ടി.വി- മൊബൈല്‍ സക്രീനുകളില്‍ നിന്നും ഹാനികരമായ കിരണങ്ങളൊന്നും കണ്ണിലേക്ക് എത്തുന്നില്ല. മണിക്കൂറുകളോളം സ്‌ക്രീനിലേക്ക് കണ്ണുനട്ടിരിക്കുന്നതാണ് യഥാര്‍ഥ പ്രശ്‌നം. ബുക്ക് വായിക്കുമ്പോള്‍ കണ്ണും ബുക്കുമായുളള ദൂരം വ്യത്യാസപ്പെടാം, മുകളില്‍ നിന്നും താഴേക്കും വശങ്ങളിലേക്കുമൊക്കെ ക്യഷ്ണമണികള്‍ നീങ്ങുന്നുണ്ട്. എന്നാല്‍ സ്്ക്രീനില്‍ ഗെയിം കളിക്കുകയോ സിനിമ കാണുകയോ ചെയ്യുമ്പോള്‍ അതു കഴിയുന്നതുവരെ മണിക്കൂറുകളോളം ഒരേ ദൂരത്തില്‍ ഒരേ ബിന്ദുവില്‍, ഇമചിമ്മാതെ കണ്ണുനട്ടിരിക്കുകയാണ്. ഇതു കണ്ണു വരളാനിടയാക്കാം, ക്ഷീണം അനുഭവപ്പെടാം, തലവേദന വരാം. അതുകൊണ്ട് ഓരോ അര മണിക്കൂര്‍ കഴിയുമ്പോഴും കണ്ണിനു വിശ്രമം കൊടുക്കണം. കണ്ണു സ്‌ക്രീനില്‍ നിന്നു മാറ്റി വിദൂരത്തിലേക്കു നോക്കുകയോ ഇമ ചിമ്മുകയോ എഴുന്നേറ്റു നടക്കുകയോ ചെയ്യുന്നതു കണ്ണിന്റെ ആയാസം കുറയ്ക്കും. സ്‌ക്രീന്‍ ഉപയോഗിക്കുന്നവര്‍ 20-20-20 റൂള്‍ ഓര്‍മിച്ചുവയ്ക്കുക. അതായത് ഓരോ 20 മിനിറ്റിലും സ്‌ക്രീനില്‍ നിന്നും നോട്ടം മാറ്റി 20 സെക്കന്‍ഡ് നേരത്തേക്കു 20 അടിക്ക് അപ്പുറമുളള വസ്തുവിനെ നോക്കുക. കുട്ടികളെ കുറച്ചുനേരമെങ്കിലും പുറത്തിറങ്ങി കളിക്കാന്‍ പ്രേരിപ്പിക്കണം. പതിവായി സ്്ക്രീന്‍ ഉപയോഗിക്കുന്ന കുട്ടികളെ വര്‍ഷത്തിലൊരിക്കല്‍ നേത്രരോഗവിദഗ്ധനെ കാണിച്ചു കണ്ണു പരിശോധന നടത്തണം.