പ്രോട്ടീന്റെ മികച്ച സ്രോതസ്സായ മുട്ട ഭക്ഷണപ്രേമികളുടെ ഇഷ്ട ഇനമാണ്. പ്രഭാതഭക്ഷണത്തിനൊപ്പവും ഉച്ചയൂണിനൊപ്പവും അത്താഴത്തിനൊപ്പവുമെല്ലാം നാം മുട്ട കഴിക്കാറുണ്ട്. എന്നാല്‍, നിയന്ത്രിത അളവില്‍ മുട്ട കഴിക്കുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുമെന്ന് കണ്ടെത്തിയിരിക്കുകയാണ് പുതിയ പഠനത്തില്‍.
ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്ന രക്തത്തിലെ മെറ്റാബോലൈറ്റ് എന്ന ഘടകം മുട്ട കഴിക്കുന്നതിലൂടെ കൂടുമെന്ന് പഠനം വ്യക്തമാക്കുന്നു. ചൈനയില്‍ നിന്നുള്ള ഗവേഷകരാണ് പഠനത്തി പിന്നില്‍.
മുട്ടയില്‍ ഡയറ്ററി കൊളസ്‌ട്രോള്‍ കൂടാതെ ധാരാളം പോഷകങ്ങളും അടങ്ങിയിരിക്കുന്നു. ദിവസം ഒരു മുട്ടവെച്ച് കഴിക്കുന്നവരില്‍ ഹൃദയരോഗങ്ങളും സ്‌ട്രോക്കും പിടിപെടാനുള്ള സാധ്യത കുറവാണെന്ന് 2018-ല്‍ ഹാര്‍ട്ട് എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ കണ്ടെത്തിയിരുന്നു. 4778 പേരിലാണ് പഠനം നടത്തിയത്. ഇവരില്‍ 3401 പേര്‍ക്ക് ഹൃദയസംബന്ധിയായ അസുഖങ്ങള്‍ മുമ്പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ശേഷിക്കുന്ന 1377 പേര്‍ക്ക് മുമ്പ് ഒരിക്കലും ഹൃദയംസംബന്ധിയായ രോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല.
നിയന്ത്രിത അളവില്‍ മുട്ടകഴിക്കുന്നവരുടെ രക്തത്തില്‍ ഗണ്യമായ അളവില്‍ അപോലിപോപ്രോട്ടീന്‍ എ1 ഉള്ളതായി കണ്ടെത്തി. നല്ല കൊളസ്‌ട്രോള്‍ എന്നറിയപ്പെടുന്ന ഹൈ-ഡെന്‍സിറ്റി ലിപോപ്രോട്ടീനിലെ (എച്ച്.ഡി.എല്‍.) ഘടകമാണിത്. ഇത്തരം ആളുകളുടെ രക്തത്തില്‍ വലിയ എച്ച്.ഡി.എല്‍. തന്മാത്രകളുടെ ഉയര്‍ന്ന സാന്ദ്രത കണ്ടെത്താന്‍ കഴിഞ്ഞുവെന്ന് പഠനത്തില്‍ വ്യക്തമാക്കുന്നു.
രക്തധമനികളില്‍ നിന്ന് കൊളസ്‌ട്രോള്‍ നീക്കുകയും അതുവഴി ബ്ലോക്കിനുള്ള സാധ്യത തടയുകയും ഇത് ഹൃദയാഘാതത്തിനും സ്‌ട്രോക്കിനുമുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുമെന്ന് പഠനത്തില്‍ കണ്ടെത്തി.
ഇതിനുപുറമെ, ഹൃദ്രോഗത്തിന് കാരണക്കാരായ 14 മെറ്റബോളൈറ്റ്‌സിനെ ഗവേഷകര്‍ കണ്ടെത്തുകയും ചെയ്തു.