in , , , , , , , ,

വയറിന്റെ ആരോഗ്യത്തിനായി കഴിക്കേണ്ട രണ്ട് തരം ഭക്ഷണങ്ങള്‍

Share this story

ഡയറ്റിന് ജീവിതത്തില്‍ വലിയ പ്രാധാന്യമുണ്ട്. വിശപ്പിനെ ശമിപ്പിക്കാന്‍ മാത്രമല്ല, ശാരീരികവും മാനസികവുമായ നമ്മുടെ അവസ്ഥകളെ നിര്‍ണയിക്കുന്നതിലും ഭക്ഷണത്തിന് കാര്യമായ പങ്കുണ്ട്. വയറിന്റെ ആരോഗ്യം നല്ല രീതിയില്‍ ആയാല്‍ മൊത്തത്തിലുളള ആരോഗ്യം മെച്ചപ്പെടുമെന്ന് ഡോക്ടര്‍മാര്‍ പറയാറുണ്ട്. വളരെ കൃത്യമായൊരു ‘ടിപ്’ ആയി ഇതിനെ എടുക്കാവുന്നതാണ്.

നമ്മള്‍ എന്ത് കഴിക്കുന്നു എന്നത് തന്നെയാണ് വലിയൊരു അളവ് വരെ നമ്മളെ നിര്‍ണയിക്കുക. അതിനാല്‍ ഡയറ്റിന് ജീവിതത്തില്‍ അത്രയും പ്രാധാന്യമുണ്ട്. വിശപ്പിനെ ശമിപ്പിക്കാന്‍ മാത്രമല്ല, ശാരീരികവും മാനസികവുമായ നമ്മുടെ അവസ്ഥകളെ നിര്‍ണയിക്കുന്നതിലും ഭക്ഷണത്തിന് കാര്യമായ പങ്കുണ്ട്.

ദിവസവും കഴിക്കാനായി തെരഞ്ഞെടുക്കുന്ന ഭക്ഷണം, അതിനുള്ള സമയം, അളവ് എല്ലാം ശ്രദ്ധിക്കേണ്ടതുണ്ട്. ഏത് തരം ഡയറ്റാണ് പിന്തുടരുന്നത് എങ്കിലും വയറ്റിനകത്തുള്ള ആരോഗ്യകരമായ ബാക്ടീരിയകളെ നിലനിര്‍ത്തുകയും അവയെ ശക്തിപ്പെടുത്തുകയും വേണം. ബാക്ടീരിയകളാണ് കാര്യമായും വയറിന്റെ ആരോഗ്യത്തെ സ്വാധീനിക്കുന്നത്.

വിഷാദം, ഉത്കണ്ഠ പോലുള്ള മാനസിക പ്രശ്‌നങ്ങളുടെ കാര്യത്തില്‍ പോലും വയറ്റിനകത്തെ ഈ ബാക്ടീരിയക്കൂട്ടങ്ങള്‍ക്ക് വലിയ സ്വാധീനമുണ്ട്. ഇത്തരത്തില്‍ വയറ്റിനകത്ത് കാണപ്പെടുന്ന നല്ലയിനം ബാക്ടീരിയകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങളെ ‘പ്രോബയോട്ടിക്‌സ്’ എന്നാണ് വിളിക്കുന്നത്. ഇവയെ ഭക്ഷണം നല്‍കി ശക്തിപ്പെടുത്തി, നിലനിര്‍ത്തുന്ന ഭക്ഷണങ്ങളെ ‘പ്രീബയോട്ടിക്‌സ്’ എന്നും വിളിക്കുന്നു.

ഈ രണ്ട് വിഭാഗത്തില്‍പ്പെടുന്ന ഭക്ഷണവും പതിവായി ഡയറ്റിലുള്‍പ്പെടുത്തിയാല്‍ വയറിന്റെ ആരോഗ്യം ഉറപ്പിക്കാമെന്നാണ് ന്യൂട്രീഷ്യനിസ്റ്റുകള്‍ പറയുന്നത്. പ്രകൃത്യാ തന്നെ ഇവ രണ്ടും നമുക്ക് ലഭ്യമാണ്. നേന്ത്രപ്പഴം, വെളുത്തുള്ളി, ഉള്ളി, ആപ്പിള്‍ എന്നിവയെല്ലാം പ്രീബയോട്ടിക് ഭക്ഷണങ്ങളുടെ കൂട്ടത്തിലുള്‍പ്പെടുന്നവയാണ്.

തൈര് പോലുള്ള പുളിച്ച ഭക്ഷണസാധനങ്ങള്‍ പലതും പ്രോബയോട്ടിക്കും ആണ്. ഇതില്‍ കട്ടത്തൈര് ആണ് ഏറ്റവും മികച്ച പ്രോബയോട്ടിക് ആയി കണക്കാക്കപ്പെടുന്നത്. ഇവ രണ്ടും എങ്ങനെയാണ് കഴിക്കേണ്ടത് എന്ന ആശയക്കുഴപ്പമാണെങ്കില്‍ അതും വേണ്ട. എപ്പോള്‍ വേണമെങ്കിലും ഇവ കഴിക്കാം. രണ്ടും ഒരുമിച്ച് കഴിക്കുന്നതിലും യാതൊരു പ്രശ്‌നവും ഇല്ല. പലര്‍ക്കും പ്രോബയോട്ടിക് ഭക്ഷണവും പ്രീബയോട്ടിക് ഭക്ഷണവും ഒരുമിച്ച് കഴിക്കാമോ എന്ന സംശയം ഉണ്ടാകാറുണ്ട്. എന്നാല്‍ അതില്‍ പേടിക്കേണ്ടതായി ഒന്നുമില്ല.

എന്നുമാത്രമല്ല, ഇവ ഒരുമിച്ച് കഴിക്കുന്നത് വയറിന്റെ ആരോഗ്യത്തിന് നല്ലതാണെന്നുമാണ് ന്യൂട്രീഷ്യനിസ്റ്റുകള്‍ പറയുന്നത്. കട്ടത്തൈരില്‍ അല്‍പം മാമ്പഴവും സബ്ജ വിത്തുകളും ചേര്‍ത്ത് കഴിക്കുകയാണെന്ന് വയ്ക്കുക. ഇതില്‍ തൈര് പ്രോബയോട്ടിക് ആണ്. മാമ്പഴം ദഹനത്തെ ത്വരിതപ്പെടുത്തുന്ന ഭക്ഷണമാണ്. സബ്ജ വിത്താകട്ടെ, പ്രീബയോട്ടിക് ഭക്ഷണമാണ്. വണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് അനുയോജ്യമായ ഒരു ‘സ്‌നാക്ക്’ ആണിത്. ഇത്തരത്തില്‍ പ്രോബയോട്ടിക് ഭക്ഷണവും പ്രീബയോട്ടിക് ഭക്ഷണവും ധൈര്യമായി യോജിപ്പിച്ച് കഴിക്കാം. ദിവസത്തിലൊരിക്കലെങ്കിലും ഇവ ഡയറ്റിലുള്‍പ്പെടുത്താനും ശ്രദ്ധിക്കുക.

ഓട്സ് കഴിക്കുന്നത് ശരിക്കും ശരീരത്തിന് നല്ലതാണോ?

ഗര്‍ഭകാലത്തെ പെയിന്‍കില്ലറുകളുടെ ഉപയോഗം നവജാതശിശുവിന് ഗുരുതരമായി ബാധിക്കും