‍