- Advertisement -Newspaper WordPress Theme
HEALTHമഴക്കാലം ആഹാരത്തില്‍ ശ്രദ്ധിക്കാം

മഴക്കാലം ആഹാരത്തില്‍ ശ്രദ്ധിക്കാം

മഴക്കാലം എത്തിക്കഴിഞ്ഞു. അണുബാധകള്‍, ദഹന പ്രശ്‌നങ്ങള്‍, അലര്‍ജികള്‍ എന്നിവ കൂടുതലായി കാണപ്പെടുന്ന ഒരു സമയമാണിത്. കാലാവസ്ഥയ്ക്കനുസരിച്ച് ഭക്ഷണത്തില്‍ മാറ്റങ്ങള്‍ വരുത്തണം. ശരീരത്തിന് രോഗപ്രതിരോധശേഷി ഏറ്റവും കുറയുന്ന കാലമാണ് മഴക്കാലം. ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയ ഭക്ഷണം പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കും.

മഴക്കാലത്ത് വയറിളക്കം, ഛര്‍ദ്ദി പോലുള്ള ദഹന വൈഷമ്യങ്ങളും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാകാന്‍ സാധ്യതയുള്ളതുകൊണ്ട് വേവിക്കാത്ത ഭക്ഷണങ്ങള്‍ കഴിവതും ഒഴിവാക്കണം. കുടിക്കുന്ന വെള്ളം തിളപ്പിച്ചതാകണം. ഭക്ഷണം ചെറു ചൂടോടുകൂടി വേണം കഴിക്കാന്‍. ദഹിക്കാന്‍ ബുദ്ധിമുട്ടുള്ള ആഹാരങ്ങള്‍ ഒഴിവാക്കണം. രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിന് ഓറഞ്ച്, നാരങ്ങ, കിവി തുടങ്ങിയ പഴങ്ങള്‍ വിറ്റമിന്‍ ‘സി’യുടെ മികച്ച സ്രോതസ്സുകള്‍ ആണ്.

മഴക്കാലത്ത് പുറത്തുനിന്ന് ഭക്ഷണം കഴിക്കുന്നത് കഴിയുന്നത്ര ഒഴിവാക്കാന്‍ ശ്രദ്ധിക്കണം. തട്ടുകടകളില്‍ നിന്നും മറ്റും ലഭിക്കുന്ന ഭക്ഷണങ്ങള്‍ കഴിവതും ഒഴിവാക്കി വീട്ടില്‍ തന്നെ പാചകം ചെയ്യുന്ന ഭക്ഷണമാണ് നല്ലത്. മഴക്കാലത്ത് ഏറെ പേരും കഴിക്കാന്‍ ആഗ്രഹിക്കുന്നത് എണ്ണയില്‍ വറുത്ത ഭക്ഷണങ്ങളാണ്. വറുത്ത ആഹാരങ്ങളുടെ അമിത ഉപയോഗം ഈ സമയത്ത് ദഹന പ്രശ്‌നങ്ങള്‍ക്ക് കാരണമാകും.

ദാഹം അനുഭവപ്പെടുന്നില്ലെങ്കില്‍ കൂടി ആവശ്യത്തിന് വെള്ളം കുടിക്കണം. മറ്റു രോഗങ്ങള്‍ ഇല്ലാത്തവര്‍ 6 – 8 ഗ്ലാസ്സ് വെള്ളം ദിവസം കുടിക്കണം. മഴക്കാലത്തും ഫ്രൂട്ട് ജ്യൂസുകള്‍ നല്ലതാണ് എന്നാല്‍ അവ വൃത്തിയോടെയും ശുചിത്വത്തോടെയും വേണം തയ്യാറാക്കാന്‍. മഴക്കാലത്ത് ഇലക്കറികളില്‍ ബാക്ടീരിയ, ഫംഗസ് ബാധ കൂടുതലായിരിക്കും. അതിനാല്‍ ഇലക്കറികള്‍ നന്നായി കഴുകിയതിനുശേഷം മാത്രം പാചകം ചെയ്യണം.

ഭക്ഷണത്തില്‍ പ്രോബയോട്ടിക്കുകളായ തൈര്, മോര്, പുളിപ്പിച്ച ഭക്ഷണങ്ങളായ ഇഡ്ഢലി, ദോശ എന്നിവ കുടലിന്റെ ആരോഗ്യം സംരക്ഷിക്കുന്നു. തുളസി ചായ, ഇഞ്ചി ചായ, ഹെര്‍ബല്‍ ടീ എന്നിവ കുടിക്കുന്നത് പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിന് സഹായിക്കും. ആന്റി ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങളാല്‍ സമ്പന്നമാണ് മഞ്ഞള്‍. അസംസ്‌കൃത ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകും. മത്സ്യം വാങ്ങുമ്പോള്‍ പഴകിയതല്ലെന്ന് ഉറപ്പാക്കണം. ചായ, കാപ്പി എന്നിവയുടെ അമിത ഉപയോഗം വേണ്ട. കഞ്ഞി, ആവിയില്‍ വേവിച്ച ആഹാരങ്ങള്‍, വിവിധതരം സൂപ്പുകള്‍ (പച്ചക്കറി സൂപ്പ്, ചിക്കന്‍ സൂപ്പ്, ടൊമാറ്റോ സൂപ്പ്) എന്നിവ ഭക്ഷണത്തിന്റെ ഭാഗമാക്കാം.

Preethi R Nair
Chief Clinical Nutritionist
SUT Hospital, Pattom

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme