വീടിന്റെ ഏത് ഭാഗത്ത് നോക്കിയാലും ഉറുമ്പുകളുണ്ടാവാറുണ്ട്. എത്രയൊക്കെ വൃത്തിയാക്കിയാലും ഉറുമ്പുകള്‍ പിന്നെയും വന്നുകൊണ്ടേയിരിക്കും. ഇതില്‍ കടിക്കുന്ന ഉറുമ്പുകളും അല്ലാത്തവയും ഉണ്ട്. എന്താണെങ്കിലും ഉറുമ്പുകള്‍ വീട്ടില്‍ ഉണ്ടാക്കുന്ന ശല്യം ചെറുതല്ല. ഭക്ഷണ സാധനങ്ങള്‍ സൂക്ഷിക്കുന്നത് കൊണ്ടാണ് അടുക്കളയില്‍ നിന്നും ഉറുമ്പുകള്‍ ഒഴിഞ്ഞുപോകാത്തത്. ഉറുമ്പിനെ തുരത്താന്‍ ഇത്രയേ നിങ്ങള്‍ ചെയ്യാനുള്ളൂ.
നാരങ്ങ നീര്
ഉറുമ്പുകള്‍ സ്ഥിരമായി വരുന്ന സ്ഥലങ്ങളില്‍ നാരങ്ങ നീര് ഒഴിക്കുകയോ അല്ലെങ്കില്‍ നാരങ്ങയുടെ തോട് വയ്ക്കുകയോ ചെയ്യാം. അല്ലെങ്കില്‍ വൃത്തിയാക്കുന്ന സമയത്ത് വെള്ളത്തിനൊപ്പം നാരങ്ങ നീര് കൂടെ ചേര്‍ത്ത് കഴുകാവുന്നതാണ്. കാരണം നാരങ്ങയില്‍ അടങ്ങിയിരിക്കുന്ന ആസിഡും പുളിയും ഉറുമ്പുകള്‍ക്ക് പറ്റാത്തതാണ്. അതിനാല്‍ തന്നെ നാരങ്ങയുടെ ഗന്ധമടിച്ചാല്‍ ഉറുമ്പുകള്‍ ആ പരിസരത്തേക്ക് വരില്ല.
വിനാഗിരി
വിനാഗിരിയില്‍ ആസിഡ് ഉള്ളതിനാല്‍ തന്നെ അതിന്റെ ഗന്ധം ഉറുമ്പുകള്‍ക്ക് പറ്റാത്തവയാണ്. അതിനാല്‍ തന്നെ ഉറുമ്പുകളെ തുരത്താന്‍ ബെസ്റ്റാണ് വിനാഗിരി. കുറച്ച് വെള്ളമെടുത്തതിന് ശേഷം അതെ അളവില്‍ വിനാഗിരി വെള്ളത്തില്‍ ചേര്‍ക്കണം. ഇത് ഒരു സ്‌പ്രേ ബോട്ടിലിലാക്കിയതിന് ശേഷം ഉറുമ്പ് വരുന്ന സ്ഥലങ്ങളില്‍ തളിച്ചുകൊടുക്കാം.
വറ്റല്‍ മുളക്
ഉണക്കിയ വറ്റല്‍മുളക് ചതച്ച് ഉറുമ്പ് വരുന്ന സ്ഥലങ്ങളില്‍ ഇട്ടാല്‍ ഉറുമ്പിന്റെ ശല്യം ഇല്ലാതാക്കാന്‍ സാധിക്കും. വറ്റല്‍ മുളക് മാത്രമല്ല കുരുമുളകും ചതച്ച് ഇടാവുന്നതാണ്. അല്ലെങ്കില്‍ കുറച്ച് വെള്ളത്തില്‍ ചതച്ച മുളക് ചേര്‍ത്തതിന് ശേഷം ഉറുമ്പ് വരുന്ന സ്ഥലത്ത് സ്‌പ്രേ ചെയ്ത് കൊടുക്കാവുന്നതാണ്. ഇത് ഉറുമ്പുകള്‍ വരുന്നതിനെ തടയുന്നു.
ഉപ്പ്
ഉറുമ്പുകള്‍ക്ക് ഇഷ്ടമില്ലാത്ത മറ്റൊന്നാണ് ഉപ്പ്. കല്ലുപ്പിന് പകരം പൊടിയുപ്പ് എടുത്ത് ഉറുമ്പുകള്‍ വരുന്ന സ്ഥലങ്ങളില്‍ വിതറിക്കൊടുക്കാം. അല്ലെങ്കില്‍ കുറച്ച് വെള്ളത്തില്‍ ഉപ്പ് കലര്‍ത്തിയതിന് ശേഷം സ്‌പ്രേ ചെയ്തും കൊടുക്കാവുന്നതാണ്. ഉറുമ്പിനെ തുരത്താനുള്ള എളുപ്പ മാര്‍ഗ്ഗമാണ് ഉപ്പുകൊണ്ടുള്ള പ്രയോഗം.