തിരുവനന്തപുരം: എല്ലാവര്‍ഷവും ഫെബ്രുവരി രണ്ടാം തിങ്കളാഴ്ചയാണ് അന്താരാഷ്ട്ര അപസ്മാരദിനം ആചരിക്കുന്നത്. അപസ്മാരം ചികിത്സിച്ച് ഭേദമാക്കാവുന്ന രോഗമാണെന്നും പഠനത്തിലോ തൊഴില്‍ ചെയ്യുന്നതിലോ അവര്‍ മറ്റാരെക്കാളും പിന്നിലല്ല എന്ന സന്ദേശമാണ് അന്താരാഷ്ട്ര അപസ്മാര ദിനം നല്‍കുന്നത്.
ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് & ടെക്‌നോളജിയിലെ ആര്‍. മാധവന്‍ നായര്‍ സെന്റര്‍ ഫോര്‍ കോംപ്രിഹെന്‍സീവ് എപിലെപ്‌സി കെയറിന്റെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര അപസ്മാര ദിനം ആചരിച്ചു. ഇന്നു രാവിലെ 10 മുതല്‍ 11 വരെ ഓണ്‍ലൈനായി നടന്ന ചടങ്ങ് ചലച്ചിത്രതാരം അഹാന കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര പിന്നണിഗായകന്‍ ജി. വേണുഗോപാല്‍ അതിഥിയായിരുന്നു.
അപസ്മാരം ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയുന്ന രോഗമാണെന്നും ചികിത്സയിലുള്ളവരും മറ്റുള്ളവരും തമ്മില്‍ എന്തെങ്കിലും വ്യത്യാസമുള്ളതായി തോന്നുന്നില്ലെന്നും അഹാന പറഞ്ഞു. കലാപരിപാടികളില്‍ വിജയികളായവരുടെ പേരുകള്‍ അഹാന പ്രഖ്യാപിച്ചു. പ്രൊഫ. ആശാലത രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ നടന്ന കുട്ടികള്‍ക്കായുള്ള വിവിധ മത്സരങ്ങളില്‍ കേരളത്തിന് അകത്തും പുറത്തും നിന്നുള്ള കുട്ടികളും മാതാപിതാക്കളും പങ്കെടുത്തു.
ശ്രീചിത്ര ഡയറക്ടര്‍ പ്രൊഫ. കെ. ജയകുമാര്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ന്യൂറോളജി വിഭാഗം തലവന്‍ പ്രൊഫ. സഞ്ജീവ് വി തോമസ്, പ്രൊഫ. മാത്യു എബ്രഹാം, ഡോ. റാംശേഖര്‍ എന്‍ മേനോന്‍, ഡോ. ജോര്‍ജ് സി. വിളനിലം എന്നിവര്‍ സംസാരിച്ചു. പ്രൊഫ. ആശാലത രാധാകൃഷ്ണന്‍ സ്വാഗതവും ഡോ. അജിത് ചെറിയാന്‍ നന്ദിയും പറഞ്ഞു.