വേനല്‍ കാലമായതുകൊണ്ടുതന്നെ എപ്പോഴും ഫാനും എസിയും ഒക്കെ പ്രവര്‍ത്തിപ്പിച്ച് കറണ്ട് ബില്ല് കൂടുന്നത് സ്വാഭാവികമാണ്. എന്നാല്‍ കെഎസ്ഇബിയുടെ നിരക്ക് വര്‍ധനവ് കൂടിയാകുമ്പോള്‍ ബില്‍ തുക കയ്യിലൊതുങ്ങാത്ത അവസ്ഥയുണ്ടായേക്കാം. കഴിഞ്ഞ ഡിസംബറില്‍ വൈദ്യുതചാര്‍ജ് കൂടിയപ്പോള്‍ത്തന്നെ 2025 ഏപ്രില്‍മാസം മുതല്‍ യൂണിറ്റിന് 12 പൈസയുടെ വര്‍ദ്ധനവ് ഉണ്ടാകും എന്ന് പ്രഖ്യാപിച്ചിരുന്നു.
കഴിഞ്ഞ ജനുവരി മാസത്തില്‍ 16 പൈസ കൂടിയതും ഇത്തവണ കൂടിയ 12 പൈസയും കൂടിയാകുമ്പോള്‍ 28 പൈസ യൂണിറ്റിന് വര്‍ദ്ധിക്കും. ഇത് മാത്രമല്ല മാസം 250 യൂണിറ്റില്‍ കൂടുതല്‍ ഉപയോഗിച്ചാല്‍ വൈകിട്ട് ആറ് മുതല്‍ രാത്രി പത്ത് മണിവരെ 25 ശതമാനം കൂടിയനിരക്കും ഈടാക്കും. TOD എന്ന ബില്ലിംഗ് രീതി ഏപ്രില്‍ ഒന്ന് മുതല്‍ നടപ്പിലാക്കിയത് കൊണ്ടാണ് ഇത്തരം വര്‍ധനവ്. സിംഗിള്‍ ഫേസ് കണക്ഷന്‍ ഉള്ളവര്‍ക്കും TOD ബാധകമാകുമെന്ന് റഗുലേറ്ററി കമ്മീഷന്‍ വ്യക്തമാക്കിയിട്ടുണ്ട്.
TOD ബില്ലിംഗ് രീതിയ്ക്ക് വേണ്ടി ഇലക്ട്രിസിറ്റി ബോര്‍ഡ് പുതിയ മീറ്റര്‍ സ്ഥാപിച്ചുവരികയാണ്. 20 കോടിയോളം രൂപ വരുന്ന പദ്ധതിയാണിത്. മീറ്ററിന്റെ വാടകയിനത്തിലും കൂടി ചെറിയ തുക ഈടാക്കിയാല്‍ മാസം 250 യൂണിറ്റില്‍ കൂടുതല്‍ ഉപയോഗിക്കുന്നവര്‍ക്ക് നല്ലൊരു തുക വൈദ്യുത ബില്ല് അടയ്‌ക്കേണ്ടി വരും.
കെഎസ്ഇബിയുടെ ഒരു ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നതനുസരിച്ച് വൈദ്യുത വാഹന ചാര്‍ജിംഗ്, പമ്പ് സെറ്റ്, വാഷിങ് മെഷീന്‍, മിക്‌സി, ഗ്രൈന്‍ഡര്‍, ഇസ്തിരിപ്പെട്ടി തുടങ്ങിയവയുടെ ഉപയോഗം വൈകിട്ട് ആറിന് ശേഷം പരമാവധി ഒഴിവാക്കുക.രാത്രിയില്‍ വൈദ്യുത ഉപയോഗം കുറച്ചാല്‍ 25 ശതമാനം വരെ ചാർജിലെ വര്‍ദ്ധനവ് ഒഴിവാക്കാം.
പകല്‍ സമയത്ത് മിക്ക വീടുകളിലും ആരും ഉണ്ടായിരിക്കില്ല എന്നതുകൊണ്ടുതന്നെ അല്‍പ്പം പ്ലാന്‍ ചെയ്തുവേണം ഇക്കാര്യങ്ങള്‍ നടപ്പിലാക്കാന്‍. രാവിലെ ആറ് മണിക്ക് ശേഷം മോട്ടര്‍ അടിക്കാം, അവധി ദിവസങ്ങളില്‍ ആ ആഴ്ചയിലേക്കുളള തുണികള്‍ ഒരുമിച്ച് ഇസ്തിരിയിട്ട് വയ്ക്കാം. ചൂടുള്ള സമയമായതുകൊണ്ട് വാട്ടര്‍ ഹീറ്ററിന്റെ ഉപയോഗം കുറയ്ക്കാം. രാവിലെ ജോലിക്ക് പോകുന്നതിന് മുന്‍പ് തന്നെ വാഷിംഗ് മെഷീനില്‍ തുണി അലക്കാം.
മേല്‍പറഞ്ഞ ടിപ്പുകള്‍ 250 യൂണിറ്റില്‍ കൂടുതല്‍ ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ കുറച്ച് റിസ്‌ക് എടുത്തായാലും ചെയ്യുന്നത് നന്നായിരിക്കും. ഇല്ലെങ്കില്‍ വൈദ്യുതി ബില്ലിനായി നല്ലൊരു തുക ചെലവാകുമെന്നതില്‍ സംശയമില്ല.
റെഡ് മീറ്റ് കഴിക്കുന്നത് ഹൃദയാഘാത സാധ്യത കൂട്ടുമോ ? ഇക്കാര്യങ്ങള്‍ അറിയണം