പ്രായമാകുന്തോറും മനസിനെ ഉന്മേഷത്തോടെ നിലനിര്‍ത്തേണ്ടത് അത്യന്താപേക്ഷിതമാണ്. വൈജ്ഞാനിക പ്രവര്‍ത്തനം, മൊത്തത്തിലുള്ള തലച്ചോറിന്റെ ആരോഗ്യം എന്നിവയെ പിന്തുണയ്ക്കാന്‍ ഇത് സഹായിക്കും. തലച്ചോര്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് അനുസരിച്ച് അത് ശക്തവും മൂര്‍ച്ഛയേറിയതുമായി നിലനിര്‍ത്താന്‍ സാധിക്കും. പ്രായം 60 കടക്കുമ്പോള്‍ ഓര്‍മശക്തി, ശ്രദ്ധ, മാനസിക വ്യക്തത എന്നിവ മന്ദഗതിയിലാകാറുണ്ട്. എന്നാല്‍ വാര്‍ദ്ധക്യ കാലത്തെ ഇത്തരം അവസ്ഥകള്‍ തടയാനും വൈജ്ഞാനിക കഴിവുകള്‍ മെച്ചപ്പെടുത്താനും മാനസികാരോഗ്യം പ്രോത്സാഹിപ്പിക്കാനും ചില കാര്യങ്ങള്‍ ചെയ്യേണ്ടത് അത്യാവശ്യമാണ്. തലച്ചോറിനെ ഉത്തേജിപ്പിക്കാന്‍ സഹായിക്കുന്ന 5 കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.
ദിവസവും പുതിയ കാര്യങ്ങള്‍ പഠിക്കുക
പുതിയ കാര്യങ്ങള്‍ പഠിക്കുന്നത് നിങ്ങളുടെ തലച്ചോറിനെ ഉത്തേജിപ്പിക്കുകയും പുതിയ നാഡീ പാതകള്‍ സൃഷ്ടിക്കാന്‍ സഹായിക്കുകയും ചെയ്യും. ഇതിലൂടെ ഓര്‍മ്മശക്തി, വൈജ്ഞാനിക കഴിവുകള്‍ എന്നിവ മെച്ചപ്പെടുത്താന്‍ ഗുണം ചെയ്യും. പുതിയ ഹോബികള്‍ തെരഞ്ഞെടുക്കുകയോ സംഗീതം, ചിത്ര രചന എന്നിവ പഠിക്കുകയോ പുതിയ പാചകക്കുറിപ്പ് പരീക്ഷിക്കുകയോ ഭാഷ പഠിക്കുകയോ ചെയ്യുന്നത് നല്ലതാണ്. ഇത് നിങ്ങളുടെ നാഡീ പാതകളെ സജീവവും ആകര്‍ഷകവുമായി നിലനിര്‍ത്താനും സഹായിക്കും.
ബ്രെയിന്‍ ഗെയിമുകള്‍
ക്രോസ്വേഡ്, സുഡോകു, ജിഗ്സോ തുടങ്ങിയ പസില്‍ ഗെയിമുകളിലും ചെസ്, ചെക്കറുകള്‍, ചില വീഡിയോ ഗെയിമുകള്‍ എന്നിവയിലും പതിവായി ഏര്‍പ്പെടുന്നത് തലച്ചോറിലെ പ്രശ്ന പരിഹാര മേഖലകളെ സജീവമാക്കും. മാത്രമല്ല ഓര്‍മ്മശക്തി, യുക്തിസഹജമായ ചിന്ത എന്നിവ മെച്ചപ്പെടുത്താനും ഇത് ഫലം ചെയ്യും. അതിനാല്‍ ദിവസേന 15 മുതല്‍ 30 മിനിറ്റ് നേരം ഇത്തരം ഗെയിമുകള്‍ക്കായി മാറ്റിവയ്ക്കാം.
ധ്യാനം
പതിയായി ധ്യാനത്തില്‍ ഏര്‍പ്പെടുന്നത് മനസിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ വളരെയധികം സഹായിക്കും. ഓര്‍മ്മശക്തി, ശ്രദ്ധ, വൈകാരിക നിയന്ത്രണം, മാനസിക വ്യക്തത എന്നിവ മെച്ചപ്പെടുത്താന്‍ ഇത് ഗുണകരമാണ്. സമ്മര്‍ദ്ദം കുറയ്ക്കാനും ഏകാഗ്രത വര്‍ധിപ്പിക്കാനും ഇത് ഉപകരിക്കും. അതിനാല്‍ ദിവസവും രാവിലെ 20 മിനിറ്റെങ്കിലും ധ്യാനത്തില്‍ ഏര്‍പ്പെടുക.
സ്വാധീനം കുറഞ്ഞ കൈ ഉപയോഗിക്കാം
ആദിപത്യമില്ലാത്ത കൈകള്‍ ഉപയോഗിച്ച് ദിനചര്യകള്‍ ചെയ്യാം. അതായത് വലത് കൈക്കാണ് സ്വാധീനം കൂടുതലുള്ളതെങ്കില്‍ ഇടത് കൈ ഉപയോഗിച്ച് ഭക്ഷണം കഴിക്കുകയോ എഴുതുകയോ പല്ല് തേക്കുകയോ ചെയ്യുക. ഇങ്ങനെ ചെയ്യുന്നത് തലച്ചോറിനെ ഉത്തേജിപ്പിക്കാനും നാഡീ ബന്ധങ്ങള്‍ മെച്ചപ്പെടുത്താനും സഹായിക്കും.
വ്യായാമം
ശരീരത്തിന്റെ ആരോഗ്യത്തിന് മാത്രമല്ല മനസികാരോഗ്യത്തിനും വ്യായാമത്തിന്റെ പങ്ക് വളരെ വലുതാണ്. പതിവായി എയറോബിക് വ്യായാമം ചെയ്യുന്നതിലൂടെ തലച്ചോറിലേക്കുള്ള രക്തയോട്ടം മെച്ചപ്പെടുത്തുകയും വൈജ്ഞാനിക തകര്‍ച്ച കുറയ്ക്കുകയും ചെയ്യും. ഓര്‍മശക്തി, പഠന ശേഷി എന്നിവ വര്‍ധിപ്പിക്കാനും ഇത് ഫലപ്രദമാണ്. അതിനാല്‍ ദിവസേന കുറഞ്ഞത് 20 മുതല്‍ 30 മിനിറ്റെങ്കിലും നടത്തം, നീന്തല്‍, നൃത്തം, യോഗ തുടങ്ങിയ ശാരീരിരിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക.
ഗ്രീന്‍ ടീയുടെ അത്ഭുതപ്പെടുത്തുന്ന ഗുണങ്ങള്‍ അറിയാതെ പോകരുതേ..