പുണെ: പുതുതായി ആറുപേര്‍ക്കു കൂടി ഗിയാന്‍ ബാരി സിന്‍ഡ്രം ബാധിച്ചതോടെ പൂണെയില്‍ രോഗ ബാധിതരുടെ എണ്ണം 73 ആയി. നാഡീ വ്യൂഹത്തെ തളര്‍ത്തുന്ന അപൂര്‍വരോഗം കൂടുതല്‍ ആളുകളില്‍ കണ്ടുതുടങ്ങിയതോടെ ആരോഗ്യ വകുപ്പ് അധികൃതരടക്കമുള്ളവര്‍ ആശങ്കയിലാണ്. രോഗത്തിന്റെ പെട്ടെന്നുള്ള വര്‍ധന അന്വേഷിക്കാന്‍ സംസ്ഥാന ആരോഗ്യവകുപ്പ് പ്രത്യേക സംഘത്തെ തന്നെ നിയോഗിച്ചിട്ടുണ്ട്. കേന്ദ്രസംഘവും പുണെയിലെത്തി. പുണെ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ ആരോഗ്യവിഭാഗം രോഗബാധിതരായവരില്‍നിന്ന് ശേഖരിച്ച സാംപിളുകള്‍ വിദഗ്ധ പിശോധനയ്ക്കയച്ചിട്ടുണ്ട്.
വെള്ളിയാഴ്ചവരെയുള്ള രോഗികളുടെ കണക്കാണ് 73. ഇതില്‍ 47 പുരുഷന്‍മാരും 26 സ്ത്രീകളുമാണ്. 14 പേര്‍ വെന്റിലേറ്റര്‍ സപ്പോര്‍ട്ടിലാണ് ജീവന്‍ നിലനിര്‍ത്തുന്നതെന്നും ആരോഗ്യവകുപ്പധികൃതര്‍ പി.ടി.ഐ വാര്‍ത്താ ഏജന്‍സിയോട് പ്രതികരിച്ചു. ഗിയാന്‍ ബാരി സിന്‍ഡ്രം ബാധിച്ച് മരണമുണ്ടതായി കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ വന്നിരുന്നുവെങ്കിലും അത് ശരിയല്ലെന്നും ഇതുവരെ രോഗം ബാധിച്ചുള്ള മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. രോഗം കൂടുതല്‍ ആളുകളിലേക്ക് പടരാന്‍ തുടങ്ങിയതോടെ വീടുകള്‍ കേന്ദ്രീകരിച്ചുള്ള പരിശോധനകള്‍ക്കും ബോധവത്കരണ പരിപാടികള്‍ക്കും ആരോഗ്യ വകുപ്പ് പ്രത്യേക ദ്രുതകര്‍മ സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. രണ്ട് ദിവസത്തിനുള്ളില്‍ 7215 വീടുകളില്‍ പരിശോധന നടത്തി. പുണെ മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ 1943 വീടുകള്‍, ചിഞ്ച്‌വാഡ് നഗരസഭാ പരിധിയിലെ 1750 വീടുകള്‍, ജില്ലകളിലെ ്ഗ്രാമീണ മേഖലയിലെ 3522 വീടുകള്‍ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. കേന്ദ്രം ആരോഗ്യ വിദഗ്ധരുടെ പ്രത്യേക സംഘവും പൂണെയിലുണ്ട്.
നഗരത്തിലെ സിംഘഡ് റോഡ് പ്രദേശത്താണ് രോഗികളില്‍ ഭൂരിഭാഗവുമെന്ന് നഗരസഭാധികൃതര്‍ അറിയിച്ചു. പെട്ടെന്ന് മരവിപ്പും പേശികള്‍ക്ക് ബലക്കുറവുമുണ്ടാകുന്ന അപൂര്‍വരോഗമാണ് ഗിയാന്‍ ബാരി സിന്‍ഡ്രം( ജി.ബി.എസ്) കൈകാലുകള്‍ക്ക് കടുത്ത തളര്‍ച്ച അനുഭവപ്പെടുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. രോഗം ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ ബാധിക്കുകയും ഞരമ്പുകളെ അക്രമിക്കുകയും പെട്ടെന്ന് പേശികളുടെ ബലഹീനതയിലേക്കും മരവിപ്പിലേക്കും ഗിയാന്‍ ബാരി സിന്‍ഡ്രം നയിക്കുമെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്. 1916 ല്‍ ഫ്രഞ്ജ് ന്യൂയോ വിദഗ്ധരായ ഡോ.ജോര്‍ജസ് ഗിയാനും ജീന്‍ അലക്‌സാണ്ടര്‍ ബാരെയുമാണ് ഗിയാന്‍ ബാരി സിന്‍ഡ്രം ആദ്യം കണ്ടുപിടിച്ചത്. രോഗത്തിന്റെ യഥാര്‍ഥ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ലെങ്കിലും ഏതെങ്കിലും വാക്‌സിനേഷനിലൂടെയോ ശസ്ത്രക്രിയയിലൂടെയോ ഉണ്ടാവുന്ന ബാക്ടീരിയ വൈറസ് ബാധ രോഗത്തിലേക്ക് നയിക്കാമെന്നാണ് വിലയിരുത്തപ്പെടുന്നത്. രോഗം രാജ്യത്ത് നേരത്തെയും റിപ്പോര്‍ട്ട് ചെയ്തതായി ഡോ. പുണെയിലെ അടിയന്തര മെഡിക്കല്‍ വിഭാഗം ഡോ. പത്മനാഭ് കേസ്‌കാര്‍ പറഞ്ഞു.
നഗരത്തിലെ ആറ് ആശുപത്രികളിലായിട്ടാണ് ജി.ബി.എസ്. കേസ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതെന്ന് നഗരസഭ അറിയിച്ചു. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ (എന്‍.ഐ.വി.) ശാസ്ത്രജ്ഞന്‍ ഡോ. ബാബാ സാഹേബ് തണ്ടാലെ, ഹെല്‍ത്ത് സര്‍വീസസ് ജോയിന്റ് ഡയറക്ടര്‍ ഡോ. പ്രേംചന്ദ് കാംബാലെ, ബി.ജെ. മെഡിക്കല്‍ കോളേജിലെ മൈക്രോ ബയോളജി വിഭാഗം എച്ച്.ഒ.ഡി. ഡോ. രാജേഷ് കാര്യേകാര്‍ട്ടെ, സംസ്ഥാന എപ്പിഡെമിയോളജിസ്റ്റ് ഡോ. ഭാല്‍ചന്ദ്ര പ്രധാന്‍ തുടങ്ങിയവരാണ് വിദഗ്ധ സമിതിയിലുള്ളത്.
ലക്ഷണങ്ങള്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂറോളജിക്കല്‍ ഡിസോര്‍ഡേഴ്സ് ആന്റ് സ്ട്രോക്ക് പറയുന്നത് പ്രകാരം ഗിയാന്‍ ബാരി സിന്‍ഡ്രോമിന്റെ പ്രധാന ലക്ഷണങ്ങളിലൊന്ന് അമിതമായ തളര്‍ച്ചയാണ്. പടികളും മറ്റും കയറുമ്പോള്‍ ഇത് കൂടുതലായിരിക്കും. ഞരമ്പുകള്‍ ക്ഷയിക്കുന്നതിന്റെ ഭാഗമായി ശരീരത്തില്‍ നിന്ന് മസ്തിഷ്‌കത്തിലേക്ക് അസാധാരണമായ സിഗ്‌നലുകള്‍ ലഭിക്കും. paresthesisa എന്നാണ് ഈ അവസ്ഥയെ പറയുന്നത്. ഈ അവസ്ഥയില്‍ ചര്‍മത്തിനടിയില്‍ തരിപ്പും തുടിപ്പുമൊക്കെ അനുഭവപ്പെടാം. കണ്ണിന്റെ പേശികള്‍ക്ക് തകരാര്‍ വരിക, കാഴ്ച്ചയ്ക്ക് ബുദ്ധിമുട്ട്, ഭക്ഷണം വിഴുങ്ങാനും ചവയ്ക്കാനും സംസാരിക്കാനുമുള്ള ബുദ്ധിമുട്ട്, കൈകളിലും കാലുകളിലും സൂചികുത്തുന്നതു പോലുള്ള വേദന, ശരീരമാകെ, പ്രത്യേകിച്ച് രാത്രിസമയങ്ങളില്‍ ഉള്ള കടുത്ത വേദന, ആശയക്കുഴപ്പം നേരിടുക, അസാധാരണമായ ഹൃദയമിടിപ്പും രക്തസമ്മര്‍ദവും ദഹനക്കുറവും, മൂത്രം നിയന്ത്രിക്കാന്‍ കഴിയാതിരിക്കും തുടങ്ങിയവയൊക്കെ ലക്ഷണങ്ങളില്‍ പെടുന്നു.
ചികിത്സ ഗിയാന്‍ ബാരി സിന്‍ഡ്രോമിനുള്ള യഥാര്‍ഥ ചികിത്സ ഇതുവരെ ലഭ്യമായിട്ടില്ല. രോഗത്തിന്റെ തീവ്രത കുറച്ച് മുക്തി ലഭ്യമാക്കുന്ന ചികിത്സയാണ് നല്‍കുക. ഇന്‍ട്രാവെനസ് ഇമ്യൂണോഗ്ലോബിന്‍ ആണ് പ്രധാന ചികിത്സ. പ്ലാസ്മാ എക്സ്ചേഞ്ച് തെറാപ്പിയും ചെയ്യാറുണ്ട്. മിക്ക രോഗികളും ഏതാനും മാസങ്ങള്‍ക്കുള്ളില്‍ രോഗമുക്തി നേടാറുണ്ട്. ചിലരില്‍ ലക്ഷണങ്ങള്‍ വീണ്ടും നീണ്ടുപോയേക്കാം.