in , , , , , ,

എന്താണ് കാര്‍പല്‍ ടണല്‍ സിന്‍ഡ്രോം?

Share this story

കാര്‍പല്‍ ടണല്‍ സിന്‍ഡ്രോം എന്നത് വളരെ സാധാരണമായി വ്യക്തികളില്‍ കണ്ടുവരുന്ന ഒരു പ്രശ്‌നമാണ്.കാര്‍പല്‍ ടണല്‍ സിന്‍ഡ്രോം, ഒരു ഷര്‍ട്ടിന്റെ ബട്ടന്‍സ് ഇടുന്നതു മുതല്‍ ഒരു കുപ്പിയുടെ അടപ്പു തിരിച്ചടയ്ക്കുന്നത് പോലെയുള്ള ലളിതമായ ജോലികള്‍ പോലും പൂര്‍ത്തിയാക്കുന്നത് ബുദ്ധിമുട്ടാക്കും. സ്ഥിരമായി ആവര്‍ത്തിച്ചുള്ള ജോലികള്‍ ചെയ്യുന്നവര്‍ക്കും ഈ രോഗം ബുദ്ധിമുട്ടുണ്ടാക്കുന്നു. കാര്‍പല്‍ ടണല്‍ സിന്‍ഡ്രോം ബാധിച്ച ഒരു വ്യക്തിയുടെ പ്രതിദിന പ്രവര്‍ത്തനങ്ങള്‍ താറുമാറാകും എന്നത് ഒരുവാസ്തവം തന്നെയാണ്.

ഉള്ളംകൈയുടെ അടിഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു ശരീരഘടനയാണ് കാര്‍പല്‍ ടണല്‍. റ്റെന്‍ഡനുകളും മീഡിയന്‍ നാഡി എന്നറിയപ്പെടുന്ന നാഡിയും കാര്‍പല്‍ ടണലിനു താഴെ കടന്നുപോകുന്നു. തള്ളവിരല്‍, ചൂണ്ടുവിരല്‍, നീണ്ട വിരല്‍, മോതിരവിരലിന്റെ പകുതി എന്നിവയ്ക്ക് മീഡിയന്‍ നാഡിസംവേദനക്ഷമത നല്‍കുന്നു. കനാലിന്റെ വലുപ്പം കുറയുകയോ അല്ലെങ്കില്‍ ഫ്‌ലെക്സര്‍ റ്റെന്റനുകള്‍ക്കു ചുറ്റുമുള്ള ലൂബ്രിക്കേഷന്‍ ടിഷ്യുവിന്റെ വീക്കത്തിന്റെ വലുപ്പം കൂടുകയോ ചെയ്യുക വഴി മീഡിയന്‍ നാഡിക്കു കംപ്രഷന്‍ സംഭവിക്കുന്നു.

കാര്‍പല്‍ ടണല്‍ എന്‍ട്രാപ്മെന്റ് സിന്‍ഡ്രോമിന്റെ മുഖമുദ്രയായ ന്യൂറോപതിക് ലക്ഷണങ്ങള്‍ ആയ തള്ളവിരല്‍, ചൂണ്ടുവിരല്‍, മോതിരവിരലിന്റെ പകുതി എന്നിവയില്‍ മരവിപ്പ്, തരിപ്പ് അല്ലെങ്കില്‍ കത്തുന്ന സംവേദനങ്ങള്‍ എന്നിവ രോഗിക്ക് അനുഭവപ്പെടുന്നു. ചികിത്സിച്ചില്ലെങ്കില്‍ കൈയുടെ പേശികളില്‍ ബലഹീനതയും അട്രോഫിയും സംഭവിച്ചെന്ന് വരാം.

CTS – ന്റെ മിക്ക കേസുകളുടെയും കാരണങ്ങള്‍ അജ്ഞാതമാണ്. അമിതവണ്ണം, ഗര്‍ഭനിരോധന മരുന്നുകളുടെ ഉപയോഗം, ഹൈപ്പോതൈറോയ്ഡിസം, സന്ധിവാതം, പ്രമേഹം, ആഘാതം എന്നിവ ഉള്‍പ്പെടുന്ന കൈത്തണ്ടയിലെ മീഡിയന്‍ ഞരമ്പില്‍ സമ്മര്‍ദം ചെലുത്തുന്ന ഏത് അവസ്ഥയുമായും കാര്‍പല്‍ ടണല്‍ സിന്‍ഡ്രോം ബന്ധപ്പെട്ടിരിക്കുന്നു. കംപ്യൂട്ടറില്‍ നിരന്തരമായി ജോലി ചെയ്യുക, അല്ലെങ്കില്‍ അമിതമായ ബലം, വൈബ്രേഷന്‍ എന്നിവ നേരിടേണ്ടി വരുന്നതും കാരണമാവാം.

കാർപൽ ടണൽ സിൻഡ്രോം ഉണ്ടാകാന്‍ സാധ്യതയുളള ജോലികൾ

 • ധാരാളം ടൈപ്പിങ് ആവശ്യമുള്ള ഓഫിസ് ജോലികള്‍
 • ധാരാളം കീബോര്‍ഡിങ് അല്ലെങ്കില്‍ ഡേറ്റ എന്‍ട്രി ആവശ്യമായ സാങ്കേതിക ജോലികള്‍
 • നിര്‍മാണ പ്ലാന്റ് അസംബ്ലി ലൈന്‍ തൊഴിലാളികള്‍
 • ക്ലീനിങ് പ്രൊഫഷണലുകള്‍
 • ചിത്രകാരന്മാര്‍
 • നിര്‍മാണത്തൊഴിലാളികള്‍ മുഖ്യമായും കൈയില്‍ ചുറ്റികയും കൈത്തണ്ടയില്‍ വൈബ്രേറ്റ് ചെയ്യുന്ന മറ്റ് ഉപകരണങ്ങളും ഉപയോഗിക്കുന്നവര്‍.

ഒരു വ്യക്തിയുടെ മെഡിക്കല്‍ പശ്ചാത്തലത്തിന്റെയും ശാരീരിക പരിശോധനയുടെയും അടിസ്ഥാനത്തില്‍ നോക്കുകയാണെങ്കില്‍ CTS – ബാധിതരായ വ്യക്തികള്‍ക്ക് നാഡീ ചാലക പഠനങ്ങളും ഇലക്ട്രോമിയോഗ്രാഫിയും ഉപയോഗിച്ച് ഇലക്ട്രോ ഡയഗ്‌നോസ്റ്റിക് പരിശോധനകള്‍ നടത്താവുന്നതാണ്. ഇലക്ട്രോ ഡയഗ്‌നോസ്റ്റിക് ടെസ്റ്റിങ് എന്നത് മീഡിയന്‍ നാഡിയിലെ ചാലക വേഗതയെ കൈയ്യില്‍ വിതരണം ചെയ്യുന്ന മറ്റ് ഞരമ്പുകളിലെ ചാലകവുമായി താരതമ്യം ചെയ്യുക എന്നതാണ്. CTS ലെ പോലെ മീഡിയന്‍ നാഡി കംപ്രസ് ചെയ്യുമ്പോള്‍ അത് മറ്റ് ഞരമ്പുകളെ അപേക്ഷിച്ച് പ്രവര്‍ത്തനം കുറയുന്നു

കാര്‍പല്‍ ടണല്‍ സിന്‍ഡ്രോം ചികിത്സകള്‍

 • കാര്‍പല്‍ ടണല്‍ സിന്‍ഡ്രോം തടയാന്‍ സഹായിക്കുന്ന മാര്‍ഗങ്ങളായി ബി വൈറ്റമിനുകള്‍, ചില ആന്റി ഡിപ്രസന്റ് മരുന്നുകള്‍ നിര്‍ദ്ദേശിക്കപ്പെട്ടിട്ടുണ്ട്.
 • ഒമേഗ-3 ഫാറ്റി ആസിഡുകള്‍ പോലെയുള്ള മരുന്നുകള്‍ എടുക്കുക തുടങ്ങിയ ആരോഗ്യകരമായ ശീലങ്ങള്‍ പരിശീലിക്കുക.
 • സ്റ്റിറോയിഡുകള്‍ ഒന്നുകില്‍ വായിലൂടെയോ അല്ലെങ്കില്‍ പ്രാദേശികമായി കുത്തിവയ്ക്കുകയോ ചെയ്യുക
 • പ്രമേഹം, ഹൈപ്പോതൈറോയ്ഡിസം, പോളിന്യൂറോപ്പതി, റൂമറ്റോയ്ഡ് ആര്‍ത്രൈറ്റിസ് തുടങ്ങിയവ അത്യധികം മുന്‍കരുതലോടെ കൈകാര്യം ചെയ്യേണ്ടതുണ്ട്.
 • തിരശ്ചീന കാര്‍പല്‍ ലിഗമെന്റിന്റെ കംപ്രഷന്‍, ശസ്ത്രക്രിയയിലൂടെ റിലീസ് ചെയ്യുക.

നിരന്തരമായ അല്ലെങ്കില്‍ സ്ഥിരമായ മരവിപ്പ്, പേശി ബലഹീനത, അല്ലെങ്കില്‍ അട്രോഫി എന്നിവ ഉണ്ടാകുമ്പോള്‍, നൈറ്റ് സ്പ്ലിന്റ് ഇടയ്ക്കിടെയുള്ള ലക്ഷണങ്ങളെ നിയന്ത്രിക്കുന്നില്ലെങ്കില്‍ ശസ്ത്രക്രിയ ചെയ്യേണ്ടതായി വരുന്നു.

തിരശ്ചീന കാര്‍പല്‍ ലിഗമെന്റിന്റെ റിലീസ് ‘കാര്‍പല്‍ടണല്‍ റിലീസ്’ ശസ്ത്രക്രിയ എന്നാണ് അറിയപ്പെടുന്നത്. കൃത്യസമയത്ത് ചെയ്താല്‍ കാര്‍പല്‍ ടണല്‍ റിലീസിന്റെ വിജയ നിരക്ക് 95%-ല്‍ കൂടുതലാണ്.

പരിഹാരമാര്‍ഗ്ഗങ്ങള്‍

 • ആവര്‍ത്തിച്ചുള്ള സമ്മര്‍ദം ഒഴിവാക്കുക.
 • എര്‍ഗണോമിക് ഉപകരണങ്ങളുടെ ഉപയോഗം (റിസ്റ്റ് റെസ്റ്റ്, മൗസ് പാഡ്) ഒരു പതിവാക്കുക.
 • ജോലിക്കിടയില്‍ ശരിയായ ഇടവേളകള്‍ എടുക്കുക.
 • കീബോര്‍ഡ് ഇതരമാര്‍ഗങ്ങള്‍, അതായതു ഡിജിറ്റല്‍ പേന, വോയ്‌സ് റെക്കഗ്‌നിഷന്‍, ഡിക്‌റ്റേഷന്‍ എന്നിവ ഉപയോഗിച്ച് ജോലിയില്‍ മാറ്റം വരുത്തുക.

എപ്പോഴും ഓര്‍ക്കുക, പ്രാരംഭ ഘട്ടത്തില്‍ ശരിയായതും ശാസ്ത്രീയവുമായ ചികിത്സ മികച്ച ഫലം നല്‍കുന്നു.

ഗുണമേന്മയേറിയ ഭക്ഷണശാല, മൊബൈല്‍ ആപ്പുമായി സംസ്ഥാന സര്‍ക്കാര്‍

കോവിഡ് വന്നുപോയവരില്‍ ദീര്‍ഘകാലത്തേയ്ക്ക് കണ്ടുവരുന്ന ആരോഗ്യപ്രശ്‌നങ്ങള്‍