വൃക്ക രോഗമുള്ളവര്‍ക്ക് അര്‍ബുദം ബാധിക്കാനും അത് മൂലം മരണപ്പെടാനുമുള്ള സാധ്യത വളരെ ഉയര്‍ന്നതാണെന്ന് കാനഡയിലെ ഒന്റാരിയോയില്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി. 14 ദശലക്ഷം പേരുടെ വിവരങ്ങള്‍ ഉപയോഗിച്ചാണ് ഗവേഷണം നടത്തിയത്.
ഡയാലിസിസിന് വിധേയരാകുന്നവരോ വൃക്ക മാറ്റിവച്ചവരോ ആയ രോഗികളെ കണ്ടെത്താന്‍ രക്ത പരിശോധന ഫലങ്ങളും രേഖകളും ഗവേഷകര്‍ ഉപയോഗപ്പെടുത്തി. ഇവയുടെ പരിശോധനയിലാണ് മിതമായതോ തീവ്രമല്ലാത്തതോ ആയ വൃക്കരോഗം ബാധിക്കുന്നവര്‍ക്ക് പോലും അര്‍ബുദ സാധ്യത കൂടുതലാണെന്ന് കണ്ടെത്തിയത്. വൃക്ക മാറ്റിവച്ചവര്‍ക്കും സമാനമായ തോതിലുള്ള അപകട സാധ്യതയുണ്ട്.
അര്‍ബുദം ബാധിച്ച് മരിക്കാനുള്ള സാധ്യതയും വൃക്ക രോഗികളില്‍ സാധാരണക്കാരെ അപേക്ഷിച്ച് കൂടുതലാണെന്ന് ഗവേഷകര്‍ പറയുന്നു. മൂത്രസഞ്ചി, വൃക്ക എന്നിവയെ ബാധിക്കുന്ന അര്‍ബുദവും പ്ലാസ്മ കോശങ്ങളെ ബാധിക്കുന്ന അര്‍ബുദമായ മള്‍ട്ടിപ്പിള്‍ മൈലോമയുമാണ് വൃക്ക രോഗികളെ കൂടുതലും മരണത്തിലേക്ക് തള്ളി വിടാറുള്ളത്. പഠനത്തില്‍ നിരീക്ഷിച്ച 10-15 ശതമാനം വൃക്ക രോഗികള്‍ക്കും പിന്നീട് അര്‍ബുദം ഉണ്ടായി.
നിരന്തരമുള്ള വൃക്ക രോഗം അര്‍ബുദത്തിന് കാരണമാകുന്നതു പോലെ തന്നെ ചില അര്‍ബുദ രോഗ ചികിത്സകളും വൃക്ക രോഗത്തിലേക്ക് നയിക്കാറുണ്ടെന്ന് ഗവേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. വൃക്ക രോഗമുള്ളവരില്‍ പൊതുവേ നീര്‍ക്കെട്ടും അണുബാധയും കുറഞ്ഞ പ്രതിരോധശക്തിയും പ്രകടമാണ്. ഇതുവരെ അര്‍ബുദം ഉള്‍പ്പെടെയുള്ള രോഗസങ്കീര്‍ണതകളിലേക്ക് തള്ളി വിടാം. വൃക്ക രോഗവും ഹൃദ്രോഗ സാധ്യതയും തമ്മില്‍ ശക്തമായ ബന്ധമുള്ളതിനാല്‍ പലപ്പോഴും അര്‍ബുദ രോഗനിര്‍ണയത്തിന് കാര്യമായ പ്രാധാന്യം ലഭിക്കാറില്ലെന്നും ആരോഗ്യവിദഗ്ദര്‍ ചൂണ്ടിക്കാട്ടി.
വൃക്ക രോഗികളിലെ അര്‍ബുദം നാലാമത് സ്റ്റേജിലൊക്കെയാണ് പലപ്പോഴും നിര്‍ണയിക്കപ്പെടുന്നത്. ഇതാണ് വൃക്കരോഗികളുടെ അര്‍ബുദം മൂലമുള്ള മരണനിരക്ക് ഉയര്‍ത്തുന്ന ഘടകം. അര്‍ബുദ രോഗചികിത്സയ്ക്ക് ഉപയോഗിക്കുന്ന തെറാപ്പികള്‍ വൃക്കരോഗം വഷളാക്കുമെന്നതിനാല്‍ വൃക്കരോഗികളെ അര്‍ബുദത്തിനുള്ള ക്ലിനിക്കല്‍പരിശോധനയില്‍ പോലും ഉള്‍പ്പെടുത്താറില്ല. വൃക്ക രോഗത്തിന് ചികിത്സ നല്‍കുന്ന ഡോക്ടര്‍മാര്‍ രോഗികളുടെ അര്‍ബുദ സാധ്യത കൂടി പരിഗണിച്ച് വ്യക്തിഗത അര്‍ബുദ നിര്‍ണയം നടത്താന്‍ നിര്‍ദ്ദേശിക്കണമെന്നും ഗവേഷണ റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു.