- Advertisement -Newspaper WordPress Theme
covid-19കോവിഡ് വാക്‌സിന്‍ കൂടുതല്‍ ലഭ്യമാക്കാന്‍ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

കോവിഡ് വാക്‌സിന്‍ കൂടുതല്‍ ലഭ്യമാക്കാന്‍ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: കോവിഡ് വാക്‌സിന്‍ കൂടുതല്‍ ലഭ്യമാക്കാന്‍ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കൂടുതല്‍ പേര്‍ക്ക് കഴിയുന്നത്ര വേഗത്തില്‍ വാക്‌സിന്‍ ലഭ്യമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യരംഗത്തെ വിദഗ്ധരുമായി ആശയവിനിമയത്തിന്റെ ഭാഗമായി നവകേരളം ‘സി.എം കണ്‍സള്‍ട്ട്’ പരിപാടിയില്‍ അഭിപ്രായങ്ങള്‍ കേട്ടശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോവിഡ് പ്രതിരോധത്തില്‍ കേരളം ശക്തമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്.
കേരളത്തില്‍ കൂടുതല്‍ പേര്‍ കോവിഡ് ബാധിക്കാത്തവരായുള്ളവരാണ്. ഈ സാഹചര്യത്തില്‍ വാക്‌സിനേഷന്‍ വേഗത്തിലാക്കേണ്ടത് അനിവാര്യമാണ്. എന്നാല്‍ കേന്ദ്രത്തില്‍ നിന്ന് വാക്‌സിന്‍ ലഭ്യമാകുന്നതിന് അനുസരിച്ചേ നമുക്ക് വാക്‌സിനേഷന്‍ നടത്താനാകൂ. ഇത് കൂടുതല്‍ ലഭ്യമാക്കാന്‍ ശ്രമങ്ങളുണ്ടാകും.
ആരോഗ്യരംഗത്തെ സൗകര്യങ്ങള്‍ പടിപടിയായി വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തിവരുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. മാനസികാരോഗ്യ സംരക്ഷണ വിഷയത്തില്‍ കൂടുതല്‍ മുന്നോട്ടുപോകേണ്ടതുണ്ട്. ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ നല്‍കുന്നത് പരിഗണിക്കും. സമൂഹത്തിന്റെ കാഴ്ചപ്പാടും മാറണം. മാനസികാരോഗ്യ കേന്ദ്രങ്ങളിലെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചിട്ടുണ്ട്.
അവയവദാനത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ മാറ്റാനും ശ്രമം നടന്നിട്ടുണ്ട്. ഇക്കാര്യത്തില്‍ പരമ്പരാഗതമായ ചിന്താഗതികള്‍ മാറണം. കൂടാതെ എന്തും വിവാദമാക്കുന്ന പ്രവണതയുമുണ്ട്. കൗമാരക്കാരുടെ മാനസികാരോഗ്യ കാര്യത്തിലും കുട്ടികളുടെ കാര്യങ്ങളിലും പ്രത്യേക പരിഗണന നല്‍കും.
മാലിന്യനിര്‍മാര്‍ജനത്തില്‍ മുന്നേറാനായിട്ടുണ്ട്. എന്നാല്‍ പൂര്‍ണനിലയില്‍ ഇനിയും എത്താനുണ്ട്. അലോപ്പതി, ആയുര്‍വേദം, യുനാനി, ഹോമിയോ തുടങ്ങിയ ചികിത്സാവിഭാഗങ്ങളിലെ സാധ്യതകള്‍ ഉപയോഗപ്പെടുത്തുകയാണ് ലക്ഷ്യം. ആരോഗ്യവിഭാഗങ്ങളിലെ ചികിത്സാ വിജയങ്ങളുടെ ഡോക്യുമെന്റേഷന്‍ കൂടി ആവശ്യമാണ്.
ആരോഗ്യരംഗത്ത് ഗവേഷണങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കണമെന്നത് പ്രസക്തമാണ്. ഉന്നതവിദ്യാഭ്യാസ മേഖല വിപുലീകരിക്കുമ്പോള്‍ ഗവേഷണത്തിന് മുന്‍തൂക്കം നല്‍കും. ഇതിനായി ഫെലോഷിപ്പ് ഉള്‍പ്പെടെയുള്ള പ്രോത്സാഹനങ്ങളുണ്ടാകും. വലിയൊരു സമൂഹം ഗവേഷകരായി മുന്നോട്ടുവരുന്നത് നാടിന്റെ പൊതുനിലവാരം മെച്ചപ്പെടുത്തും. ഉന്നതവിദ്യാഭ്യാസ ഹബ്ബാക്കി കേരളത്തെ മാറ്റി വിജ്ഞാനസമൂഹം സൃഷ്ടിക്കുകയാണ് ലക്ഷ്യം.
ജീവിതശൈലി രോഗങ്ങള്‍ ഒഴിവാക്കാന്‍ കൂടുതല്‍ ബോധവത്കരണവും ശീലങ്ങളും വേണം. നഗരാരോഗ്യ സംവിധാനം കൂടുതല്‍ ശക്തിപ്പെടുത്താനും ശ്രമങ്ങള്‍ നടത്തും. വയോജനക്ഷേമത്തിന് പ്രത്യേക സംവിധാനം ഒരുക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചുവരുന്നത്. നഴ്‌സിംഗ്, പാരാമെഡിക്കല്‍ ജീവനക്കാരുടെ എണ്ണം പരമാവധി വര്‍ധിപ്പിക്കാനാണ് ശ്രമിക്കുന്നത്.
ആരോഗ്യരംഗത്ത് ചികിത്സതേടി കൂടുതല്‍ ആളുകള്‍ എത്തുന്നവിധമുള്ള ഹബ്ബാക്കി മാറ്റാനുള്ള സാധ്യതകള്‍ കേരളത്തിലുണ്ട്. ഔഷധകൃഷി പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികള്‍ എടുത്തുവരുന്നുണ്ട്. ഇത് ഇനിയുള്ള കാലം വ്യാപിക്കുമെന്നും മുഖ്യമന്ത്രി പ്രത്യാശിച്ചു.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme